Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുദ്ധസജ്ജരാകാൻ ചൈനീസ് സായുധ സൈന്യത്തിന് പ്രസിഡന്റ് ചിന്‍പിങ്ങിന്റെ നിർദേശം

xi-jinping-china ഷി ചിൻപിങ് (ഫയൽ ചിത്രം)

ബെയ്ജിങ് ∙ തിരിച്ചടിക്കാനുള്ള ശേഷി വർധിപ്പിച്ച് യുദ്ധസജ്ജരാകാൻ ചൈനീസ് സായുധ സൈന്യത്തിന് പ്രസിഡന്റ് ഷി ചിൻപിങ് വീണ്ടും നിർദേശം നൽകിയതായി റിപ്പോർട്ട്. പാർട്ടിയും ജനങ്ങളും ചൈനീസ് സായുധ സൈന്യത്തെ ഏൽപിച്ചിട്ടുള്ള പുതിയ കാലത്തിന്റെ ഉത്തരവാദിത്തങ്ങളും ദൗത്യങ്ങളും വിജയകരമായി പൂർത്തിയാക്കുന്നതിനും യുദ്ധങ്ങളിൽ ശക്തിയുക്തം പോരാടി വിജയം വരിക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി സെൻട്രൽ മിലിട്ടറി കമ്മിഷൻ മുന്നിലുണ്ടാകണമെന്ന് ഷി ചിൻപിങ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും സെൻട്രൽ മിലിട്ടറി കമ്മിഷൻ (സിഎംസി) ചെയർമാനുമായ ഷി ചിൻപിങ്, സെൻട്രൽ മിലിട്ടറി കമ്മിഷന്റെ അംഗങ്ങളുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ചൈനീസ് ദേശീയ മാധ്യമമായ സിൻഹുവായെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ സൈനികവിഭാഗമായ പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ)യുടെ ഉന്നതാധികാര സമിതിയാണ് സിഎംസി. ഏതാണ്ട് 23 ലക്ഷത്തോളം അംഗങ്ങളാണ് പിഎൽഎയിൽ ഉള്ളത്. ചൈനയുടെ അനിഷേധ്യ നേതാവായി ചിൻപിങ്ങിനെ വീണ്ടും പ്രതിഷ്ഠിച്ച് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്റെ പത്തൊൻപതാം സമ്മേളനം അവസാനിച്ചതിനു ശേഷം ഇതു രണ്ടാം തവണയാണ് യുദ്ധസജ്ജരാകാൻ സൈന്യത്തിന് അദ്ദേഹം നിർദ്ദേശം നൽകുന്നത്.

ചിൻപിങ്ങിന്റെ പേരും പ്രത്യയശാസ്ത്രവും ഉൾപ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാൻ അനുമതി നൽകിയ പത്തൊൻപതാം പാർട്ടി കോൺഗ്രസ്, അദ്ദേഹത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഷി ചിൻപിങ്ങിനെ പാർട്ടി സ്ഥാപകൻ മാവോ സെദുങ്ങിനും മറ്റൊരു പ്രമുഖ നേതാവ് ഡെങ് സിയാവോ പിങ്ങിനും തുല്യം ആദരണീയനാക്കി മാറ്റുന്നതാണു ഭരണഘടനാ ഭേദഗതി. മാവോയുടെയും ഡെങ്ങിന്റെയും പേരുകൾ മാത്രമായിരുന്നു ഇതുവരെ ഭരണഘടനയിലുണ്ടായിരുന്നത്. മുൻ നേതാക്കളായ ഹു ജിന്റാവോയുടെയും ജിയാങ് സെമിന്റെയും ദർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവരുടെ പേരു ഭരണഘടനയിലില്ല.

പുതിയ ഭേദഗതിയോടെ, ഷി ചിൻപിങ്ങിനെതിരായ ഏതു നീക്കവും ഇനി പാർട്ടിക്കു നേരെയുള്ള ഭീഷണിയായി വിലയിരുത്തും. ഷിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ചൈനയിലെ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. 

ചൈനീസ് പ്രസിഡന്റ്, പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ രണ്ടാമൂഴത്തിന് അവസരം ലഭിച്ച ഷി ചിൻപിങ് തന്നെയാണ് ചൈനീസ് സായുധസംഘത്തിന്റെ തലവനും. ചൈനീസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടാണ് പ്രസിഡന്റ് പദവിയിലെ രണ്ടാമൂഴത്തിന് ഷി ചിൻപിങ് തുടക്കമിട്ടത്.

പുതിയ സാഹചര്യത്തിൽ, രാജ്യസുരക്ഷയുടെ കാര്യത്തിലും മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ചൈനയുടെ നിലപാടു മാറ്റമാണോ ഷി ചിൻപിങ്ങിന്റെ പ്രഖ്യാപനങ്ങളിലൂടെ പുറത്തുവരുന്നതെന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങൾ.