Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയ ഭീകരതയുടെ സ്പോൺസർ രാജ്യം: പ്രഖ്യാപനം ഉടനെന്ന് യുഎസ്

Kim Jong Un

വാഷിങ്ടൻ∙ ഉത്തര കൊറിയയ്ക്കെതിരായ നീക്കങ്ങൾ ശക്തമാക്കി യുഎസ്. ഭീകരവാദത്തിന്റെ സ്പോൺസർ രാജ്യമായി ഉത്തര കൊറിയയെ പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഉത്തര കൊറിയയെ നേരിടേണ്ടതിനെക്കുറിച്ചുള്ള തന്ത്രങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാബിനറ്റ് തീരുമാനമെടുക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആർ.മക്മാസ്റ്റർ പറഞ്ഞു.

സഹോദരൻ കിം ജോങ് നാമിനെ ‘വധിച്ച’ കിം ജോങ് ഉന്നിന്റെ നടപടിയെയും മക്മാസ്റ്റർ വിമർശിച്ചു. ഒരാളെ പൊതു വിമാനത്താവളത്തിൽ വച്ചു രാസവസ്തു ഉപയോഗിച്ചു കൊലപ്പെടുത്താൻ ഒരു ഭരണകൂടം തീരുമാനിക്കുക, സ്വേച്ഛാധിപതിയായ നേതാവ് സ്വന്തം സഹോദരനെ അങ്ങനെ വധിക്കുക തുടങ്ങിയ കാര്യങ്ങൾ ഭീകര പ്രവർത്തനത്തിന്റെ പരിധിയിൽപ്പെടുന്നതാണ്. ഉത്തര കൊറിയയെ ഭീകരവാദത്തിന്റെ സ്പോൺസർ രാജ്യമായി പ്രഖ്യാപിക്കുന്ന കാര്യം യുഎസിന്റെ പരിഗണനയിലാണ്. അതേക്കുറിച്ചു വലിയ താമസമില്ലാതെ നിങ്ങൾ കേൾക്കും.

ഇതു കൂടാതെ, ഉത്തര കൊറിയയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുകയാണ്. ചൈനയും ഇക്കാര്യത്തിൽ സഹകരിക്കുന്നുണ്ട്. ഉപഭൂഖണ്ഡം ആണവ വിമുക്തമാക്കുക എന്നതു ചൈനയുടെയും ആവശ്യമാണ്. ആണവ, മിസൈൽ സാങ്കേതിക വിദ്യയിൽ രാജ്യം ഇങ്ങനെ പുരോഗമിച്ചതെങ്ങനെയെന്ന് ഇപ്പോൾ കണ്ടെത്താൻ സമയമില്ല. വിഷയം പരിഹരിക്കുകയാണ് അത്യാവശ്യം.

യുഎസിനു മാത്രമല്ല ഉത്തര കൊറിയ ഭീഷണിയായിട്ടുള്ളത്. അതെല്ലാവരും മനസ്സിലാക്കണം, ചൈന പ്രത്യേകിച്ചും. ഉത്തര കൊറിയയും ലോകവും തമ്മിലാണു പ്രശ്നങ്ങളുള്ളത്. ഉപഭൂഖണ്ഡത്തെ ആണവ വിമുക്തമാക്കുക മാത്രമാണു പോംവഴിയെന്നു ലോകം അംഗീകരിക്കണം – മക്മാസ്റ്റർ കൂട്ടിച്ചേർത്തു.