Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശ്ചിമ പസിഫിക്കിൽ പതിറ്റാണ്ടിനിടയിലെ വൻ നാവികാഭ്യാസത്തിന് യുഎസ്

Aircraft Carrier Ronald Reagan

ടോക്കിയോ ∙ ഉത്തര കൊറിയ സൃഷ്ടിക്കുന്ന ഭീഷണി തുറന്നുകാട്ടാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനം തുടരവെ, മൂന്ന് വിമാനവാഹിനിക്കപ്പലുകൾ അണിനിരത്തി പശ്ചിമ പസിഫിക്കിൽ വൻകിട നാവികാഭ്യാസത്തിനൊരുങ്ങി യുഎസ് സൈന്യം. യുഎസ്എസ് നിമിറ്റ്സ്, റൊണാൾഡ് റീഗൻ, തിയോഡാർ റൂസ്‌വെൽറ്റ് എന്നീ വിമാനവാഹിനിക്കപ്പലുകളും ഇവയുൾപ്പെടുന്ന നാവിക യൂണിറ്റുകളുടെ ഭാഗമായ യുദ്ധക്കപ്പലുകളുമാണ് നാവികാഭ്യാസത്തിന് തയാറെടുക്കുന്നത്.

ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് പശ്ചിമ പസിഫിക് മേഖലയിൽ മൂന്ന് വിമാനവാഹിനിക്കപ്പലുകൾ അണിനിരത്തി യുഎസ് സൈന്യം വൻതോതിലുള്ള നാവികാഭ്യാസത്തിന് തയാറെടുക്കുന്നത്. ഡോണൾഡ് ട്രംപ് ദക്ഷിണ കൊറിയയിൽ എത്തിയതിനു പിന്നാലെയാണിത്.

Aircraft Carrier Ronald Reagan

ജപ്പാന്റെ അതീവ നശീകരണശേഷിയുള്ള യുദ്ധക്കപ്പലായ ‘ഇനാസുമ’യും നാവികാഭ്യാസത്തിന്റെ ഭാഗമാകുമെന്ന് ജപ്പാൻ അധികൃതർ വ്യക്തമാക്കി. ഇന്ത്യയുടെ രണ്ടു യുദ്ധക്കപ്പലുകൾ കൂടി ഭാഗമായ സംയുക്ത നാവികാഭ്യാസം തിങ്കളാഴ്ച അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് വൻ തയാറെടുപ്പുകളോടെ പുതിയ നാവികാഭ്യാസത്തിന് യുഎസും ജപ്പാനും തയാറെടുക്കുന്നത്. ഈ നാവികാഭ്യാസത്തിന് തയാറെടുക്കുന്ന റൊണാൾഡ് റീഗൻ, ജപ്പാന്റെ ഇനാസുമ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യൻ യുദ്ധക്കപ്പലുകൾ കൂടി ഉൾപ്പെട്ട സംയുക്ത നാവികാഭ്യാസം ജപ്പാൻ കടലിൽ നടന്നത്.

പശ്ചിമ പസിഫിക്കിലായിരിക്കും എന്നല്ലാതെ നാവികാഭ്യാസത്തിന്റെ കൃത്യമായ സ്ഥലം വെളിപ്പെടുത്താൻ യുഎസ്, ജപ്പാൻ അധികൃതർ തയാറായില്ല. നാവികാഭ്യാസം സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന സമയത്തേക്കുറിച്ചും വ്യക്തതയില്ല. യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗണും യുഎസ് നേവിയുടെ പസിഫിക് ഫ്ലീറ്റും ഇതേക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. നിലവിൽ ദക്ഷിണ കൊറിയയിലുള്ള ഡോണൾഡ് ട്രംപ് നാവികാഭ്യാസത്തിനു സാക്ഷിയാകാൻ എത്തുമോയെന്ന കാര്യത്തിലും സൂചനകളൊന്നുമില്ല.