Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം സമരം പ്രദേശവാസികൾ പിൻവലിക്കും; നഷ്ടപരിഹാരം ഈ മാസം കൊടുക്കും

Vizhinjam Meeting

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണം തടസപ്പെടുത്തിയുള്ള സമരം പ്രദേശവാസികൾ പിന്‍വലിക്കും. തുറമുഖ നിര്‍മാണം തടസപ്പെടുത്തി വിഴിഞ്ഞത്ത് 11 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടർന്നാണ് തീരുമാനം. ആശാവഹമായ പുരോഗതി ചർച്ചയിലുണ്ടായെന്ന് എം.വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു.

ജില്ലാ കലക്ടർ കെ.വാസുകിയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം ഈ മാസം മുപ്പതിനകം കൊടുത്തു തീര്‍ക്കുമെന്നും ബാക്കി കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ഥിരം മേൽനോട്ട സമിതിക്ക് രൂപം നൽകാൻ ചർച്ചയിൽ ധാരണയായി. മരമടി തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര വിതരണം പുനഃരാരംഭിക്കുകയും ഈ മാസം മുപ്പതിനകം കൊടുത്തുതീർക്കുകയും ചെയ്യും. പത്തുദിവസത്തിനകം മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ലഭ്യത ഉറപ്പു വരുത്തുമെന്നും കലക്ടർ പറഞ്ഞു.

വിഴിഞ്ഞം പാരിഷ് കൗണ്‍സില്‍ പ്രസിഡന്‍റ് ഫാ. വില്‍ഫ്രഡ്, സെക്രട്ടറി ജോണി ഇസഹാക്ക് എന്നിവരുടെ നേതൃത്വത്തിൽ പത്തോളം പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ചര്‍ച്ചയിൽ പങ്കെടുത്തു. പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഒക്ടോബർ 24നാണ് വിഴിഞ്ഞം പാരിഷ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തി ഉപരോധ സമരം ആരംഭിച്ചത്.

30ന് ചര്‍ച്ച നടത്തുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ഇരിക്കാനാകൂവെന്ന് ജില്ലാ കലക്ടര്‍ നിലപാട് മാറ്റി. സമരം തുടര്‍ന്നാല്‍ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും വിവിധ ഭാഗങ്ങളിൽനിന്ന് സമ്മർദമുണ്ടാവുകയും ചെയ്തതോടെയാണ് സർക്കാർ ചർച്ചയ്ക്കു തയാറായത്.