Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ ഗാന്ധിയോട് അഞ്ചു ചോദ്യങ്ങളുമായി അമിത് ഷാ ഗുജറാത്ത് പര്യടനത്തിന്

Amit Shah

കച്ച് (ഗുജറാത്ത്)∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ വക കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അഞ്ചു ചോദ്യങ്ങൾ. ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ആഞ്ഞടിച്ചുകൊണ്ടുള്ള പ്രചാരണപരിപാടി രാഹുൽ അവസാനിപ്പിച്ചതിനു പിന്നാലെയാണ് സന്ദർശനത്തിനായി അമിത് ഷായെത്തിയത്. നർമദ അണക്കെട്ടു പദ്ധതി, യുപിഎ സർക്കാരിന്റെ കാലത്തു സംസ്ഥാനത്തിനു നൽകിയ ആനുകൂല്യങ്ങൾ എന്നിവയിലാണ് ഗുജറാത്തിലെ കച്ചിൽ പ്രസംഗിക്കവെ അമിത് ഷാ ചോദ്യങ്ങളുന്നയിച്ചത്.

രാഹുൽ ഗാന്ധിയോട് അമിത് ഷാ ഉന്നയിച്ച ചോദ്യങ്ങൾ‌ ഇവ:

1. നർമദ പദ്ധതിയുടെ പൂർത്തീകരണത്തിനു യുപിഎ സക്കാർ അനുമതി നൽകാതിരുന്നത് എന്തുകൊണ്ടാണ്?

2. നർമദ അണക്കെട്ടിന്റെ ഗേറ്റുകൾ അടയ്ക്കാൻ കോൺഗ്രസ് എന്തുകൊണ്ട് അനുമതി നൽകിയില്ല?

3. കച്ചിലെ ഉപ്പ് നിർമാണ തൊഴിലാളികൾക്ക് പ്രത്യേക സഹായം നൽകാത്തതെന്തു കൊണ്ടാണ്?

4. യുപിഎ അധികാരത്തിലിരുന്നപ്പോൾ ഗാന്ധിനഗറിനും ധനസഹായം ലഭിച്ചില്ല. എന്തുകൊണ്ട്?

5. ക്രൂഡ് ഓയിൽ ധനസഹായം വർഷങ്ങളോളം ഗുജറാത്തിന് അനുവദിക്കാതിരുന്നതിനു പിന്നിൽ എന്തായിരുന്നു?

ഗുജറാത്തിന്റെ സത്യാവസ്ഥ ബിജെപി ചിത്രീകരിക്കുന്നതിൽനിന്നും വളരെ വ്യത്യസ്തമാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനു പിന്നാലെയാണ് ചോദ്യങ്ങളുമായി അമിത് ഷാ തന്നെ രംഗത്തെത്തിയിരിക്കുന്നത്. നിങ്ങൾക്ക് എല്ലാം തന്നുവെന്നാണ് ബിജെപി അവകാശപ്പെടുന്നത്. തൊഴിൽ, നിങ്ങളുടെ കുട്ടികൾക്കു വിദ്യാഭ്യാസം, ചികിൽസ ഇവ നിങ്ങൾക്കു ലഭിച്ചിട്ടുണ്ടോ. നിങ്ങളൊരു സെൽഫിയെടുക്കുമ്പോൾ ചൈനയിലെ യുവാവിനാണ് അതിന്റെ ഗുണം ലഭിക്കുകയെന്ന് രാഹുൽ ഗുജറാത്തിലെ പര്യടനത്തിനിടെ പറഞ്ഞിരുന്നു. 

കഴിഞ്ഞ വർഷം നോട്ടുനിരോധനം നടപ്പാക്കിയ നവംബർ എട്ടിന് വീണ്ടും ഗുജറാത്തിൽ എത്തുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിരിക്കുന്നത്. അന്ന് അമിത് ഷായും ഗുജറാത്തിൽ പര്യടനം നടത്തുന്നുണ്ടാകും. അടുത്ത ആറു ദിവസത്തിനുള്ളിൽ ഗുജറാത്തിലെ 33 ജില്ലകളിലാണ് അമിത് ഷാ പര്യടനം നടത്തുന്നത്. നരേന്ദ്ര മോദിയുടെ രണ്ടാം ഘട്ട പ്രചാരണപരിപാടിക്കു മുന്നോടിയായിട്ടാണ് അമിത് ഷായുടെ സന്ദർശനം. ഡിസംബർ ഒൻപത്, 14 തീയതികളിലായി രണ്ടു ഘട്ടമായിട്ടാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 18 ന് വോട്ടെണ്ണലും നടക്കും.