Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാദിയ വീട്ടിൽ സുരക്ഷിത, മനുഷ്യാവകാശ ലംഘനമില്ല: ദേശീയ വനിതാ കമ്മിഷൻ

Rekha Sharma സന്ദർശന വേളയിലെടുത്ത ഹാദിയയുടെ ചിത്രം ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ മാധ്യമങ്ങളെ ഉയർത്തിക്കാട്ടുന്നു. ചിത്രം: റിജോ ജോസഫ്

വൈക്കം∙ ഹാദിയ വീട്ടിൽ പൂർണ സുരക്ഷിതയെന്നു ദേശീയ വനിതാ കമ്മിഷൻ ആക്ടിങ് അധ്യക്ഷ രേഖ ശർമ. ഹാദിയയ്ക്കു വീട്ടിൽ യാതൊരു സുരക്ഷാ ഭീഷണിയുമില്ല, സന്തോഷവതിയായിരിക്കുന്നുവെന്നും രേഖ ശർമ പറഞ്ഞു. ഹാദിയയെ വൈക്കത്തെ വീട്ടിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. സന്ദർശന വേളയിലെടുത്ത ഹാദിയയുടെ ചിത്രവും രേഖ ശർമ മൊബൈൽ ഉയർത്തി മാധ്യമങ്ങളെ കാട്ടി.

ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്നതായിരുന്നു രേഖ ശർമയുടെ സന്ദർശനം. മാധ്യമങ്ങൾ ആരോപിക്കും പോലെ ഹാദിയ വിഷയത്തിൽ മാനുഷ്യാവകാശ ലംഘനങ്ങൾ ഒന്നും നടന്നിട്ടില്ല. എന്നാൽ കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്നും അധ്യക്ഷ ആരോപിച്ചു. ഹാദിയയുടെ നിലപാടു സംബന്ധിച്ച യാതൊന്നും ചർച്ചയായില്ലെന്നും 27നു കോടതിയിൽ ഹാജരാകുമ്പോൾ ഹാദിയ സ്വന്തം നിലപാടു വ്യക്തമാക്കുമെന്നും രേഖ ശർമ അറിയിച്ചു.

Rekha Sharma വൈക്കത്തെ വീട്ടിൽ ഹാദിയയെ സന്ദർശിച്ച ശേഷം പുറത്തിറങ്ങുന്ന ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ. ചിത്രം: റിജോ ജോസഫ്

രേഖ ശർമ മൂന്നു ദിവസം കേരളത്തിലുണ്ട്. സമാന സംഭവങ്ങളില്‍ ഉൾപ്പെട്ട പെൺകുട്ടികളെയും രക്ഷിതാക്കളെയും ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ കാണുന്നുണ്ട്.

ഐഎസ് കെണിയിൽപെട്ടു സിറിയയിലേക്കു കടന്നു എന്നു കരുതുന്ന നിമിഷ ഫാത്തിമയുടെ അമ്മയെയും ദേശീയ വനിത കമ്മിഷൻ അധ്യക്ഷ കാണും. എന്നാൽ തൃപ്പൂണിത്തുറയിലേത് അടക്കമുള്ള വിവാദ മതപരിവർത്തന കേന്ദ്രങ്ങൾ സന്ദർശിക്കില്ല.

ചൊവ്വാഴ്ച കോഴിക്കോട്ടും ബുധനാഴ്ച തിരുവനന്തപുരത്തും ദേശീയ വനിതാ കമ്മിഷൻ സിറ്റിങ് ഉണ്ട്. പരാതിയുള്ള ആർക്കും നേരിൽ കാണമെന്നു രേഖ ശർമ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയുമായും ദേശീയ വനിത കമ്മിഷൻ അധ്യക്ഷ കൂടിക്കാഴ്ച നടത്തും.