Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയും എപ്പോഴും യുദ്ധസജ്ജർ: ചിൻപിങ്ങിന് ജനറൽ റാവത്തിന്റെ മറുപടി

Bipin Rawat

ന്യൂഡൽഹി ∙ എല്ലാ സൈന്യങ്ങളും എപ്പോഴും യുദ്ധ സജ്ജരായിരിക്കണമെന്നും അതാണ് അവരുടെ ദൗത്യമെന്നും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. തിരിച്ചടിക്കാനുള്ള ശേഷി വർധിപ്പിച്ച് യുദ്ധസജ്ജരാകാൻ ചൈനീസ് സായുധ സൈന്യത്തിന് പ്രസിഡന്റ് ഷി ചിൻപിങ് വീണ്ടും നിർദേശം നൽകിയതായുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കുമ്പോഴാണ് ജനറൽ റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ സൈന്യവും എപ്പോഴും യുദ്ധ സജ്ജരായിരിക്കണം. അതാണ് അവരുടെ പ്രധാന ദൗത്യം. ഇതേക്കുറിച്ച് ആരെങ്കിലും പറഞ്ഞാൽ വലിയ സംഭവമൊന്നുമല്ല. ഞാനും എപ്പോഴും യുദ്ധ സജ്ജനായിരിക്കണം. സമാധാനകാലത്തും എന്തു വെല്ലുവിളികളെയും നേരിടാൻ നാം പരിശീലനം നേടിക്കൊണ്ടിരിക്കും. അതു പുതുമയുള്ള കാര്യമല്ല – ജനറൽ റാവത്ത് പറഞ്ഞു.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും സെൻട്രൽ മിലിട്ടറി കമ്മിഷൻ (സിഎംസി) ചെയർമാനുമായ ഷി ചിൻപിങ്, സെൻട്രൽ മിലിട്ടറി കമ്മിഷന്റെ അംഗങ്ങളുമായി സംസാരിക്കുമ്പോഴാണ് യുദ്ധ സജ്ജരായിരിക്കാൻ സായുധ സൈന്യത്തിന് നിർദ്ദേശം നൽകിയതെന്നായിരുന്നു റിപ്പോർട്ട്. ഇന്ത്യ–ചൈന സൈന്യങ്ങൾ മുഖാമുഖം വന്ന ദോക് ലാം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായും ചിൻപിങ്ങിന്റെ വാക്കുകൾ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റിന്റെ വാക്കുകളെ നിസാരവൽക്കരിച്ച് കരസേനാ മേധാവി രംഗത്തെത്തിയത്.

ചൈനയുടെ അനിഷേധ്യ നേതാവായി ചിൻപിങ്ങിനെ വീണ്ടും പ്രതിഷ്ഠിച്ച് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്റെ പത്തൊൻപതാം സമ്മേളനം അവസാനിച്ചതിനു ശേഷം ഇതു രണ്ടാം തവണയാണ് യുദ്ധസജ്ജരാകാൻ സൈന്യത്തിന് അദ്ദേഹം നിർദ്ദേശം നൽകുന്നത്. ചിൻപിങ്ങിന്റെ പേരും പ്രത്യയശാസ്ത്രവും ഉൾപ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാൻ അനുമതി നൽകിയ പത്തൊൻപതാം പാർട്ടി കോൺഗ്രസ്, അദ്ദേഹത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഷി ചിൻപിങ്ങിനെ പാർട്ടി സ്ഥാപകൻ മാവോ സെദുങ്ങിനും മറ്റൊരു പ്രമുഖ നേതാവ് ഡെങ് സിയാവോ പിങ്ങിനും തുല്യം ആദരണീയനാക്കി മാറ്റുന്നതാണു ഭരണഘടനാ ഭേദഗതി.

ചൈനീസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടാണ് പ്രസിഡന്റ് പദവിയിലെ രണ്ടാമൂഴത്തിന് ഷി ചിൻപിങ് തുടക്കമിട്ടത്. പുതിയ സാഹചര്യത്തിൽ, രാജ്യസുരക്ഷയുടെ കാര്യത്തിലും മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ചൈനയുടെ നിലപാടു മാറ്റമാണോ ഷി ചിൻപിങ്ങിന്റെ പ്രഖ്യാപനങ്ങളിലൂടെ പുറത്തുവരുന്നതെന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങൾ.