Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെഞ്ചുറിയുമായി ‘ക്യാപ്റ്റൻ’ സ‍ഞ്ജുവും കേരളാ താരങ്ങളും തിളങ്ങി; മൽസരം സമനിലയിൽ

Sanju-Samson സെഞ്ചുറി പൂർത്തിയാക്കിയ സഞ്ജു സാംസണിന്റെ ആഹ്ലാദം.

കൊൽക്കത്ത ∙ മലയാളി താരം സഞ്ജു സാംസൺ നയിച്ച ബോർഡ് പ്രസിഡന്റ് ഇലവനും ശ്രീലങ്കയും തമ്മിലുള്ള സന്നാഹ മൽസരം സമനിലയിൽ അവസാനിച്ചു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 411 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തപ്പോൾ, ബോർഡ് പ്രസിഡന്റ് ഇലവൻ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു നിൽക്കെ ഇരു ക്യാപ്റ്റൻമാരും സമനിലയ്ക്കു സമ്മതിക്കുകയായിരുന്നു. ബോർഡ് ടീമിനെ നയിച്ച മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചുറിയാണ് മൽസരത്തിന്റെ രണ്ടാം ദിനത്തിലെ ഹൈലൈറ്റ്. ബാറ്റിങ്ങിന് അവസരം ലഭിച്ച കേരളാ താരങ്ങളായ രോഹൻ പ്രേം, ജലജ് സക്സേന എന്നിവരും തിളങ്ങി.

മൽസരത്തിൽ അവസരം ലഭിച്ച നാലു കേരള താരങ്ങളും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. സന്ദീപ് വാരിയർ ശ്രീലങ്കൻ ഇന്നിങ്സിലെ രണ്ടു വിക്കറ്റു കൾ സ്വന്തമാക്കിയപ്പോൾ, സഞ്ജു സെഞ്ചുറി നേടിയാണ് വരവറിയിച്ചത്. 39 റൺസെടുത്ത രോഹൻ പ്രേം സ‍ഞ്ജുവിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തപ്പോൾ, ജലജ് സക്സേന 20 റൺസുമായി പുറത്താകാതെ നിന്നു. ഒരു വിക്കറ്റും സക്സേനയുടെ പേരിലുണ്ട്.

143 പന്തുകൾ നേരിട്ട സഞ്ജു 19 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 128 റൺസെടുത്ത് പുറത്തായി. മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകളിലും പങ്കാളിയായ സഞ്ജുവിന്റെ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരെ പിടിച്ചുനിൽക്കാൻ ബോർഡ് പ്രസിഡന്റ് ഇലവന് സഹായകമായത്. ശ്രീലങ്കയ്ക്കെതിരായ മൽസരത്തിൽ തന്നെ ക്യാപ്റ്റനായി തിരഞ്ഞടുത്ത തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് മൽസരത്തിൽ സഞ്ജു കാഴ്ചവച്ചത്. മൂന്നാം വിക്കറ്റിൽ ഓപ്പണർ ജീവൻജോത് സിങ്ങിനൊപ്പം 68 റൺസിന്റെ കൂട്ടുകെട്ടു തീർത്ത സഞ്ജു, നാലാം വിക്കറ്റിൽ മലയാളി താരം തന്നെയായ രോഹൻ പ്രേമിനൊപ്പം 71 റൺസും കൂട്ടുച്ചേർത്തു. രോഹൻ പ്രേം 61 പന്തിൽ അ‍ഞ്ച് ബൗണ്ടറി ഉൾപ്പെടെ 39 റൺസെടുത്ത് പുറത്തായി. അഞ്ചാം വിക്കറ്റിൽ ബി.സന്ദീപിനൊപ്പം സഞ്ജു 85 റൺസിന്റെ കൂട്ടുകെട്ടും തീർത്തു.

ബി.സന്ദീപ് 33 റൺസോടെയും ജലജ് സക്സേന 20 റൺസോടെയും പുറത്താകാതെ നിന്നു. 74 പന്തുകൾ നേരിട്ട സന്ദീപും 50 പന്തുകൾ നേരിട്ട സക്സേനയും മൂന്നു വീതം ബൗണ്ടറികളും സ്വന്തമാക്കി. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും 32 റൺസ് കൂട്ടിച്ചേർത്തു. ബോർഡ് പ്രസിഡന്റ് ഇലവൻ, രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ രണ്ടിന് 89 റണ്‍സ് എന്ന നിലയിലായിരുന്നു.

ഒരു ഘട്ടത്തിൽ രണ്ടിന് 31 റൺസ് എന്ന നിലയിലായിരുന്ന ബോർഡ് പ്രസിഡന്റ് ഇലവനെ, സഞ്ജുവും ജിവൻജോതും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു. 99 പന്തിൽ മൂന്നു ബൗണ്ടറികൾ ഉൾപ്പെടെ 35 റൺസെടുത്ത ഓപ്പണർ ജിവൻജോതിനെ ദിൽറുവാൻ പെരേരയാണ് മടക്കിയത്. തൻമയ് അഗർവാൾ, ആകാശ് ഭണ്ഡാരി എന്നിവരാണ് പുറത്തായ മറ്റ് ബോർഡ് പ്രസിഡന്റ് ഇലവൻ അംഗങ്ങൾ. 22 പന്തിൽ മൂന്നു ബൗണ്ടറിയുൾപ്പെടെ 16 റൺസെടുത്ത തൻമയ് അഗർവാളിനെ ലഹിരു തിരിമാന്നെ എൽബിയിൽ കുരുക്കി. അഞ്ചു പന്തിൽ മൂന്നു റൺസെടുത്ത ആകാശ് ഭണ്ഡാരിയെയും തിരിമാന്നെയാണ് മടക്കിയത്.

നേരത്തെ, നാലു മുൻനിര ബാറ്റ്സ്മാൻമാരുടെ അർധസെഞ്ചുറിയുടെ മികവിലാണ് ശ്രീലങ്ക മികച്ച സ്കോർ പടുത്തുയർത്തിയത്. ആദ്യദിനം ആറു വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടിയ ഇതേ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. സധീര സമരവിക്രമ (74), ദിമുത് കരുണരത്ന (50), എയ്ഞ്ചലോ മാത്യൂസ് (54), നിരോഷൻ ദിക്‌വെല്ല (73 നോട്ടൗട്ട്) എന്നിവരാണ് അർധസെഞ്ചുറി കണ്ടെത്തിയത്.

related stories