Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയൻ പ്രശ്നത്തിനു ‘ആലോചിച്ച് പരിഹാരം’ കാണും: ഡോണൾഡ് ട്രംപ്

Donald-Trump-reaches-South-Korea ഡോണൾഡ് ട്രംപ് സന്ദർശനത്തിനായി ദക്ഷിണ കൊറിയയിൽ എത്തിയപ്പോൾ

സോൾ∙ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്ന ഉത്തര കൊറിയയെ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് ദക്ഷിണ കൊറിയയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയൻ സന്ദർശനത്തിനു മുൻപ് ട്വിറ്ററിലൂടെയാണ് ട്രംപ് നിലപാടു വ്യക്തമാക്കിയത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ– ഇന്നുമായി വിഷയത്തിൽ ചർച്ച നടത്തും. അതിലൂടെ എല്ലാറ്റിനും അവസാനം കാണുമെന്നും ട്രംപ് പറഞ്ഞു.

ഉത്തര കൊറിയൻ വിഷയത്തിൽ യുഎസിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്താണു ജപ്പാൻ ട്രംപിനെ യാത്രയാക്കിയത്. ലോകജനതയ്ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണ് ഉത്തര കൊറിയയെന്നു ജപ്പാൻ ആരോപിച്ചിരുന്നു.

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്കു തയാറാണെന്നു ഡോണൾഡ് ട്രംപ് ജപ്പാൻ സന്ദർശനത്തിനിടെ വ്യക്തമാക്കിയിരുന്നു. ആരുടെ ഒപ്പവും ഇരിക്കാൻ തയാറാണ്. ചർച്ച നടത്തുന്നത് എന്റെ ശക്തിയോ ദൗർബല്യമോ ആയി കാണുന്നില്ല. ആരോടെങ്കിലും ചർച്ച നടത്തുന്നതൊരു മോശം കാര്യമല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ ട്രംപിന്റെ പ്രസ്താവന ഉത്തര കൊറിയ തള്ളികളയുകയാണ് ചെയ്തത്.

ഉത്തര കൊറിയ യുഎസിനും ലോകത്തിനും വലിയൊരു പ്രശ്നമാണ്. അതിനാൽ ഞങ്ങൾക്ക് അതു തീർക്കേണ്ടതുണ്ടെന്നതാണ് വിഷയത്തിൽ ട്രംപിന്റെ നിലപാട്.