Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശ്നം തോക്കുനിയമമല്ല, മാനസിക ദൗർബല്യം: വെടിവയ്പിനെക്കുറിച്ച് ട്രംപ്

Donald Trump

ടോക്കിയോ ∙ ടെക്സസിലെ ദേവാലയത്തിലുണ്ടായ വെടിവയ്പിനു കാരണം തോക്കു നിയമങ്ങളിലെ പ്രശ്നമല്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടോക്കിയോയിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ട്രംപ് ജപ്പാനിലെത്തിയത്.

ടെക്സസിൽ പ്രാദേശിക സമയം ഞായറാഴ്ച പകൽ 11.30നു നടന്ന ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ‘ടെക്സസ് വെടിവയ്പ് യുഎസിലെ തോക്കു നിയമങ്ങളുടെ പ്രശ്നമല്ല. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, അക്രമി മാനസിക ദൗർബല്യമുള്ളയാളാണ്. കൂടിയ തോതിലുള്ള മാനസിക ദൗർബല്യമാണ് ഇവിടുത്തെ പ്രശ്നം. വളരെ ദുഃഖകരമായ സംഭവമാണിത്’– ട്രംപ് പറഞ്ഞു.

സാൻ അന്റോണിയോയ്ക്കു സമീപം വിൽസൺ കൗണ്ടി സതർലാൻഡ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ പ്രാർഥന നടക്കുമ്പോഴാണ് വെടിവയ്പുണ്ടായത്. ദേവാലയത്തിനകത്തേക്ക് ഒറ്റയ്ക്കു വന്ന അക്രമി തുരുതുരെ വെടിയുതിർക്കുകയായിരുന്നു. അഞ്ചിനും 72നും ഇടയിൽ പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടത്.

ഡെവിൻ പാട്രിക് കെല്ലി (26) ആണ് വെടിവച്ചതെന്ന് സുരക്ഷാസേന അറിയിച്ചു. വെടിവയ്പിനുശേഷം ശേഷം ഇയാൾ വാഹനത്തിൽ രക്ഷപ്പെട്ടു. പിന്നീട് ഇയാളെ ഗ്വാഡലൂപ് കൗണ്ടിയിൽ വാഹനത്തിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. അടുത്തിടെ ഇയാൾ എആർ – 15 സെമിഓട്ടമാറ്റിക് റൈഫിളിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. മുൻ വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന കെല്ലി കോർട്ട്മാർഷൽ നടപടി നേരിട്ടിരുന്നതായും സൂചനയുണ്ട്.