Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടുനിരോധനം: 35,000 കടലാസ് കമ്പനികൾ നിക്ഷേപിച്ചത് 17,000 കോടി രൂപ

INDIA RUPEE

ന്യൂഡൽഹി∙ നോട്ട് അസാധുവാക്കലിനുശേഷം 35,000 കടലാസ് കമ്പനികൾ ബാങ്കുകളില്‍ നിക്ഷേപിച്ചത് 17,000 കോടി രൂപ. സർക്കാർ റജിസ്ട്രേഷന്‍ റദ്ദാക്കിയ കമ്പനികളാണ് വലിയ തോതിൽ പണം നിക്ഷേപിച്ചതെന്ന് ഞായറാഴ്ച കേന്ദ്ര സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.

അടുത്തിടെ 2.24 ലക്ഷം കമ്പനികളുടെ റജിസ്ട്രേഷൻ രണ്ടോ അതിലധികമോ വർഷത്തേക്ക് റദ്ദാക്കിയിരുന്നു. ഇതിലൊരു കമ്പനിക്ക് 2134 അക്കൗണ്ടുകൾ‌ ഉണ്ടെന്നു കണ്ടെത്തി. 2016 നവംബർ എട്ടുവരെ പണമിടപാടുകൾ നടക്കാതിരുന്ന ഈ അക്കൗണ്ടുകളിൽനിന്ന് നോട്ടുനിരോധനത്തിനു ശേഷം 2484 കോടി രൂപയാണ് പിൻവലിച്ചത്. 56 ബാങ്കുകളിലെ 58,000 അക്കൗണ്ട് വിവരങ്ങൾ ക്രോഡീകരിച്ചാണ് സർക്കാർ കണക്കുകൾ തയാറാക്കിയത്.

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി), ഫിനാ‍ൻഷ്യൽ ഇന്റലിജന്റ്സ് യൂണിറ്റ് (എഫ്‌ഐയു), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടങ്ങിയവരുമായി കേന്ദ്രം റിപ്പോർട്ട് പങ്കുവച്ചിട്ടുണ്ട്. റജിസ്ട്രേഷൻ റദ്ദാക്കിയ കമ്പനികളുടെ എല്ലാവിധ സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ചിരിക്കുകയാണ്. ഇതുവരെ 3.09 ലക്ഷം കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കി. മൂന്നുവർ‌ഷം തുടർച്ചയായി ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തതിനെ തുടർന്നാണ് ഡയറക്ടർമാർക്കെതിരെ നടപടി എടുത്തത്.

പ്രാഥമിക പരിശോധനയിൽ, മൂവായിരത്തിലധികം ഡയറക്ടർമാർ ഇരുപതിലധികം കമ്പനികളിൽ വീതം സ്ഥാനം വഹിക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമാണെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഏജൻസിയായ നാഷനൽ ഫിനാൽഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി (എൻഎഫ്ആർഎ) പ്രഫഷനലുകളുടെ ഉൾപ്പെടെ സാമ്പത്തിക സ്റ്റേറ്റ്മെന്റും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. ക്രമവിരുദ്ധമായി എന്തെങ്കിലും കണ്ടാൽ നടപടിയെടുക്കും.

കമ്പനികള്‍ ഡമ്മി ഡയറക്ടര്‍മാരെ നിയമിക്കുന്നതു തടയാൻ കര്‍ശന നിരീക്ഷണം നടത്തുമെന്നും കേന്ദ്രം അറിയിച്ചു. ഡയറക്ടർ ബോര്‍ഡിലെ അംഗത്വത്തിന് വ്യക്തി വിവരങ്ങള്‍ക്കൊപ്പം ഡിൻ (ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ), പാന്‍, ആധാർ വിവരങ്ങൾ കൂടി നൽകേണ്ടത് നിർബന്ധമാക്കും. ബയോമെട്രിക് വിവരശേഖരണത്തിലൂടെ വ്യക്തികളുടെ ആധികാരികത ഉറപ്പാക്കാനും തട്ടിപ്പിന് തടയിടാനുമാണു നോട്ടുനിരോധനത്തിന്റെ വാർഷികവേളയിൽ കേന്ദ്രം തയാറെടുക്കുന്നത്.