Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്ത് സ്ത്രീസുരക്ഷയിൽ ഗോവ ഒന്നാമത്, കേരളം തൊട്ടുപിന്നിൽ

India Women

ന്യൂഡല്‍ഹി∙ രാജ്യത്ത് സ്ത്രീസുരക്ഷയിൽ ഗോവ ഒന്നാമത്. സ്ത്രീകള്‍ക്കു സുരക്ഷിതമായി ജീവിക്കാനും സഞ്ചരിക്കാനും കഴിയുന്ന സ്ഥലങ്ങളില്‍ ഒന്നാം സ്ഥാനം ഗോവയ്ക്കാണെന്നു കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പു തയാറാക്കിയ റിപ്പോർട്ടിലാണുള്ളത്. പ്ലാന്‍ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ടാണ് കേന്ദ്രം പുറത്തുവിട്ടത്.

സ്ത്രീസുരക്ഷയില്‍ കേരളത്തിനാണ് രണ്ടാം സ്ഥാനം. മിസോറം, സിക്കിം, മണിപ്പുര്‍ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ബിഹാറാണ് സ്ത്രീസുരക്ഷയിൽ ഏറ്റവും പിന്നിൽ. ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിൽ കാര്യങ്ങൾ ഒട്ടും ആശാവഹമല്ല. ആദ്യമായാണ് ജൻഡർ വൾനറബിലിറ്റി ഇൻഡക്സ് (ജിവിഐ) റിപ്പോര്‍ട്ട് തയാറാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, ആക്രമണത്തിൽ നിന്നുള്ള സംരക്ഷണം എന്നീ നാലു മാനദണ്ഡങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.

ഗോവയ്ക്ക് 0.656 പോയിന്റ് കിട്ടിയപ്പോൾ ദേശീയ ശരാശരി അതിലും താഴെയാണ്– 0.5314. സംരക്ഷണത്തിൽ ഒന്നാമതും വിദ്യാഭ്യാസത്തിൽ അഞ്ചാമതും ആരോഗ്യത്തിലും അതിജീവനത്തിലും ആറാമതും ദാരിദ്ര്യത്തിൽ എട്ടാമതുമാണ് ഗോവ. രണ്ടാമതെത്തിയ കേരളത്തിനു 0.634 പോയിന്റ് കിട്ടി. രാജ്യതലസ്ഥാനമായ ഡൽഹി 0.436 പോയിന്റുമായി 28–ാം സ്ഥാനത്താണ്. ഏറ്റവും പിൻനിരയിലായ ബിഹാറിന് കിട്ടിയതാകട്ടെ 0.410 പോയിന്റും.

ദാരിദ്ര്യമൊഴികെ മറ്റെല്ലാം മേഖലകളിലും സിക്കിം (നാല്), പ‍ഞ്ചാബ് (എട്ട്) സംസ്ഥാനങ്ങൾ ഉയർ‌ന്ന സ്കോർ നേടി. വിദ്യാഭ്യാസം, സംരക്ഷണം എന്നിവയിലെ മോശം പ്രകടനമാണ് ഡൽഹിക്കു തിരിച്ചടിയായത്. ജാർഖണ്ഡ് (27), ഉത്തർ പ്രദേശ് (29), ബിഹാർ (30) എന്നിവരാണ് ഏറ്റവും പിന്നിൽ.

related stories