Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെക്കൻ കശ്മീരിൽ തീവ്രവാദികളെ തച്ചുതകർത്ത് ഇന്ത്യൻ സൈന്യത്തിന്റെ മുന്നേറ്റം

indian-army-file-pic ഇന്ത്യൻ സൈനികൻ (ഫയൽ ചിത്രം)

ശ്രീനഗർ∙ കഴിഞ്ഞ ആറു മാസത്തിനിടെ തെക്കൻ കശ്മീരിൽ സൈന്യം കൊലപ്പെടുത്തിയത് 80 തീവ്രവാദികളെ. തീവ്രവാദ സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്നവർ ഉൾപ്പെടെയാണ് സൈന്യത്തിന്റെ തോക്കിനിരയായത്.

നൂറിലേറെ തീവ്രവാദികൾ മേഖലയിൽ ഇപ്പോഴും സജീവമാണ്. ഇവരിൽ പതിനഞ്ചോളം പേർ വിദേശ തീവ്രവാദികളാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. തീവ്രവാദികൾക്കെതിരെയുള്ള നടപടികൾ തുടരും. അവർ എണ്ണത്തിൽ കുറയുന്നതിനനുസരിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും സൈന്യത്തിന്റെ വിക്ടർ ഫോഴ്സ് വിഭാഗം ജനറൽ കമാൻഡിങ് ഓഫിസർ മേജർ ജനറൽ ബി.എസ്.രാജു അറിയിച്ചു.

തെക്കൻ കശ്മീരിലെ സാഹചര്യങ്ങൾ നിലവിൽ മെച്ചപ്പെട്ടിട്ടുണ്ട്. കല്ലേറു സംഭവങ്ങള്‍ കുറഞ്ഞു. ഇടയ്ക്കിടെ തീവ്രവാദികൾ ഇളക്കിവിടുന്ന സംഘർഷങ്ങളിലും കുറവുണ്ടായിട്ടുണ്ട്. മഞ്ഞുകാലം തുടങ്ങിയ സാഹചര്യത്തിൽ ആക്രമണങ്ങൾക്കു സാധ്യതയേറെയാണ്. ഈ സാഹചര്യത്തിൽ തീവ്രവാദികൾക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ജയ്ഷെ– മുഹമ്മദിന്റെ സാന്നിധ്യം തുടക്കത്തിൽത്തന്നെ തകർക്കാനാണു നീക്കം. അതേസമയം, തീവ്രവാദ സംഘടനകളിലേക്ക് പുതുതായി നടക്കുന്ന റിക്രൂട്മെന്റുകൾ ആശങ്കയുളവാക്കുന്നതാണ്. ഇക്കാര്യത്തിൽ പ്രദേശവാസികൾ ഉൾപ്പെടെ മുൻകരുതലെടുക്കണം. തെറ്റായ സന്ദേശങ്ങൾ വിദ്യാർഥികളിലേക്ക് എത്താതിരിക്കാൻ വിദ്യാലയങ്ങളിലും ശ്രമങ്ങളുണ്ടാകണം.

യുവാക്കളെ ഉൾപ്പെടെ ‘പിണക്കുന്ന’ വിധം സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് നീക്കങ്ങളുണ്ടാകരുതെന്നും രാജു മുന്നറിയിപ്പു നൽകി.