Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്നാർഗുഡി മാഫിയയ്ക്ക് കടലാസ് കമ്പനികളും; ആദായനികുതി റെയ്ഡ് തുടരുന്നു

Raid in Jaya TV ജയ ടിവിയിൽ റെയ്ഡ് നടക്കുമ്പോൾ പുറത്തു കാവൽ നിൽ‌ക്കുന്ന സ്വകാര്യ സെക്യൂരിറ്റി ഗാർഡുകൾ

ചെന്നൈ ∙ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡ് രണ്ടാംദിനത്തിലേക്ക്. വൻതോതിൽ പണവും രേഖകളും പിടിച്ചെടുത്തതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ആദായനികുതി വകുപ്പിന്റെ റെയ്ഡ് ആണെങ്കിലും പാർട്ടിയിൽനിന്ന് മന്നാർഗുഡി മാഫിയയെ നിഷ്പ്രഭരാക്കി പുകച്ചുപുറത്തു ചാടിക്കുകയാണ് ലക്ഷ്യം.

പിടിച്ചെടുത്ത പണം എത്രത്തോളമുണ്ടെന്ന് പരിശോധന പൂർത്തിയായ ശേഷമേ പറയാനാകൂ. ചിലയിടത്ത് റെയ്ഡ് സമാപിച്ചതായും പല സ്ഥലങ്ങളിലും റെയ്ഡ് തുടരുന്നുണ്ടെന്നും എപ്പോഴാണ് തീരുകയെന്ന് പറയാനാവില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ‘ഓപ്പൺ ക്ലീൻ മണി’യുടെ ഭാഗമായാണു റെയ്ഡ്. നോട്ടുനിരോധന കാലയളവിൽ ധാരാളം പണമൊഴുകിയ കടലാസ് കമ്പനികളിൽ ചിലതിനു ശശികല, സഹോദരപുത്രനും അണ്ണാ ഡിഎംകെ വിമതനേതാവുമായ ടി.ടി.വി.ദിനകരൻ എന്നിവരുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് പരിശോധന. ഇതു സംബന്ധിച്ച് നിർണായക രേഖകൾ പിടിച്ചെടുത്തെന്നാണു സൂചന.

Raid in Jaya TV ജയ ടിവിയിൽ റെയ്ഡ് നടക്കുമ്പോൾ പുറത്തു കാവൽ നിൽ‌ക്കുന്ന പൊലീസ് സംഘം

വ്യാഴാഴ്ച തമിഴ്നാട്, പുതുച്ചേരി, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി 187 സ്ഥലങ്ങളിൽ പരിശോധന നടന്നിരുന്നു. 1800 ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ദിനകരന്റെയും ശശികലയുടെയും വീടുകളിലും ഇവരുടെ ഉടമസ്ഥതയിലുള്ള ജയ ടിവി, മുഖപത്രം നമത് എംജിആർ എന്നിവയുടെ ഓഫിസുകളിലും ജയലളിതയുടെ വേനൽക്കാല വസതിയായ കൊടനാട് എസ്റ്റേറ്റിലും പരിശോധന നടന്നു. ജയലളിതയുടെ വിൽപത്രം തേടിയാണു റെയ്ഡ് എന്ന അഭ്യൂഹവും ശക്തമാണ്. കുറച്ചു ദിവസങ്ങളായി ചാനലിന്റെയും ഉന്നത ജീവനക്കാരുടെയും നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നെന്നും വിശദീകരണമുണ്ട്.

Raid in Jaya TV ജയ ടിവിയിൽ റെയ്ഡ് നടക്കുമ്പോൾ പുറത്തു നോക്കിനിൽക്കുന്ന ജനക്കൂട്ടവും മാധ്യമങ്ങളും

സ്വത്തു സമ്പാദന കേസിൽ ബെംഗളൂരു പാരപ്പന അഗ്രഹാര ജയിലിലാണ് ശശികല. ദിനകരനെയും ശശികലയെയും മറികടന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി പനീർസെൽവവും പാർട്ടി പിടിച്ചെടുത്തിരിക്കുകയാണ്. രണ്ടു വിഭാഗവും തമ്മിൽ നിയമ പോരാട്ടവും നടക്കുന്നുണ്ട്.

related stories