Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ പ്രിയപദ്ധതിയെ രൂക്ഷമായി വിമർശിച്ച് യുഎൻ; തിരിച്ചടിച്ച് കേന്ദ്രം

Swachh Bharat

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയ പദ്ധതി ‘സ്വച്ഛ് ഭാരതി’നെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്ര സഭ പ്രതിനിധി. സമഗ്രമായ മനുഷ്യാവകാശത്തിലൂന്നിയ സമീപനം ഇല്ലാതെയാണു പദ്ധതി മുന്നോട്ടു പോകുന്നെതെന്നാണു വിമർശനം. കുടിവെള്ളവും ശുചിത്വവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ വിഷയങ്ങളിന്മേലുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ലിയോ ഹെല്ലറാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ തന്റെ സന്ദർശനത്തിന്മേലുള്ള പ്രാരംഭ റിപ്പോർട്ട് പുറത്തിറക്കി സംസാരിക്കുകയായിരുന്നു ഹെല്ലർ. എന്നാൽ ഇതിനെതിരെ തിരിച്ചടിച്ച് കേന്ദ്ര സർക്കാരുംരംഗത്തെത്തി. 

കുടിവെള്ളം നൽകേണ്ടതും ശുചിമുറികൾ നിർമിക്കേണ്ടതും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്. എന്നാൽ ഒന്നിനെ മറന്നു കൊണ്ടായിരിക്കരുത് മറ്റൊന്നു ചെയ്യേണ്ടത്. സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ശുചിമുറികൾ നിർമിക്കാനാണു സർക്കാർ പ്രാധാന്യം നൽകുന്നത്. എന്നാൽ കുടിവെള്ളമെത്തിക്കാനും ഇതോടൊപ്പം തന്നെ ശ്രമങ്ങളുണ്ടാകണം. എന്നാൽ മാത്രമേ പദ്ധതി പൂർണമാകുകയുള്ളൂവെന്നും ഹെല്ലർ പറഞ്ഞു.

ശുചിമുറികൾ നിർമിക്കുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തുന്നതിനെയും യുഎൻ പ്രതിനിധി വിമർശിച്ചു.  ശുചിമുറി നിർമിക്കാത്തതിന്റെ പേരിൽ ഉദ്യോഗസ്ഥർ ഇടപെട്ട് വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതും റേഷൻ കാർഡ് റദ്ദാക്കിയതുമായ സംഭവങ്ങളുമുണ്ടായി. ഇത്തരത്തിൽ മനുഷ്യാവകാശം ലംഘിച്ചായിരിക്കരുത് പദ്ധതി നടപ്പാക്കലെന്നും ഹെല്ലർ ചൂണ്ടിക്കാട്ടി.

‘കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിലെ ഗ്രാമീണ–നഗര മേഖലകളിലും ചേരികളിലും അഭയാർഥി ക്യാംപുകളിലുമെല്ലാം ഞാൻ സന്ദർശനം നടത്തി. അവിടങ്ങളിലെല്ലാം സ്വച്ഛ് ഭാരത് മിഷന്റെ ലോഗോ കണ്ടു–മഹാത്മാഗാന്ധിയുടെ കണ്ണട. സ്വച്ഛ് ഭാരത് പദ്ധതിയുടെ മൂന്നാം വർഷമായിരിക്കുന്നു. ഇനി ഗാന്ധിയുടെ കണ്ണടയുടെ ‘ലെന്‍സ്’ മാറ്റി മനുഷ്യാവകാശങ്ങളുടെ ‘ലെൻസ്’ സ്ഥാപിക്കണം. അതിനുള്ള നിർണായകഘട്ടമാണിപ്പോൾ’ ഹെല്ലർ പറഞ്ഞു.

യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്സ് ഹൈകമ്മിഷണർ ഓഫിസ് ഇതു സംബന്ധിച്ച വാർത്താക്കുറിപ്പും പുറത്തിറക്കി. അതേസമയം ഇതിനെതിരെ ശക്തമായി തിരിച്ചടിച്ചു കേന്ദ്രസർക്കാർ രംഗത്തു വന്നു. പ്രസ്താവനയെ അപലപിച്ച സർക്കാർ, ഇന്ത്യയുടെ രാഷ്ട്രപിതാവിനെപ്പറ്റി അറിവില്ലാത്തതു കൊണ്ടാണ് യുഎൻ ഇത്തരത്തിലൊരു പ്രസ്താവന പുറപ്പെടുവിച്ചതെന്നു പറഞ്ഞു. ‘ഗുരുതരമായ അറിവില്ലായ്മയാണിത്. മനുഷ്യാവകാശങ്ങൾക്കു വേണ്ടി ഗാന്ധിജി എപ്രകാരമാണു നിലകൊണ്ടതെന്നുലോകത്തിന് അറിയാവുന്നതാണ്’ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.

related stories