Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ് ഭീകരരുടെ ‘വേദനയും വിശപ്പും’ അകറ്റാൻ മരുന്നുകൾ ഇന്ത്യയിൽനിന്ന്

ISIS

മിലാൻ∙ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ ‘വേദനയും വിശപ്പും ക്ഷീണവും’ അകറ്റാൻ ഇന്ത്യയിൽ നിന്നു കയറ്റി അയച്ച മരുന്നുകൾ പിടിച്ചെടുത്തു. 2.4 കോടി വേദനസംഹാരി മരുന്നുകളാണ് ഇറ്റലിയിൽ പിടിച്ചെടുത്തത്. ഐഎസ് ഭീകരരുടെ ഉപയോഗത്തിനായി ലിബിയയിലേക്കു കടത്തുന്നതിനിടെയാണ് ജോയ്‌യ താവുറോ തുറമുഖത്തു വച്ച് ഇറ്റലിയിലെ കസ്റ്റംസ് വിഭാഗം ട്രമഡോൾ ഗുളികകൾ പിടിച്ചെടുത്തത്. യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ പിന്തുണയോടെയായിരുന്നു പരിശോധന.

ഇറ്റലിയിലെ മറ്റൊരു തുറമുഖമായ ജെനോവയിൽ നിന്ന് അഞ്ചുമാസം മുൻപ് സമാനമായ രീതിയിൽ ഇന്ത്യയിൽ നിന്നെത്തിച്ച ട്രമഡോൾ ഗുളികൾ പിടിച്ചെടുത്തിരുന്നു. അന്ന് 3.6 കോടിയിലേറെ ഗുളികകളാണ് ഷാംപൂ കുപ്പികളിലാക്കി കടത്താൻ ശ്രമിച്ചത്. ശക്തമായ പരിശോധനയുള്ളതിനാൽ ലഹരിമരുന്നു കടത്തുകാർ താരതമ്യേന ഉപയോഗപ്പെടുത്താൻ മടിക്കുന്ന ജോയ്‌യ താവുറോ വഴി ഇപ്പോൾ കള്ളക്കടത്തുനീക്കമുണ്ടായത് അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. നേരത്തേ കൊക്കെയ്ൻ കടത്തിനു കുപ്രസിദ്ധമായിരുന്നു ഈ തുറമുഖം. രാജ്യാന്തര സമ്മർദം ശക്തമായതിനെത്തുടർന്ന് പരിശോധന കർശനമാക്കുകയായിരുന്നു.

ട്രമഡോൾ എന്ന വേദനസംഹാരി ഗുളിക ഒരെണ്ണത്തിന് രണ്ടു യൂറോ (ഏകദേശം 150 രൂപ)യാണു വില. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. രാജ്യാന്തര തലത്തിൽ പല ഭീകര സംഘടനകളും തങ്ങളുടെ ‘പോരാളികൾക്കായി’ വൻതോതിൽ വാങ്ങി നൽകുന്ന മരുന്നാണിത്. നൈജീരിയയിലെ ബൊക്കോ ഹറാം ഭീകരസംഘടനയും വൻതോതിൽ ട്രമഡോൾ ഗുളികകൾ വാങ്ങിക്കൂട്ടുന്നുണ്ട്. കുറഞ്ഞ വിലയും പെട്ടെന്നുള്ള ഫലവുമാണ് ഭീകരരെ ഇതിലേക്ക് ആകർഷിക്കുന്നത്. വേദനയും ക്ഷീണവും പേടിയും വിശപ്പും അകറ്റി ‘പോരാട്ടത്തിനു’ പ്രാപ്തരാക്കുന്നതിനാൽ ‘ഫൈറ്റേഴ്സ് ഡ്രഗ്’ എന്നും പേരുണ്ട്.

വടക്കേ ആഫ്രിക്കയിലും മധ്യപൗരസ്ത്യ ദേശത്തുമുള്ള തങ്ങളുടെ പോരാളികള്‍ക്ക് വിൽക്കാൻ ട്രമഡോൾ ഗുളികകൾ ഐഎസ് വൻതോതിൽ കടത്തുന്നതു പതിവാണ്. പക്ഷേ ഒന്നിനു രണ്ടു യൂറോ പ്രകാരം ഐഎസിനു അഞ്ചു കോടി യൂറോയുടെ(ഏകദേശം 376 കോടി രൂപ) ലാഭമുണ്ടാകേണ്ട നീക്കത്തിനാണ് ഇത്തവണ റെയ്ഡിലൂടെ ഇറ്റലി തടയിട്ടത്. ലഹരിമരുന്നു കടത്തിൽ ഇറ്റലിയിൽ കുപ്രസിദ്ധരായ ‘ന്ദ്രഗേറ്റ’ സംഘത്തിന് ഐഎസുമായി ബന്ധമുണ്ടെന്ന സംശയവും ഇതോടെ ബലപ്പെട്ടു. ന്ദ്രഗേറ്റയുടെ പിന്തുണയില്ലാതെ ഇത്തരമൊരു കള്ളക്കടത്ത് ഇറ്റലിയിലൂടെ സാധ്യമല്ലെന്നാണ് അധികൃതർ പറയുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.