Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ ബന്ധിപ്പിച്ചവർക്ക് ഓൺലൈനായി മാസം 12 ട്രെയിൻ ടിക്കറ്റ് ബുക്കുചെയ്യാം

Indian Railway Train

ന്യൂഡൽഹി ∙ ഐആർസിടിസി അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിച്ചവർക്ക് ഒരു മാസം ബുക്കു ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേയുടെ പുതിയ ‘പരീക്ഷണം’. റെയിൽവേയുടെ ഐആർസിടിസി വെബ്സൈറ്റിൽ ഓൺലൈൻ ബുക്കിങ്ങിനായുള്ള അക്കൗണ്ടിൽ ആധാർ വിവരങ്ങൾ ചേർത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതുവരെ പ്രതിമാസം ആറു ടിക്കറ്റുകൾ മാത്രമേ ഒരു അക്കൗണ്ടിൽനിന്ന് ബുക്കു ചെയ്യുവാൻ സാധിക്കുമായിരുന്നുള്ളൂ. പുതിയ പ്രഖ്യാപനത്തോടെ അക്കൗണ്ടിൽ ആധാർ വിവരങ്ങൾ ചേർത്തവർക്ക് പ്രതിമാസം 12 ടിക്കറ്റുകൾ വരെ ബുക്കു ചെയ്യാം.

പുതിയ തീരുമാനം ഒക്ടോബർ 26 മുതൽ പ്രാബല്യത്തിലായതായാണ് അറിയിപ്പ്. ട്രെയിൻ യാത്രക്കാരെ റെയിൽവേ അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിനാണു പ്രതിമാസം ബുക്കു ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം നേരെ ഇരട്ടിയാക്കി വർധിപ്പിച്ചുകൊണ്ടുള്ള പുതിയ നീക്കം.

അതേസമയം, ഐആർസിടിസി അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് തുടർന്നും പ്രതിമാസം ആറു ടിക്കറ്റു വരെ ബുക്കു ചെയ്യാൻ തടസ്സമുണ്ടാകില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ബുക്കു ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം ആറിൽ കൂടിയാൽ തുടർന്നുള്ള ഓരോ ടിക്കറ്റിനും അക്കൗണ്ട് ഉടമയുടെയും യാത്ര ചെയ്യുന്ന മറ്റൊരാളുടെയും ആധാർ നമ്പർ കൂടി നൽകണം.

ഐആർസിടിസി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഓൺലൈനായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി അക്കൗണ്ടിലെ ‘മൈ പ്രൊഫൈൽ’  തുറന്ന് ‘ആധാർ കെവൈസി’ എന്ന ഓപ്ഷനാണ് ഉപയോഗിക്കേണ്ടത്.

വിവിധ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഐആർസിടിസി അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി കഴിഞ്ഞ ഡിസംബറിൽ റെയിൽവേ മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചിരുന്നു. 2017 ഏപ്രിൽ ഒന്നിനു മുന്നോടിയായി അക്കൗണ്ടും ആധാറും ബന്ധിപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്നതോടെ റെയിൽവേ ഈ ഉത്തരവു പിൻവലിച്ചു.

റെയിൽവേയുടെ ചട്ടമനുസരിച്ച് ഒരു ജനറൽ ടിക്കറ്റിൽ പരമാവധി ആറു യാത്രക്കാർക്കു വരെ സഞ്ചരിക്കാം. അതേസമയം, തത്‌കാൽ ടിക്കറ്റാണെങ്കിൽ പരമാവധി നാലു പേർക്കേ ഒരു ടിക്കറ്റിൽ സഞ്ചരിക്കാനാകൂ.