Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി കടകംപള്ളിക്കെതിരെ ത്വരിതാന്വേഷണം; റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉദ്യോഗസ്ഥനെ മാറ്റി

kadakampally

തിരുവനന്തപുരം∙ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള ത്വരിതാന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ വിജിലൻസിൽനിന്നു മാറ്റി. ഈ മാസം പതിനൊന്നിനകം ത്വരിതാന്വേഷണ റിപ്പോർട്ടു സമർപ്പിക്കണമെന്ന കോടതി ഉത്തരവിനു പിന്നാലെയാണു നടപടി. മാനദണ്ഡങ്ങൾ മറികടന്ന് അനർട്ട് ഡയറക്ടറായി ആർ. ഹരികുമാറിനെ നിയമിച്ചുവെന്നതാണു കേസ്.

അന്വേഷണോദ്യോഗസ്ഥനായ വിജിലൻസ് പ്രത്യേക യൂണിറ്റ് രണ്ടിലെ സിഐ കെ.ഡി. ബിജുവിനെ പന്തളത്തേക്കാണു മാറ്റിയത്. പകരം ചുമതല സിഐ അരുൺകുമാറിനു നൽകി. അന്വേഷണം അവസാനഘട്ടത്തിലെത്തി റിപ്പോർട്ടു സമർപ്പിക്കാനിരിക്കെയാണു സിഐയെ മാറ്റിയത്. ചീഫ് സെക്രട്ടറി, ഊർജ സെക്രട്ടറി, കെഎസ്ഇബി ചെയർമാൻ എന്നിവർ നടത്തേണ്ട അനർട്ട് ഡയറക്ടർ നിയമനം മന്ത്രി നേരിട്ടു നടത്തിയെന്നാണു ആരോപണം.

2007ലെ ടെസം പ്രോജക്ടിൽ അംഗമായിരുന്ന ഹരികുമാർ കോടികളുടെ തിരിമറി നടത്തിയതു സംബന്ധിച്ചു വിജിലൻസ് അന്വേഷണം നടക്കവെയാണ് അനർട്ട് ഡയറക്ടറായി നിയമനം നൽകിയതെന്നും പരാതിയില്‍ ആരോപിക്കുന്നു. കൂടാതെ ഹരികുമാറിന് അനധികൃത നിയമനം നൽകി നാലു ദിവസം കഴിഞ്ഞാണ് അപേക്ഷ ക്ഷണിച്ചതെന്നും ഡയറക്ടർക്കു വേണ്ട നിശ്ചിത പ്രായ പരിധിപോലും പാലിച്ചില്ലെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു.

ആദ്യം വിജിലൻസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷിക്കാൻ കൂട്ടാക്കിയില്ലെന്നു ചൂണ്ടികാണിച്ചു കോടതിയെ സമീപിക്കുകയായിരുന്നു. 45 ദിവസം കൊണ്ടു പൂർത്തിയാക്കേണ്ട അന്വേഷണം എട്ടുമാസമായിട്ടും പൂർത്തിയാക്കാത്തതിനെ തുടർന്ന് ഈ മാസം പതിനൊന്നിനകം റിപ്പോർട്ടു സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.  

related stories