Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയൻ പ്രശ്നം ‘പരിഹരിക്കുമോ’? ഡോണൾഡ് ട്രംപ് ഏഷ്യയിലേക്ക്

Donald Trump ഏഷ്യൻ സന്ദർശനത്തിനു പുറപ്പെടും മുമ്പ് മാധ്യമങ്ങളെ കാണുന്ന ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഏഷ്യൻ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യാത്ര തിരിച്ചു. ട്രംപിന്റെ സന്ദർശനം സഖ്യകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും പുതിയ സഖ്യകക്ഷി ബന്ധം ഉണ്ടാക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജന. എച്ച്.ആർ. മക്മാസ്റ്റർ പറഞ്ഞു. 12 ദിവസം നീണ്ടുനിൽക്കുന്നതാണ് വിവിധ ഏഷ്യൻ രാജ്യങ്ങളിൽ ട്രംപ് നടത്തുന്ന സന്ദർശനം. ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ ട്രംപ് സന്ദർശിക്കും.

യുഎസ് പ്രസിഡന്റ് പദവിയിലെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ദീർഘദൂര യാത്ര മാത്രമല്ല ഇത്, 25 വർഷത്തിനിടയ്ക്ക് ഒരു യുഎസ് പ്രസിഡന്റ് ആദ്യമായാണ് ഇത്രയും ദിവസം നീണ്ടുനിൽക്കുന്ന ഏഷ്യൻ സന്ദർശനത്തിനിറങ്ങുന്നത്. ഇന്തോ – പസഫിക് മേഖലയോട് അമേരിക്കയ്ക്കുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഉത്തര കൊറിയയുടെ ആണവ ഭീഷണിയുൾപ്പെടെയുള്ള തന്ത്രപ്രധാനമായ വിഷയങ്ങളിൽ ട്രംപ് സജീവമായി ഇടപെട്ടിരുന്നു.

അധികാരമേറ്റെടുത്തതിനു പിന്നാലെ ഇന്തോ – പസഫിക് നേതാക്കളുമായി 43 ഫോൺ വിളികളാണ് ട്രംപ് നടത്തിയത്. ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ, ഓസ്ട്രേലിയ, മലേഷ്യ, വിയറ്റ്നാം, ഇന്തൊനീഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ തലവൻമാരെയാണ് ട്രംപ് ബന്ധപ്പെട്ടത്.

പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഈ സന്ദർശനത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. 1) ഉത്തര കൊറിയയെ ആണവ മുക്തമാക്കാൻ രാജ്യാന്തര പരിഹാരമുണ്ടാക്കുക, 2) ഇന്തോ – പസഫിക് മേഖല തുറന്നിടുക, 3) സാമ്പത്തിക, വ്യാപാര മേഖലകളിൽ അമേരിക്കൻ ഉന്നതി.