Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയുടെ സഹോദരന്റെ ഹോസ്റ്റലില്‍ രത്നാഭരണങ്ങൾ, സ്വിസ് വാച്ചുകൾ

sasikala ശശികല (ഫയൽ ചിത്രം)

ചെന്നൈ ∙ കോളജ് ഹോസ്റ്റൽ അലമാരകളിൽ രത്നാഭരണങ്ങളും സ്വിസ് വാച്ചുകളും – അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരായ ആദായനികുതി റെയ്ഡിനിടെയാണ് ഉദ്യോഗസ്ഥരുടെ കണ്ണു മഞ്ഞളിച്ചത്. ശശികലയുടെ സഹോദരൻ വി. ദിവാകരന്റെ ഉടമസ്ഥതയിലുള്ള തിരുവാരൂർ സെങ്കമല തായാർ എജ്യുക്കേഷനൽ ട്രസ്റ്റ് വിമൻസ് കോളജ് ഹോസ്റ്റലിലെ താമസമില്ലാത്ത മുറികളിലാണ് ഇവ ഒളിപ്പിച്ചിരുന്നത്.

അതേസമയം, ദിവാകരനെ കുടുക്കാൻ‍ ആദായനികുതി ഉദ്യോഗസ്ഥർ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുവന്നു വച്ചെന്ന് ആരോപിച്ച് ഒരുസംഘമാളുകൾ കോളജ് കവാടത്തിൽ വെള്ളിയാഴ്ച തന്നെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

‘ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണി’ എന്ന പേരിൽ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ, ബെംഗളൂരു, ഹൈദരാബാദ്, പുതുച്ചേരി എന്നിവിടങ്ങളിലായി നടക്കുന്ന റെയ്ഡ് മൂന്നു ദിവസം പിന്നിട്ടു. കണക്കിൽപ്പെടാത്ത 5.5 കോടി രൂപയും 15 കിലോ സ്വർണവും 1,500 കോടി രൂപയുടെ അനധികൃത നിക്ഷേപം സംബന്ധിച്ച രേഖകളും ഇതുവരെ പിടിച്ചെടുത്തതായാണു വിവരമെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. വിശദവിവരങ്ങൾ ഡൽഹിയിലെ ഓഫിസിലേക്ക് അയച്ചതായി മാത്രമാണ് ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞത്.

ജയ ടിവി, ജാസ് മൂവീസ് എന്നിവയുടെ സിഇഒയും ശശികലയുടെ അനന്തരവനുമായ വിവേക് ജയരാമൻ, ശശികലയുടെ അഭിഭാഷകൻ സെന്തിൽ എന്നിവരുടെ വസതികൾ, ദിവാകരന്റെ മന്നാർഗുഡിയിലെ കോളജ്, സ്കൂളുകൾ, കൊടനാട് എസ്റ്റേറ്റ് എന്നിങ്ങനെ നാൽപതിലധികം ഇടങ്ങളിലാണു റെയ്ഡ് തുടരുന്നത്.