Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് നിരോധനം മണ്ടത്തരമായിരുന്നെന്ന് മോദി സമ്മതിക്കണം: മൻമോഹൻ സിങ്

Manmohan-Modi

ന്യൂഡല്‍ഹി ∙ നോട്ടുകൾ അസാധുവാക്കിയ നടപടി മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. നോട്ടുനിരോധന വിഷയത്തിൽ രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ മോദി തയാറാവണമെന്നും മന്‍മോഹന്‍ ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി ബ്ലൂംബര്‍ഗ് ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് മുൻ റിസർവ് ബാങ്ക് ഗവർണറും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങിന്റെ വിമർശനം. സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നോട്ടുനിരോധനം വരുത്തിയ തകർച്ച ഒരു സാമ്പത്തിക സൂചികകൾക്കും കണ്ടെത്താനാകാത്ത വിധത്തിലുള്ളതാണ്. രാജ്യത്ത് അസമത്വം വർധിക്കുകയാണ്. ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യങ്ങളുടെ വളർച്ചയെ അസമത്വം വളരെയധികം പിന്നോട്ടടിക്കുമെന്നും മൻമോഹൻ സിങ് ചൂണ്ടിക്കാട്ടി.

റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമായിരുന്നു നോട്ട് അസാധുവാക്കൽ തീരുമാനം. പണം നേരിട്ട് കൈമാറുന്ന ഇടപാടുകള്‍ കുറച്ച്‌ കള്ളപ്പണം കണ്ടെത്താനുള്ള സര്‍ക്കാര്‍ ശ്രമം അഭിനന്ദനാര്‍ഹമായിരുന്നു. എന്നാല്‍ നടപ്പാക്കിയ രീതി ശരിയായില്ല. നമ്മുടെ സാമ്പത്തിക പരിഗണനകൾ ഇനിയും ശരിയാകാനുണ്ട്. കറൻസിരഹിത ഇടപാടുകൾ നടപ്പാക്കുമ്പോൾ ചെറുകിട സംരംഭകരെ മുഖ്യമായും പരിഗണിക്കണമായിരുന്നു. എന്നാൽ, ബലപ്രയോഗവും ഭീഷണിയും റെയ്ഡുകളും വിപരീത ഫലമുണ്ടാക്കി.

മുൻപ് രാജ്യസഭയിലും നോട്ടുനിരോധനത്തിനെതിരെ ശക്തമായ വിമർശനമാണ് സിങ് നടത്തിയത്. തൽക്കാലത്തേക്കു ചില ബുദ്ധിമുട്ടുകളെല്ലാം ഉണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യതാൽപര്യത്തിനു ഗുണകരമാണ് നടപടിയെന്നു വാദിച്ചവരെ ജോൺ കെയ്ൻസിന്റെ, ‘ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ നാമെല്ലാവരും മരിച്ചവരായിരിക്കും’ എന്ന വാക്കുകൾ ഓർമിപ്പിച്ചായിരുന്നു സിംഗിന്റെ പ്രസംഗം.

ജനം ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ അവരെ അനുവദിക്കാത്ത ഏതെങ്കിലും രാജ്യത്തിന്റെ പേരു പറയാൻ പ്രധാനമന്ത്രിക്കു കഴിയുമോ എന്നും മൻമോഹൻ സിങ് ചോദിച്ചിരുന്നു. രാജ്യത്തെ കാർഷിക മേഖലയുടെ വളർച്ചയെ, ചെറുകിട വ്യവസായ രംഗത്തെ, അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന വലിയൊരു ജനസമൂഹത്തെ വല്ലാതെ മുറിപ്പെടുത്തുന്നതാണ് നടപടി. സാധാരണക്കാരുടെ പേരുപറഞ്ഞു നിയമസാധുത അവകാശപ്പെടുന്നുണ്ടെങ്കിലും ഇതു തികച്ചും സംഘടിതമായ കൊള്ളയാണെന്നും സിങ് അഭിപ്രായപ്പെട്ടിരുന്നു.

related stories