Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 ഭീകര സംഘടനകൾക്കെതിരെ നടപടിയെടുക്കൂ; പാക്കിസ്ഥാനോട് യുഎസ്

Terrorist

ഇസ്‍‍ലാമാബാദ്∙ ഭീകരവാദത്തിന്റെ വളക്കൂറുള്ള മണ്ണാണ് പാക്കിസ്ഥാൻ എന്നതിനു തെളിവുമായി വീണ്ടും യുഎസ്. ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നതടക്കം പാക്കിസ്ഥാനിലെ 20 ഭീകര സംഘടനകളുടെ പട്ടിക യുഎസ് പാക്കിസ്ഥാനു കൈമാറി. പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ആരോപണങ്ങൾക്കും ബലം പകരുന്നതാണ് യുഎസ് നീക്കം.

ഹഖാനി നെറ്റ്‍‌വർക്കാണ് പട്ടികയിൽ ഒന്നാമത്. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹർക്കത്തുൽ മുജാഹിദീൻ തുടങ്ങിയ ഭീകരഗ്രൂപ്പുകളും പട്ടികയിലുണ്ട്. മൂന്നുതരം ഭീകരസംഘടനകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തുന്നവർ, പാക്കിസ്ഥാനെ ലക്ഷ്യമിടുന്നവർ, കശ്മീരിൽ ആക്രമണം ആസൂത്രണം ചെയ്യുന്നവർ എന്നിങ്ങനെയാണ് സംഘടനകളെ തിരിച്ചിരിക്കുന്നതെന്നു ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാൻ കേന്ദ്രമാക്കിയ ഹഖാനി നെറ്റ്‍വർക്ക് അഫ്ഗാനിസ്ഥാന് എതിരായാണ് പ്രവർത്തിക്കുന്നത്. ഹർക്കത്തുൽ മുജാഹിദീൻ, ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ എന്നിവർ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടാണ് പ്രവർത്തനം. കശ്മീർ‌ കേന്ദ്രീകരിക്കുന്ന ഹർക്കത്തുൽ മുജാഹിദീന് ഉസാമ ബിൻ ലാദന്റെ അൽ ഖായിദയുമായി നല്ല ബന്ധമുണ്ട്. കശ്മീർ തന്നെയാണ് ജയ്ഷെയുടെയും മുഖ്യകേന്ദ്രം.

ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും സജീവവുമായ ഭീകരസംഘടനയായി യുഎസ് വിലയിരുത്തുന്നത് ലഷ്കറെ തയിബയെയാണ്. 1987ൽ ഹാഫിസ് സയീദ്, അബ്ദുല്ല അസാം, സഫർ ഇക്ബാൽ എന്നിവർ അഫ്ഗാനിസ്ഥാനിൽ സ്ഥാപിച്ചതാണ് ലഷ്കറെ തയിബ. പഞ്ചാബ് പ്രവിശ്യയിലെ മുറിദ്കേ ആണ് ആസ്ഥാനം. കശ്മീരിനെയും ഇവർ ലക്ഷ്യമിടുന്നു. 2001ലെ പാർലമെന്റ് ആക്രമണത്തിലും 2008ലെ മുംബൈ ഭീകരാക്രമണത്തിലും ലഷ്കറിന് പങ്കുണ്ട്.

പാക്കിസ്ഥാനിലെ ആസൂത്രിത കൊലപാതകങ്ങളിലും വലിയ ഭീകരാക്രമണങ്ങളിലും ലഷ്കറിന്റെ കൈകളുണ്ട്. തെഹ്‌രീക് താലിബാന്റെ (ടിടിപി) കീഴിൽ നിരവധി ചെറുസംഘങ്ങളുണ്ട്. ഇപ്പോൾ അഫ്ഗാനിസ്ഥാനാണ് ടിടിപിയുടെ പ്രവർത്തന കേന്ദ്രം. അഫ്ഗാനിലെ നാറ്റോ സേനയ്ക്കെതിരെയും പാക്കിസ്ഥാനുള്ളിലും ഇവർ ആക്രമണങ്ങൾ നടത്തുന്നു. ഹർക്കത്തുൽ ജിഹാദി ഇസ്‍ലാമി, ജമാത്തുൽ അഹ്‍രർ, ജമാത്തുദ് ദവ അൽ–ഖുറാൻ, തരീഖ് ഗിദാർ ഗ്രൂപ്പ് തുടങ്ങിവയവയാണ് മറ്റ് സംഘടനകൾ. തരീഖ് ഗിദാറാണ് പെഷവാർ സൈനിക സ്കൂളിൽ 132 വിദ്യാർഥികളുടെ മരണത്തിനിടയാക്കായ ഭീകരാക്രമണം നടത്തിയത്.

വിശദാംശങ്ങളോടെയും തെളിവുകളോടെയുമാണ് ഭീകരസംഘടനകളുടെ പട്ടിക യുഎസ് നൽകിയിട്ടുള്ളത്. നടപടിയെടുക്കാതിരിക്കാൻ പാക്കിസ്ഥാൻ സാധിക്കില്ലെന്നും രാജ്യാന്തര സമ്മർദമുണ്ടാകുമെന്നും യുഎസ് കണക്കുകൂട്ടുന്നു. ഭീകരർക്കു താവളമൊരുക്കുന്ന പാക്കിസ്ഥാനെതിരെ ദക്ഷിണേഷ്യൻ നയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമായാണ് വിമർശിച്ചത്. ഇസ്‍ലാമാബാദ് സന്ദർശിച്ചപ്പോൾ‌ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സൺ 75 ഭീകരരുടെ പട്ടിക കൈമാറിയതായും സൂചനയുണ്ട്. ഇന്ത്യയിൽ വന്നപ്പോഴും പാക്കിസ്ഥാനെതിരെ ടിലേഴ്സൺ സംസാരിച്ചിരുന്നു.