Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിമാചൽ: വയോധികരുടെ നേതൃത്വത്തിൽ കോൺഗ്രസും ബിജെപിയും; ആരു ചൂടും തലപ്പാവ്?

himachal പ്രേംകുമാർ ധൂമൽ, വീരഭദ്ര സിങ്

രാത്രിക്കാഴ്ചയിൽ നക്ഷത്രക്കൂട്ടം ഭൂമിയിലിറങ്ങിയപോലെയാണു ഹിമാചൽപ്രദേശ്. മലമടക്കുകളിലെ വീടുകളിൽ തെളിയുന്ന വെളിച്ചത്തിനു നക്ഷത്രത്തിളക്കം. ഇരുട്ടിൽ ആകാശവും ഭൂമിയും മൽസരിച്ചു തിളങ്ങുന്നു. നക്ഷത്രങ്ങൾ ഭൂമിയിലേക്കിറങ്ങിവന്ന ദേവഭൂമി ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തുമ്പോൾ, കോൺഗ്രസും ബിജെപിയും വോട്ടുറപ്പിക്കാനുള്ള പരക്കംപാച്ചിലിൽ. വീർഭദ്ര – ധൂമൽ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രചാരണത്തിനു കൊഴുപ്പേകാൻ കളത്തിലുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിർന്ന രണ്ടു നേതാക്കളാണ് ഇവിടെ താരങ്ങൾ– കോൺഗ്രസിനായി 83 വയസ്സുള്ള മുഖ്യമന്ത്രി വീരഭദ്രസിങ്ങും ബിജെപിക്കായി എഴുപത്തിമൂന്നുകാരൻ മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമലും.

Himachal Voter

തലപ്പാവ് രാഷ്ട്രീയം ശൈത്യം പിടിമുറുക്കുമ്പോൾ ഹിമാചലുകാർ പ്രത്യേകതരം തലപ്പാവ് (കുല്ലു തൊപ്പി) ധരിക്കുക പതിവാണ്. പക്ഷേ, ഇക്കുറി തലപ്പാവുകൾക്കു രാഷ്ട്രീയനിറം കൂടിയുണ്ട്. മുന്നിൽ ചുവപ്പുനിറമുള്ള തലപ്പാവ് ധരിക്കുന്നയാൾ ബിജെപി അനുഭാവിയാണത്രേ. പച്ച ധരിച്ചാൽ വോട്ട് കോൺഗ്രസിന്! പുരുഷൻമാർ തൊപ്പിയിൽ മനം വ്യക്തമാക്കുമ്പോൾ സ്ത്രീകളുടെ ഉള്ളിലിരിപ്പ് അവ്യക്തം; ആരു ജയിക്കുമെന്ന ചോദ്യത്തിനു സുന്ദരമായ ചിരി മാത്രമാണ് അവരുടെ ഉത്തരം.

ആ ചിരി ആർക്കൊപ്പമാണെന്ന് ഡിസംബർ 18നു ഫലം വരുമ്പോഴറിയാം. ഒന്നിടവിട്ട് ഭരണം കോൺഗ്രസിനെയും ബിജെപിയും ഇടവിട്ടു തലോടുന്ന ചരിത്രമാണ് ഹിമാചലിലേത്. 1993 മുതൽ ഇവിടെ ഭരണത്തുടർച്ച ഉണ്ടായിട്ടില്ല. അഞ്ചുവർഷം ബിജെപിയെങ്കിൽ അടുത്ത അഞ്ച് കോൺഗ്രസിന്. ആ പതിവു തുടർന്നാൽ, ഇക്കുറി താമര വിരിയണം. എന്നാൽ, പതിവിനു വിപരീതമായി വ്യാഴാഴ്ച വോട്ടർമാർ കൈപ്പത്തിക്കു കൈകൊടുക്കുമെന്ന കണക്കുകൂട്ടലിലാണു കോൺഗ്രസ്.

ജാതിരാഷ്ട്രീയത്തിനു കാര്യമായ വേരോട്ടമില്ലാത്ത മണ്ണാണു ഹിമാചലിലേത്. അതുകൊണ്ടുതന്നെ വർഗീയപ്രചാരണം ഫലിക്കില്ല. ജാതിസമവാക്യത്തിൽ 38 ശതമാനമുള്ള രജ്പുത്ത് വിഭാഗമാണു ഭൂരിപക്ഷം; വീരഭദ്രനും ധൂമലും ഈ വിഭാഗക്കാർ. തുടർച്ചയ്ക്കായി കോൺഗ്രസ് വികസനത്തുടർച്ചയ്ക്കു ഭരണത്തുടർച്ച എന്നതാണു കോൺഗ്രസിന്റെ മുദ്രാവാക്യം.

83 വയസ്സുള്ള വീരഭദ്രസിങ്ങിനെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിനെതിരെ പാർട്ടിയിലെ യുവതുർക്കികൾ തുടക്കത്തിൽ നെറ്റിചുളിച്ചെങ്കിലും, ഇപ്പോൾ ഒറ്റക്കെട്ടാണെന്നു നേതൃത്വം അവകാശപ്പെടുന്നു. തന്റെ ഉറച്ച മണ്ഡലമായ ഷിംല റൂറൽ മകൻ വിക്രമാദിത്യ സിങ്ങിനു വിട്ടുകൊടുത്ത് സൊലാൻ ജില്ലയിലെ അർകിയിലാണു വീരഭദ്രസിങ് മൽസരിക്കുന്നത്.

നോട്ട് നിരോധനം, ജിഎസ്ടി എന്നിവയുണ്ടാക്കിയ ബുദ്ധിമുട്ടുകൾ അക്കമിട്ടു നിരത്തിയാണ് കോൺഗ്രസ് വോട്ട് തേടുന്നത്. ഭരണം പിടിക്കാൻ ബിജെപി സംസ്ഥാനത്തെ ക്രമസമാധാന തകർച്ച, വരവിൽക്കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസിൽ വീരഭദ്രസിങ്ങിനെതിരായ കേസ് എന്നിവയാണു ബിജെപിയുടെ പ്രചാരണായുധം. കഴിഞ്ഞ ജൂലൈയിൽ 16 വയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായതും കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ മരിച്ചതും പ്രചാരണത്തിനു മൂർച്ച കൂട്ടുന്നു. സംസ്ഥാനത്തു 95 ശതമാനത്തോളം ഹിന്ദുക്കളാണെങ്കിലും ഹൈന്ദവ അജൻഡ വിട്ട് വികസനമാണ് അവരുടെ നാവിൽ വിളയാടുന്നത്.