Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരകൊറിയയ്ക്ക് ഉടനടി മറുപടി; വമ്പൻ യുദ്ധക്കപ്പലുകളുമായി യുഎസ് ശക്തിപ്രകടനം

US-Warship യുദ്ധക്കപ്പലായ യുഎസ്എസ് റൊണാൾഡ് റീഗൻ ദക്ഷിണകൊറിയയിലെ ബുസാനിലെത്തിയപ്പോൾ (ഫയൽചിത്രം)

ടോക്കിയോ∙ ഉത്തരകൊറിയയ്ക്കെതിരെ യുദ്ധത്തിനു സജ്ജമാണെന്നു പരോക്ഷമായി വ്യക്തമാക്കി യുഎസും ജപ്പാനും ദക്ഷിണ കൊറിയയും. യുഎസിനൊപ്പം സൈനികാഭ്യാസത്തിനു തങ്ങളുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലിനെ അയച്ചുകൊണ്ടാണ് ജപ്പാൻ സാന്നിധ്യമറിയിക്കുന്നത്. ദക്ഷിണ കൊറിയൻ കപ്പലുകളും യുഎസിനൊപ്പം സൈനികാഭ്യാസത്തിന് ഒരുങ്ങുകയാണ്.

ജപ്പാന്റെ ഏറ്റവും വലിയ യുദ്ധക്കപ്പലായിരിക്കും അഭ്യാസത്തില്‍ പങ്കെടുക്കുയെന്നു നാവികസേന അറിയിച്ചു. രണ്ട് അകമ്പടിക്കപ്പലുകളും ഇതോടൊപ്പമുണ്ടാകും. യുഎസിന്റെ മൂന്നു വിമാനവാഹിനിക്കപ്പലുകൾക്ക് ഒപ്പമായിരിക്കും ജാപ്പനീസ് കപ്പലുകളും സൈനികാഭ്യാസത്തിൽ പങ്കെടുക്കുക. യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്സ്, യുഎസ്എസ് തിയോഡർ റൂസ്‌വെൽറ്റ് എന്നീ കപ്പലുകൾക്കൊപ്പം ഇസെ, ഇനാസുമ, മകിനാമി എന്നീ ജാപ്പനീസ് കപ്പലുകളാണ് അഭ്യാസത്തിനെത്തുക.

കൊറിയൻ പെനിൻസുലയോടു ചേർന്നായിരിക്കും ഞായറാഴ്ച യുഎസ്–ജപ്പാൻ സംയുക്ത സൈനികാഭ്യാസം. ഒരു ദശാബ്ദക്കാലത്തിനിടെ ഇതാദ്യമായാണു മൂന്ന് അമേരിക്കൻ കപ്പലുകൾ ഒരുമിച്ച് പരിശീലന പ്രകടനത്തിനെത്തുന്നത്. എഫ് 18 സ്ട്രൈക്കർ ജെറ്റുകൾ ഉൾപ്പെടെ വൻതോതിൽ യുദ്ധവിമാനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് യുഎസിന്റെ കപ്പലുകള്‍. 

അതേസമയം, വ്യത്യസ്തമായ മറ്റൊരു നാവികാഭ്യാസത്തിൽ ദക്ഷിണകൊറിയയുടെ ഏഴു കപ്പലുകളായിരിക്കും യുഎസിനൊപ്പം പങ്കെടുക്കുക. 14 യുഎസ് യുദ്ധക്കപ്പലുകൾ ഇതിനായെത്തും. ഇതോടൊപ്പം വ്യോമാഭ്യാസവും ഉണ്ടാകും. നവംബർ 11 മുതൽ 14 വരെയാണ് അഭ്യാസപ്രകടനം.

യുദ്ധക്കപ്പലുകളുടെ സംയുക്ത–ഏകോപിത പ്രവർത്തനങ്ങളായിരിക്കും നാവികാഭ്യാസത്തില്‍ വിലയിരുത്തുക. ഉത്തരകൊറിയയുടെ ഭാഗത്തു നിന്നു പ്രകോപനപരമായ നീക്കങ്ങളുണ്ടായാൽ കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാകുകയെന്ന് ഓർമിപ്പിക്കാനാണ് ഈ നാവികാഭ്യാസങ്ങളെന്നും ദക്ഷിണ കൊറിയൻ സേന വ്യക്തമാക്കി.

ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടി വിയറ്റ്നാമിൽ നടക്കുന്നതിനിടെയാണു സംയുക്ത നാവികാഭ്യാസം. ഉച്ചകോടിയിൽ പങ്കെടുക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങളുടെ നേതാക്കളുമായും കൂടിക്കാഴ്ച തുടരുകയാണ്. 12 ദിവസത്തെ ഏഷ്യൻ പര്യടനത്തിനിടെ ഇതിനോടകം ട്രംപ് ടോക്കിയോയിലും സോളിലും ബെയ്ജിങ്ങിലും സന്ദർശനം നടത്തി.

സൈനികശക്തികളെ വളരെപ്പെട്ടെന്നു തന്നെ മേഖലയിലേക്കെത്തിച്ച് ഒരുമിച്ചു നിർത്തി ഏതു ഭീഷണിയെയും നേരിടാൻ പ്രാപ്തരാണ് തങ്ങളെന്നു തെളിയിക്കുക കൂടിയാണ് യുഎസിന്റെ ലക്ഷ്യം. ഇതാകട്ടെ ഉത്തര കൊറിയയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പുമാണ്. ബാലിസ്റ്റിക് മിസൈലുകളുടെ നിർമാണത്തിൽ നിന്നും ആണവപരീക്ഷണങ്ങളിൽ നിന്നും ഉത്തരകൊറിയ പിന്മാറണമെന്നാണ് യുഎസ് ആവശ്യം.