Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർച്ച വിജയകരമെന്ന് മന്ത്രി; ആവശ്യങ്ങൾ പരിഗണിച്ചില്ലെന്ന് സമരസമിതി

GAIL Pipeline Violence ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് കോഴിക്കോട് കലക്ടേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ സംസാരിക്കുന്നു. ചിത്രം പി.എൻ. ശ്രീവൽസൻ

കോഴിക്കോട് ∙ ഗെയിൽ പൈപ്പ്‌ലൈനിനെതിരെ മുക്കത്തു നടക്കുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം വിജയമെന്ന് മന്ത്രി എ.സി. മൊയ്തീൻ. എന്നാൽ, പ്രധാന ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലെന്നും പൂർണ തൃപ്തിയില്ലെന്നും പറഞ്ഞ സമരസമിതി, പ്രക്ഷോഭത്തിന്റെ ഭാവി തീരുമാനിക്കാൻ ചൊവ്വാഴ്ച യോഗം ചേരുമെന്ന് വ്യക്തമാക്കി.

ഗെയില്‍ പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റില്ലെന്നും പദ്ധതി പ്രദേശത്തെ വീട് നഷ്ടപ്പെടുന്നത് പരിശോധിക്കുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. സ്ഥലം നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കും. ഭൂവിനിയോഗത്തുക കൂട്ടും. ഇക്കാര്യങ്ങളെല്ലാം അറിയിക്കാൻ സർക്കാർ ഗെയിലുമായി വീണ്ടും ചര്‍ച്ച നടത്തും. സമരവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും എ.സി. മൊയ്തീന്‍ പറഞ്ഞു.

നിർമാണം നിർത്തിവയ്ക്കാനോ അലൈൻമെന്റ് മാറ്റാനോ തയാറല്ലെന്നു സർക്കാർ വ്യക്തമാക്കിയതിനാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പൊലീസ് നടപടികളും യോഗത്തിൽ ചർച്ചയായി. കോഴിക്കോട് കലക്ടറേറ്റിലായിരുന്നു യോഗം. പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്ന് സമരസമിതി നിലപാടെടുത്തപ്പോൾ, ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം പരിശോധിക്കുമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

അഞ്ചു സെന്റ് സ്ഥലം മാത്രമുള്ളവരുടെ വീടുകൾ പൊളിക്കില്ല. ഇവിടങ്ങളിൽ ഏറ്റെടുക്കുന്ന ഭൂമിയിൽ കുറവു വരുത്തും. പരമാവധി പാർപ്പിടം നശിപ്പിക്കാതെയാകും പദ്ധതി നടപ്പാക്കുക. ജനങ്ങളുടെ ഭീതി ഇല്ലാതാക്കുന്നതിനു പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കും. സുരക്ഷാഭീതി ഒഴിവാക്കിയാകും പദ്ധതി മുന്നോട്ടു പോവുക. വീട് നഷ്ടപ്പെടുന്നവരുടെ പരാതി പരിശോധിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തും. പദ്ധതി നടപ്പാക്കിയ സ്ഥലത്ത് ഭൂമിയുടെ രേഖകൾ സമർപ്പിച്ചാൽ‌ ഒരാഴ്ചയ്ക്കകവും പദ്ധതി തുടങ്ങാനിരിക്കുന്നിടത്ത് രേഖകൾ നൽകിയാൽ മൂന്നാഴ്ചയ്ക്കകവും പണം നൽകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, പ്രധാന ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലെന്നു സമരസമിതി നേതാക്കൾ ആരോപിച്ചു. തുടർ‌ സമര പരിപാടികളെക്കുറിച്ച് ചൊവ്വാഴ്ച നടക്കുന്ന യോഗം ചർച്ച ചെയ്യും. സമരസമിതിയുടെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് എംപിമാരായ എം.കെ. രാഘവൻ, എം.ഐ. ഷാനവാസ് എന്നിവർ അറിയിച്ചു.

പ്രദേശത്തെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടികളുടെ രണ്ടുവീതം അംഗങ്ങൾ, ഗെയിൽ ഉദ്യോഗസ്ഥർ, സമരസമിതി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജനവാസ മേഖലയിലൂടെ പൈപ്പ്‌ലൈൻ കടന്നു പോകുന്നതിലെ ആശങ്കയും ചർച്ചയായി. സമര സമിതിയെ പ്രതിനിധീകരിച്ചു രക്ഷാധികാരി അക്ബറും കൺവീനർ അബ്ദുൽ കരീമും യോഗത്തിൽ പങ്കെടുത്തു.