Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്ലേജ് ഓഫിസിൽനിന്ന് രസീതുബുക്ക് പടിയിറങ്ങുന്നു; പണമിടപാട് ഇനി ഓൺലൈൻ

laptop-computer

തിരുവനന്തപുരം∙ ഭൂമി ഇടപാടുകളുടെ അടിസ്ഥാനമായ നികുതി രസീതു ബുക്ക് വില്ലേജ് ഓഫിസുകളിൽനിന്ന് ഈ മാസത്തോടെ പിൻവാങ്ങും. പൊടിപിടിച്ച കൂറ്റൻ റജിസ്റ്ററുകൾ മറിച്ചുനോക്കുന്ന രീതിയും ഇനി പഴങ്കഥ. ഡിസംബർ ആദ്യ ആഴ്ചയോടെ വില്ലേജ് ഓഫിസിലെ പണമിടപാടുകൾ ഓൺലൈനാകും.

വ്യാജനെ പിടിക്കാൻ ക്യുആർ കോഡ്

ഓഫിസിൽ നേരിട്ടെത്തി ചെയ്യേണ്ട ഇടപാടുകൾക്ക് ഓൺലൈനായി പ്രിന്റ് ചെയ്ത രസീതുകളാകും നൽകുക. ഇതിൽ ക്വിക്ക് റെസ്പോൺസ് (ക്യുആർ) കോഡുണ്ടാകും. കള്ളസീലും പേരുമുപയോഗിച്ചു രസീതുകൾ നിർമിച്ചു വായ്പയെടുക്കാനുള്ള ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണു പുതിയ നീക്കമെന്നു റവന്യു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ക്യുആർ കോഡ് സ്കാൻ ചെയ്താൽ രസീത് വ്യാജമാണോ എന്നു കണ്ടെത്താൻ കഴിയും. മൊബൈൽ ആപ്പും ഉടൻ പുറത്തിറങ്ങും.

ട്രഷറിയിലേക്ക് ഓടേണ്ട

നിലവിൽ ഭൂനികുതി അടയ്ക്കാൻ മാത്രം ഓൺലൈൻ സംവിധാനമുണ്ടെങ്കിലും പൂർണമായിരുന്നില്ല. വില്ലേജ് ഓഫിസിൽ നേരിട്ടു ലഭിക്കുന്ന തുക കംപ്യൂട്ടറിൽനിന്നു ലഭിക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ബാങ്കിൽ അടയ്ക്കുകയാകും ഇനിയുള്ള രീതി. ഇതോടെ ട്രഷറിയിൽ ആഴ്ചയിലൊരിക്കൽ പോയി പണമടയ്ക്കുന്ന സമ്പ്രദായമില്ലാതെയാകും. ബാങ്കിൽനിന്നു ട്രഷറിയിലേക്കു പണം പോയിട്ടുണ്ടോ എന്നു പരിശോധിക്കാനായി ഓട്ടോ റിക്കൺസിലിയേഷൻ സ്റ്റേറ്റ്മെന്റ് ലഭ്യമാകും.

താലൂക്ക് – കലക്ടറേറ്റ് അക്കൗണ്ട്സ് തലത്തിൽ ഇവ പരിശോധിക്കാനും കഴിയും. മാസാവസാനം ഈടാക്കാനുള്ള തുക സംബന്ധിച്ചുള്ള ഡിമാൻഡ് കലക്‌ഷൻ ബാലൻസ് റിപ്പോർട്ട് ഓൺലൈനായി ജനറേറ്റ് ചെയ്യാം. വലിയ അധ്വാനം വേണ്ടിയിരുന്ന റിപ്പോർട്ട് തയാറാക്കൽ ഒറ്റ ക്ലിക്കിൽ ലഭ്യമാകുമെന്നു ചുരുക്കം. ലാൻഡ് റവന്യു കമ്മിഷണർ എ.ടി.ജയിംസിന്റെ നേതൃത്വത്തിൽ നികുതിദായകരുടെ വിവരങ്ങൾ ഓൺലൈനാക്കുന്ന ഡിജിറ്റൈസേഷൻ സംവിധാനം അവസാന ഘട്ടത്തിലാണ്.

60 സേവനങ്ങൾ ഓൺലൈൻ

ഭൂനികുതി കൂടാതെ അറുപതോളം സേവനങ്ങൾക്ക് ഇനി ഓൺലൈനായി പണമടയ്ക്കാം. വില്ലേജ് ഓഫിസുകളിലും എഴുതിനൽകുന്ന രസീതുകളുണ്ടാകില്ല. റവന്യു റിക്കവറി, റവന്യു കെട്ടിട നികുതി, ആഡംബര നികുതി, പ്ലാന്റേഷൻ നികുതി, കെട്ടിടത്തൊഴിലാളി ക്ഷേമനിധി, തണ്ടപ്പേര് അക്കൗണ്ടിന്റെ പകർപ്പിനുള്ള ഫീസ് എന്നിവ ഉൾപ്പെടെ അറുപതിലധികം സേവനങ്ങൾക്കു പണമടയ്ക്കാം.