Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈതാനത്ത് ഗംഭീറും റെയ്നയും ഇഷാന്തും; മൽസരത്തിനിടെ കാർ ഓടിച്ചു കയറ്റി യുവാവ്

Car-at-Ground രഞ്ജി ട്രോഫി മൽസരം നടക്കുന്നതിനിടെ കാർ ഓടിച്ച് മൈതാനത്ത് എത്തിയ യുവാവ്. പിന്നിൽ ഇതു നോക്കിനിൽക്കുന്ന ഇഷാന്ത് ശർമയെയും കാണാം. (ട്വിറ്റർ ചിത്രം)

ന്യൂഡൽഹി ∙ രഞ്ജി ട്രോഫി മൽസരം നടക്കുന്ന മൈതാനത്തിന്റെ മധ്യത്തിലേക്ക് കാർ ഓടിച്ചു കയറ്റി ‍ഡൽഹി സ്വദേശിയായ യുവാവിന്റെ ‘ഞെട്ടിക്കുന്ന’ പ്രകടനം. ഡൽഹിയും ഉത്തർപ്രദേശും തമ്മിൽ ഡൽഹി പാലം മൈതാനത്തു നടക്കുന്ന മൽസരത്തിനിടെയാണു സംഭവം. സുരേഷ് റെയ്ന, ഗൗതം ഗംഭീർ, ഇഷാന്ത് ശർമ, ഋഷഭ് പന്ത് തുടങ്ങിയ രാജ്യാന്തര താരങ്ങൾ കളത്തിൽ നിൽക്കെയായിരുന്നു ഇത്. രാജ്യാന്തര താരങ്ങൾ ഉൾപ്പെടെയുള്ളവർ കളിക്കുന്ന വേദിയിൽ നടന്ന സംഭവം വൻ സുരക്ഷാ വീഴ്ചയാണെന്ന വിലയിരുത്തലിലാണ് അധികൃതർ.

ഡൽഹി ബുദ്ധവിഹാർ സ്വദേശിയായ ഗിരീഷ് ശർമ എന്നയാളാണു മൽസരം നടക്കുന്നതിനിടെ വൈകിട്ട് 4.45ഓടെ ഗ്രൗണ്ടിനു നടുവിലേക്ക് ഒരു വാഗൺ ആർ കാറും ഓടിച്ചെത്തിയത്. മൽസരം അവസാനിക്കാൻ 20 മിനിറ്റു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഉത്തര്‍പ്രദേശ് താരങ്ങളായ അക്ഷ്ദീപ് നാഥ്, ഇംത്യാസ് അഹമ്മദ് എന്നിവരാണ് ഈ സമയത്ത് ക്രീസിലുണ്ടായിരുന്നത്. മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഡൽഹി താരങ്ങളും ഫീൽഡു ചെയ്യുന്നുണ്ടായിരുന്നു.

മൽസരം നടക്കുമ്പോൾ മൈതാനത്തേക്കുള്ള പ്രവേശനകവാടത്തിൽ സുരക്ഷാ ഭടന്മാരില്ലെന്നു കണ്ടതിനെ തുടർന്നാണു ഗിരീഷ് ശർമ വാഹനവുമായി ഗ്രൗണ്ടിലേക്കു വന്നത്. അമിത വേഗത്തിൽ മൈതാനത്തേക്കു വാഹനം കുതിച്ചെത്തുന്നതു കണ്ടു കളിക്കാരും കാണികളും അന്തിച്ചു പോയി. വാഹനം ഇടിക്കാതിരിക്കാൻ ഡൽഹി താരങ്ങൾ ഒഴിഞ്ഞുമാറുകയായിരുന്നു. ഡൽഹി താരം ഗൗതം ഗംഭീർ കഷ്ടിച്ചാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.

ഉടൻ തന്നെ പ്രവേശന കവാടം അടച്ച സുരക്ഷാ ഉദ്യോഗസ്ഥർ ഗിരീഷ് ശര്‍മയെ പിടികൂടുകയായിരുന്നു. ടാറ്റ കൺസൽറ്റൻസി സർവീസിന്റെ പാർലമെന്റ് സ്ട്രീറ്റ് ശാഖയിലാണ് താൻ ജോലി ചെയ്യുന്നതെന്നാണ് ഇയാളുടെ ഭാഷ്യം. കളിക്കാരെ പരിചയപ്പെടാനും പെട്ടെന്നു പ്രശസ്തനാകാനുമാണു മൈതാനത്തേക്ക് വാഹനം ഓടിച്ചുകയറ്റിയതെന്നും ഇയാൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പാലം എയർ ഫോഴ്സ് പൊലീസിനും അവർ ഡൽഹി പോലീസിനും കൈമാറി. സംഭവത്തെക്കുറിച്ച് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.