Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിൻപിങ് മാവോയോളം കരുത്തൻ‌: എത്ര പുകഴ്ത്തിയിട്ടും മതിവരാതെ ട്രംപ്!

Trump-Jinping

ബെയ്ജിങ് ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ എത്ര പുകഴ്ത്തിയിട്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മതിവരുന്നില്ല. മാവോ സെദുങ്ങിനു ശേഷം ചൈന കണ്ട ഏറ്റവും കരുത്തനായ നേതാവാണ് ഷി ചിൻപിങ്ങെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. മാവോയേക്കാൾ കരുത്തനാണ് ചിൻപിങ് എന്നു കരുതുന്നവരുമുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ ട്രംപ്, ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനാ സന്ദർശനം അവസാനിപ്പിച്ച് വിയറ്റ്നാമിലേക്കു പോകുമ്പോഴാണ് ചൈനീസ് പ്രസിഡന്റിനെ ‘മാവോയോളം കരുത്തൻ’ എന്നു വിശേഷിപ്പിച്ച് ട്രംപ് വീണ്ടും രംഗത്തെത്തിയത്.

ഷി ചിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയെ ‘വളരെ വിജയകരം’ എന്നും ട്രംപ് വിശേഷിപ്പിച്ചു. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളും അതുമായി ബന്ധപ്പെട്ട നടപടികളും നിർത്തിക്കാൻ ചൈന പ്രതിജ്ഞാബദ്ധമാണെന്ന് ഷി ചിൻപിങ് പറഞ്ഞതായി ട്രംപ് ചൂണ്ടിക്കാട്ടി. ഏറ്റവും സുപ്രധാനമായ ‘പ്രസ്താവന’യാണ് ഇതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

സാക്ഷാൽ മാവോ സെദുങ്ങിനുശേഷം ചൈന കണ്ട ഏറ്റവും കരുത്തനായ നേതാവാണ് ഷി ചിന്‍പിങ്. മാവോയേക്കാൾ കരുത്തനാണെന്നും ചിലർ പറയുന്നു – ട്രംപ് പറഞ്ഞു. ചൈനീസ് സന്ദർശനത്തിനുശേഷം മടങ്ങവെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ വച്ചായിരുന്നു ട്രംപിന്റെ അഭിപ്രായ പ്രകടനം.

വിയറ്റ്നാമിലേക്കു തിരിക്കുംമുൻപും ചൈനീസ് പ്രസി‍ഡന്റിനെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയിരുന്നു. ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ഷി ചിൻപിങ് എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. വാണിജ്യകാര്യങ്ങളെക്കുറിച്ചും ഉത്തര കൊറിയൻ വിഷയത്തെക്കുറിച്ചും വളരെ ഫലപ്രദമായ കൂടിക്കാഴ്ചയാണു ചിൻപിങ്ങുമായി ഉണ്ടായത്. അദ്ദേഹം വളരെ ബഹുമാന്യനും ചൈനീസ് ജനതയുടെ ശക്തനായ പ്രതിനിധിയുമാണ്. അദ്ദേഹത്തിന്റെയും പത്നി പെങ് ലിയുവാന്റെയും ആതിഥ്യം സ്വീകരിക്കാൻ സാധിച്ചതു വളരെ മഹത്തരമായ കാര്യമാണെന്നും ട്രംപ് പറഞ്ഞു.

നേരത്തെ, ഷി ചിൻപിങ്ങിന്റെ പേരും പ്രത്യയശാസ്ത്രവും ഉൾപ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാൻ അടുത്തിടെ സമാപിച്ച പത്തൊൻപതാം പാർട്ടി കോൺഗ്രസ് അനുമതി നൽകിയിരുന്നു. ഷിയെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തു. ഷി ചിൻപിങ്ങിനെ പാർട്ടി സ്ഥാപകൻ മാവോ സെദുങ്ങിനും മറ്റൊരു പ്രമുഖ നേതാവ് ഡെങ് സിയാവോ പിങ്ങിനും തുല്യം ആദരണീയനാക്കി മാറ്റുന്നതാണു ഭരണഘടനാ ഭേദഗതി. മാവോയുടെയും ഡെങ്ങിന്റെയും പേരുകൾ മാത്രമായിരുന്നു ഇതുവരെ ഭരണഘടനയിലുണ്ടായിരുന്നത്.

related stories