Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുകഴ്ത്തൽ തന്ത്ര’വുമായി ട്രംപ്: ഷീ ചിൻപിങ് ശക്തൻ, ബഹുമാന്യൻ

Donald Trump and Xi Jinping

ബെയ്ജിങ്∙ വിയറ്റ്നാമിലേക്കു തിരിക്കുംമുൻപ് ചൈനീസ് പ്രസി‍ഡന്റിനെ പുകഴ്ത്തി ട്രംപിന്റെ ‘നയതന്ത്രം’. ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ഷീ ചിൻപിങ് എന്ന് യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വാണിജ്യകാര്യങ്ങളെക്കുറിച്ചും ഉത്തര കൊറിയൻ വിഷയത്തെക്കുറിച്ചും വളരെ ഫലപ്രദമായ കൂടിക്കാഴ്ചയാണു ഷീയുമായി ഉണ്ടായത്. അദ്ദേഹം വളരെ ബഹുമാന്യനും ചൈനീസ് ജനതയുടെ ശക്തനായ പ്രതിനിധിയുമാണ്. അദ്ദേഹത്തിന്റെയും പത്നി പെങ് ലിയുവാന്റെയും ആതിഥ്യം സ്വീകരിക്കാൻ സാധിച്ചതു വളരെ മഹത്തരമായ കാര്യമാണെന്നും ട്രംപ് പറഞ്ഞു.

ഉത്തര കൊറിയയ്ക്കുമേൽ കൂടുതൽ സമ്മർദം ചെലുത്തണമെന്നു ട്രംപ് ചൈനയോട് ആഹ്വാനം ചെയ്തു. ഇത്തരമൊരു നീക്കമുണ്ടായില്ലെങ്കിൽ യുഎസുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. വിദേശരാജ്യങ്ങളുമായി കൂടുതൽ തുറന്ന ഇടപെടലുകൾ നടത്തുമെന്ന ഷീയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു. വാണിജ്യകാര്യങ്ങളിൽ യുഎസും ചൈനയും തമ്മിലുള്ള പ്രശ്നങ്ങളിൽ അവരെ കുറ്റപ്പെടുത്താനാകില്ല. യുഎസിന്റെ മുൻ ഭരണത്തലവന്മാരാണ് ഒരു സാഹചര്യത്തിൽ നമ്മെ 100 മില്യൺ ഡോളർവരെ നഷ്ടത്തിലേക്കു തള്ളിവിട്ടത്. ആ സാഹചര്യത്തിൽ ചൈനയെ എങ്ങനെയാണു കുറ്റപ്പെടുത്താൻ കഴിയുകയെന്നും ട്രംപ് സന്ദർശനത്തിനിടെ ചോദിച്ചിരുന്നു.

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങൾ നിർത്തി വയ്ക്കാനും അവരെ നിലയ്ക്കു നിർത്താനും എല്ലാ സഹായങ്ങളും ചെയ്യണമെന്ന് ട്രംപ് ഷീ ചിൻപിങ്ങിനോട് അഭ്യർഥിച്ചു. രണ്ടു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കിയ ട്രംപ് വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ 25,000 കോടി ഡോളറിന്റെ ഇടപാടുകൾക്കുള്ള കരാറിൽ ഒപ്പുവച്ചു. ട്രംപിന്റെ സന്ദർശനത്തിലൂടെ യുഎസ് – ചൈന ബന്ധത്തിനും പ്രശ്നപരിഹാരങ്ങൾക്കുമുള്ള പുതിയ രൂപരേഖ ഉരുത്തിരിഞ്ഞെന്നു ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രസിഡന്റിനു നേട്ടവുമായി.