Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് ഏഴിന് ദക്ഷിണ കൊറിയയിൽ; ഭീഷണി കടുപ്പിച്ച് ഉത്തര കൊറിയ

We love Trump ഡോണൾഡ് ട്രംപിന് അഭിവാദ്യം അർപ്പിച്ച് ദക്ഷിണ കൊറിയയിൽ നടന്ന റാലിയിൽനിന്ന്

സോൾ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏഷ്യൻ സന്ദർശനത്തിന് തുടക്കമിട്ടതിനു തൊട്ടുപിന്നാലെ അനുരഞ്ജന സാധ്യതകൾ തള്ളിയും ആണവായുധ ശേഖരം വർധിപ്പിക്കുമെന്ന ഭീഷണി ഉയർത്തിയും ഉത്തരകൊറിയ രംഗത്ത്. ഉത്തരകൊറിയയുടെ ആണവായുധ, മിസൈൽ ഭീഷണി നിലനിൽക്കെ വെള്ളിയാഴ്ചയാണ് ട്രംപ് പ്രസിഡന്റെന്ന നിലയിലുള്ള തന്റെ ആദ്യ ഏഷ്യൻ സന്ദർശനത്തിനായി പുറപ്പെട്ടത്.

സഖ്യരാജ്യം കൂടിയായ ജപ്പാനിലേക്കാണ് ട്രംപിന്റെ ആദ്യ യാത്ര. രണ്ടു ദിവസം ഇവിടെ തങ്ങുന്ന അദ്ദേഹം ചൊവ്വാഴ്ചയോടെ ഉത്തരകൊറിയയുടെ അയൽരാജ്യമായ ദക്ഷിണകൊറിയയിലെത്തും. ഇതിനിടെയാണ് അനുരഞ്ജന സാധ്യത തള്ളിയും ഭീഷണി ശക്തിപ്പെടുത്തിയും ഉത്തരകൊറിയയുടെ രംഗപ്രവേശം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി കടുത്ത വാക്പോര് തുടരുന്ന ട്രംപ് അയൽരാജ്യത്തെത്തുന്നത് ഉത്തരകൊറിയ എപ്രകാരം സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് ലോകം. ദക്ഷിണകൊറിയയിലെ ഒരു വിഭാഗം ജനങ്ങളാകട്ടെ, കടുത്ത ആശങ്കയിലും.

ഈ ആശങ്ക ശക്തമാക്കിയാണ് പ്രശ്നപരിഹാര സാധ്യതകൾ തള്ളി ഉത്തരകൊറിയ രംഗത്തെത്തിയത്. രാജ്യാന്തര സമ്മർദ്ദത്തിനും ഉപരോധങ്ങൾക്കും വഴങ്ങി ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾ അവസാനിപ്പിച്ച് ആണവായുധങ്ങൾ ഉപേക്ഷിക്കുമെന്ന വിശ്വാസം വെറും തോന്നൽ മാത്രമാണെന്ന് ഉത്തരകൊറിയൻ വാർത്താ ഏജൻസി വ്യക്താക്കി. ഉത്തരകൊറിയയുടെ ആണവപ്രതിരോധ നടപടികൾ അന്തിമഘട്ടത്തിലാണെന്നും അവർ വ്യക്തമാക്കി.

ഉത്തരകൊറിയയുമായി ആണവനിരായുധീകരണ ചർച്ചകൾ നടത്താമെന്ന മോഹം പകൽക്കിനാവു മാത്രമാണെന്ന്, ‘പകൽ സ്വപ്നം കാണുന്നത് നിർത്തൂ’ എന്ന തലക്കെട്ടോടെ ഉത്തര കൊറിയൻ വാർത്താ ഏജൻസി പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു. യുഎസിനു തങ്ങളോടുള്ള ശത്രുതാ മനോഭാവം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതുവരെ ആണവായുധങ്ങൾ ഉപയോഗിച്ച് സ്വയരക്ഷ തീർക്കുന്ന നടപടികൾ തുടരുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി.

അതേസമയം ട്രംപ് സോളിലെത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, കടുത്ത ആശങ്കയിലാണ് ദക്ഷിണകൊറിയയിലെ ഒരു വിഭാഗം ജനങ്ങൾ. കൊറിയൻ മുനമ്പിനെ അനാവശ്യ സമ്മർദ്ദങ്ങളിലേക്കും യുദ്ധ ഭീതിയിലേക്കും തള്ളിവിടുന്നത് ട്രംപ് ആണെന്ന് ആരോപിച്ച് അഞ്ഞൂറോളം ആളുകൾ സോളിൽ പ്രതിഷേധവും സംഘടിപ്പിച്ചു. അതേസമയം, ട്രംപിനെ അനുകൂലിക്കുന്ന ഒരു കൂട്ടർ അദ്ദേഹത്തെ സ്വാഗതം ചെയ്തും പ്രകടനം നടത്തിയതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു.

ട്രംപിന്റെ സന്ദർശന പരിപാടികൾ ഇങ്ങനെ:

പന്ത്രണ്ടു ദിവസം നീളുന്ന ഏഷ്യ സന്ദര്‍ശനത്തിനു തുടക്കമിട്ട ട്രംപ്, ജപ്പാനിലേക്കുളള യാത്രയ്ക്കിടെ അമേരിക്കയുടെ കീഴിലുള്ള ഹവായ് ദ്വീപിലെ ഹെക്കാം വ്യോമസേനാ താവളത്തില്‍ ആദ്യദിനം സൈനികരുമായി കൂടിക്കാഴ്ച നടത്തി. നാളെ ജപ്പാനിലെത്തുന്ന ട്രംപ് ടോക്കിയോയില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ചർച്ച നടത്തും. ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദർശിക്കുന്നത്.

ചൊവ്വാഴ്ചയാണ് ഏറെ നിര്‍ണായകമായ ദക്ഷിണ കൊറിയ സന്ദര്‍ശനം. ഉത്തരകൊറിയയുടെ വെല്ലുവിളികള്‍ക്ക് അതിര്‍ത്തിക്കപ്പുറത്തുനിന്ന് ട്രംപ് മറുപടി നല്‍കിയേക്കും. സോളില്‍ പ്രസിഡന്‍റ് മൂണ്‍ ജെ. ഇന്നുമായി അദ്ദേഹം ചര്‍ച്ച നടത്തും. എട്ടാം തീയതി ചൈനയിലെത്തുന്ന ട്രംപ് ബെയ്ജിങ്ങില്‍ പ്രസിഡന്‍റ് ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും.

10, 11 തീയതികളില്‍ വിയറ്റ്നാമില്‍ അപെക് സമ്മേളനത്തില്‍ പങ്കെടുക്കും. തൊട്ടടുത്ത ദിവസങ്ങളില്‍ ഫിലിപ്പീന്‍സിലെ മനിലയില്‍ ആസിയാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാവും മടക്കം. ആസിയാൻ സമ്മേളനത്തിനെത്തുന്ന താൻ ഫിലിപ്പീൻസിൽ ഒരു ദിവസം അധികം നിൽക്കുമെന്ന് ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു.