Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനിൽ ‘ഉത്തര കൊറിയൻ’ മദ്യവിൽപന; സംശയമുണർത്തി വൻ മോഷണം

Liquor Representative Image

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനിലെ ഉത്തര കൊറിയൻ നയതന്ത്രജ്ഞന്റെ വീട്ടിൽനിന്ന് വിലകൂടിയ മദ്യത്തിന്റെ വൻശേഖരം മോഷണം പോയി. കരിഞ്ചന്തയിൽ 97 ലക്ഷത്തിലധികം രൂപ വില വരുന്ന സ്കോച്ച് വിസ്കി, ബിയർ ഫ്രഞ്ച് വൈൻ എന്നിവയുടെ ആയിരക്കണക്കിനു കുപ്പികളാണു മോഷ്ടിക്കപ്പെട്ടത്. മൂന്നംഗ സംഘം മൂന്നു മണിക്കൂറോളം ശ്രമിച്ചിട്ടാണ് മോഷണം നടത്തിയതെന്നു അയൽവാസികൾ പറഞ്ഞു. മൂന്നു കാറുകളും ചെറിയ ട്രക്കും മോഷണസാധനങ്ങൾ കടത്തുന്നതിനായി എത്തിച്ചിരുന്നുവെന്നും പൊലീസും ദൃക്സാക്ഷികളും അറിയിച്ചു. 

മുസ്‍ലിം രാജ്യമായ പാക്കിസ്ഥാനിൽ മദ്യത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇത്രയധികം മദ്യം ഉത്തര കൊറിയൻ നയതന്ത്രജ്ഞൻ ഹ്യോൻ കി യോങ് ശേഖരിച്ചതെന്തിനാണെന്നതും സംശയമുണർത്തുന്നുണ്ട്. ഒക്ടോബർ മൂന്നിന് ഭവനഭേദനത്തിലൂടെയാണ് മദ്യം കടത്തിയത്. അതേസമയം, മോഷണം നടത്തിയത് മൂന്നു പൊലീസുകാരാണെന്നും അവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. യോങ്ങിന്റെ വീട്ടുജോലിക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. 

ഉത്തര കൊറിയൻ നയതന്ത്രജ്ഞർ മദ്യം കരിഞ്ചന്തയിൽ വിൽക്കുകയും പണം സമ്പാദിക്കുകയും ചെയ്യുന്നതായാണ് പൊലീസ് വിലയിരുത്തൽ. സ്വന്തം ചെലവിനായുള്ള പണം കണ്ടെത്തുന്നതിനോ അല്ലെങ്കിൽ ഉത്തരകൊറിയയിലേക്കു പണമെത്തിക്കുന്നതിനോ വേണ്ടിയാണിതെന്നും അവർ കണക്കുകൂട്ടുന്നു. ആണവായുധ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നതിനാൽ ഉത്തരകൊറിയയ്ക്ക് യുഎൻ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. സാമ്പത്തികമായി ഞെരുക്കം അനുഭവിച്ചുവരുന്ന സാഹചര്യത്തിൽ മദ്യവിൽപനയിലൂടെ പണം കണ്ടെത്താനാണോ ശ്രമമെന്നും അന്വേഷിക്കുന്നുണ്ട്. 

പാക്കിസ്ഥാനിലെ ഉത്തര കൊറിയൻ നയതന്ത്രജ്ഞർ അനധികൃത മദ്യവിൽപനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുൻപും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതിനിടെ, യോങ്ങിന്റെ വീട്ടുജോലിക്കാരൻ മദ്യവിൽപ്പനയിലെ തന്റെ പങ്കിനെക്കുറിച്ചു കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, യോങ്ങിന്റെ പങ്കിനെക്കുറിച്ച് പ്രതികരിക്കാൻ ഉത്തരകൊറിയൻ എംബസി തയാറായിട്ടില്ല.