Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസൂദ് അസ്ഹർ മോശക്കാരൻ, ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണം: യുഎസ്

INDIA-PAKISTAN/MILITANT

വാഷിങ്ടൻ∙ പാക്കിസ്ഥാൻ ആസ്ഥാനമായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ മോശക്കാരനാണെന്നും അയാളെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കണമെന്നും യുഎസ്. മസൂദിനെ ഭീകരരുടെ പട്ടികയിൽ ചേർക്കാനുള്ള യുഎൻ ശ്രമത്തിന് കഴിഞ്ഞയാഴ്ച ചൈന വീറ്റോ നൽകിയിരുന്നു. യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ കൊണ്ടുവന്ന നിർദേശം നാലാം തവണയാണ് ചൈന വീറ്റോ ചെയ്യുന്നത്. 

അസ്ഹറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് ചർച്ചകൾ നടന്നു വരികയാണ്. വളരെ രഹസ്യമായതിനാൽ അതേക്കുറിച്ച് കൂടുതലൊന്നും താൻ പറയുന്നില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ഹെതർ ന്യുർട്ട് പറഞ്ഞു. അസ്ഹറിനെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെതിരെ വീറ്റോ ചെയ്തതിനെക്കുറിച്ച് നിങ്ങൾ ചൈനീസ് സർക്കാരിനോടുതന്നെ ചോദിക്കണം. അയാളൊരു മോശക്കാരനാണെന്നാണ് ഞങ്ങൾ ചിന്തിക്കുന്നത്. അവരെ വിദേശ ഭീകരസംഘടനകളുടെ പട്ടികയിലുൾപ്പെടുത്തി യുഎസ് നിയമത്തിനു കീഴിൽ കൊണ്ടുവരികയാണു വേണ്ടതെന്നും ഹെതർ കൂട്ടിച്ചേർത്തു.

നിലവിൽ ജയ്ഷെ മുഹമ്മദിനെ യുഎന്നിന്റെ നിരോധിത ഭീകരസംഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗമെന്ന നിലയിലാണ് മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയിലുൾപ്പെടുത്തുന്നതിനെതിരെ ചൈന പ്രവർത്തിക്കുന്നത്. 15 അംഗ കൗൺസിലിൽ ചൈന മാത്രമാണ് ഈ നീക്കത്തിന് എതിരുനിൽക്കുന്നത്.

അസ്ഹറിനെ നിരോധിത പട്ടികയിലുൾപ്പെടുത്തിയാൽ സ്വത്ത് മരവിപ്പിക്കുക, യാത്രാതടസ്സം കൊണ്ടുവരിക എന്നിവയ്ക്കു സാധിക്കും. 2016 ജനുവരിയിൽ പഠാൻകോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണമടക്കം ഒട്ടേറെ ആക്രമണങ്ങൾ ഇന്ത്യയിൽ നടത്താൻ ചുക്കാൻ പിടിച്ചയാളാണ് മസൂദ് അസ്ഹർ.