Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമർശം; കമൽഹാസനെതിരെ യുപിയിൽ കേസ്

Kamal Haasan

ചെന്നൈ/വരാണസി ∙ ഹിന്ദു തീവ്രവാദം യാഥാർഥ്യമാണെന്ന നടൻ കമൽഹാസന്റെ പരാമർശത്തിനെതിരെ ഉത്തർപ്രദേശിൽ പൊലീസ് കേസ്. മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവന നടത്തിയതിന് സെക്ഷൻ 500, 511, 298, 295 എ, 505 സി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വരാണസി കോടതി കേസ് ശനിയാഴ്ച പരിഗണിക്കും.

ഹിന്ദു തീവ്രവാദം ഇന്നു യാഥാർഥ്യമാണ്. നേരത്തേ ഹിന്ദു ഗ്രൂപ്പുകൾ നേരിട്ട് അക്രമത്തിൽ പങ്കെടുക്കാറില്ലായിരുന്നു. വാദപ്രതിവാദങ്ങളിലൂടെ എതിരാളികളെ അക്രമത്തിനു പ്രേരിപ്പിക്കുകയായിരുന്നു പതിവ്. ആ തന്ത്രം പരാജയപ്പെട്ടതോടെ അവർ സംവാദം മാറ്റിവച്ച് കൈക്കരുത്ത് ഉപയോഗിച്ചു തുടങ്ങി. ഹിന്ദു തീവ്രവാദിയെ കാണിച്ചുതരാൻ കഴിയുമോയെന്ന് ഇപ്പോൾ വെല്ലുവിളിക്കാനാവില്ല. തീവ്രവാദം ആഴത്തിൽ വേരോടിയിട്ടുണ്ട്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലേക്കുള്ള മാറ്റം എല്ലാവരെയും സംസ്കാരമില്ലാത്തവരാക്കുമെന്നുമായിരുന്നു കമൽഹാസന്റെ പരാമർശം.

കമൽഹാസന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ നേരത്തെ രംഗത്തുവന്നിരുന്നു. തെളിവുകളൊന്നും ഇല്ലാതെ നടത്തുന്ന ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടന്റെ ഉത്തരവാദിത്തമില്ലായ്മയാണ് കാണിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. കമലിനു ബുദ്ധിസ്ഥിരതയില്ലെന്നും ചികിൽസിക്കണമെന്നും ബിജെപി നേതാവ് വിനയ് കട്യാർ പ്രതികരിച്ചു. കമ്യൂണിസ്റ്റുകാർക്കുവേണ്ടിയുള്ള പ്രചാരവേലയാണിതെന്നു സുബ്രഹ്മണ്യൻ സ്വാമി കുറ്റപ്പെടുത്തി.