Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ, തീരുമാനം ദിവസങ്ങൾക്കകം

 Rahul Gandhi

ഹൈദരാബാദ്∙ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കാൻ അധികം താമസമുണ്ടാകില്ലെന്ന് മുതിർന്ന നേതാവ് എം.വീരപ്പമൊയ്‌ലി. സോണിയ ഗാന്ധിക്കു പകരം രാഹുൽ ഗാന്ധി സ്ഥാനം ഏറ്റെടുക്കുന്നത് പാർട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനത്തു നിന്ന് പാർട്ടി തലപ്പത്തേക്ക് രാഹുൽ എത്തുന്നതു സംബന്ധിച്ച ചർച്ചകൾ ഏറെനാളായി തുടരുകയാണ്.

ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുൻപ് ഇതുണ്ടാകുമോയെന്ന ചോദ്യം ശക്തമായിരിക്കെയാണ് ഏതാനും ദിവസങ്ങൾക്കകം ഇതു സംബന്ധിച്ച ഉത്തരം ലഭിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ വീരപ്പമൊയ്‌ലി പറഞ്ഞത്. ഡിസംബർ ഒൻപതിനും 14നും രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്.

ഗുജറാത്തില്‍ വൻവിജയ പ്രതീക്ഷയാണു കോണ്‍ഗ്രസിനുള്ളതെന്നും വീരപ്പമൊയ്‌ലി പറഞ്ഞു. കേന്ദ്ര–സംസ്ഥാന സർക്കാരിന്മേലും പ്രധാനമന്ത്രി മോദിയിലുമുള്ള വിശ്വാസം ഗുജറാത്തിലെ ജനങ്ങൾക്കു നഷ്ടമായി. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പു ഫലം കൊടുങ്കാറ്റായി ബിജെപിക്കു മേൽ പതിക്കും. രാഹുൽ ഗാന്ധിയുടെ കീഴിൽ ഗുജറാത്തിൽ കോൺഗ്രസ് സ്വീകരിച്ച തന്ത്രങ്ങളായിരിക്കും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കോണ്‍ഗ്രസിന്റെ അടിത്തറ ശക്തമാക്കാനുള്ള നീക്കങ്ങളുടെ മാതൃകയെന്നും വീരപ്പമൊയ്‌ലി പറഞ്ഞു.

അതേസമയം ഗുവാഹത്തിയിൽ ജിഎസ്ടി കൗൺസിലിന്റെ പുതുക്കിയ തീരുമാനങ്ങളുണ്ടായതിനു പിന്നാലെ കേന്ദ്രത്തിനും മോദിക്കുമെതിരെ ട്വിറ്ററിൽ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. ‘ഗബ്ബർ സിങ് ടാക്സ്’ ഇന്ത്യയിൽ നടപ്പാക്കാൻ ബിജെപിയെ കോൺഗ്രസ് അനുവദിക്കില്ല. ചെറുകിട–ഇടത്തരം സംരംഭകരെ തകർക്കാനും ദശലക്ഷക്കണക്കിനു പേരുടെ തൊഴിൽ നഷ്ടപ്പെടുത്താനും ബിജെപിയെ അനുവദിക്കില്ല’– രാഹുൽ കുറിച്ചു.

ശരിക്കും ‘സിംപിൾ’ ആയ  നികുതി ജനങ്ങളിന്മേല്‍ ചുമത്താനാണു സർക്കാർ ശ്രമിക്കേണ്ടത്. കഴിവില്ലായ്മ തിരിച്ചറിഞ്ഞ്, അഹങ്കാരം വെടിഞ്ഞ് രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്കു ചെവികൊടുക്കുകയാണു ബിജെപി ചെയ്യേണ്ടതെന്നും രാഹുൽ പറഞ്ഞു.

related stories