Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയോ? രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Thomas Chandy

കൊച്ചി∙ മന്ത്രി തോമസ് ചാണ്ടി കായൽ കയ്യേറിയെന്ന വിഷയത്തിൽ സർക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കയ്യേറ്റക്കേസുകളിൽ സർക്കാരിന്റെ പൊതുനിലപാട് എന്തെന്നു കോടതി ചോദിച്ചു. സാധാരണക്കാരൻ കയ്യേറിയാലും നിലപാട് ഇതുതന്നെയോയെന്നു വ്യക്തമാക്കണം. പാവപ്പെട്ടവൻ ഭൂമി കയ്യേറിയാൽ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേ? റോഡരികിൽ താമസിക്കുന്നവരോട് ഈ സമീപനമാണോ സർക്കാരിന് ഉണ്ടാകുക? സാധാരണക്കാരന്റെ ഭൂമികയ്യേറ്റത്തിൽ പെട്ടെന്നു നടപടിയുണ്ടാവില്ലേ? മന്ത്രിക്കു പ്രത്യേക പരിഗണനയാണോ നൽകുന്നത്? എല്ലാവർക്കും തുല്യനീതി നടപ്പാക്കാനാണ് ഞങ്ങൾ ഇവിടെ ഇരിക്കുന്നത്. മന്ത്രിയെന്നോ വ്യക്തിയെന്നോ വ്യത്യാസമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർവേൾഡ് ടൂറിസം കമ്പനി ഭൂസംരക്ഷണ നിയമവും നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവും ലംഘിച്ചതിന്റെ പേരിൽ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു തൃശൂർ വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദൻ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണു ഡിവിഷൻ ബെഞ്ചിന്റെ വാക്കാലുള്ള പരാമർശം. പ്രത്യേകാവശ്യത്തിന് അനുവദിച്ച ഭൂമി വിലയ്ക്കു വാങ്ങി പരിവർത്തനം ചെയ്തു കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാൽ പട്ടയം അസാധുവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

സർക്കാരിനുവേണ്ടി സറ്റേറ്റ് അറ്റോർണി കെ.വി. സോഹനാണു ഹാജരായത്. കേസിൽ അന്വേഷണം തുടങ്ങിയോയെന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നുണ്ടെന്നും ഭാഗികമായ റിപ്പോർട്ട് മാത്രമാണ് ജില്ലാ കലക്ടർ നൽകിയതെന്നും അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും അഭിഭാഷകൻ മറുപടി നൽകി. മന്ത്രിയായ ശേഷമാണ് ആക്ഷേപങ്ങള്‍ ഉയര്‍ന്നതെന്നും അതെല്ലാം നേരത്തേതന്നെ പരിഹരിച്ചതാണെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകനും വാദിച്ചു. എന്നാൽ മന്ത്രിക്കു മാത്രമായി പ്രത്യേക പരിഗണനയില്ലെന്നായിരുന്നു ഈ ഘട്ടത്തിൽ കോടതിയുടെ നിലപാട്. കോടതിയുടെ വിമർശനങ്ങളേട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല.

ഹർജി പരിഗണിക്കുന്നതിൽനിന്നു മറ്റൊരു ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം പിന്മാറിയതിനെ തുടർന്നു പുതിയ ബെഞ്ചാണു കേസ് പരിഗണിച്ചത്. സമാന സ്വഭാവമുള്ള ഹർജികളെല്ലാം ഒരുമിച്ചു പരിഗണിക്കാനായി മാറ്റി. ആക്ടിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നതിൽനിന്നു പിന്മാറിയത്.