Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിമ്മിനെ പൊണ്ണത്തടിയനും കുള്ളനുമെന്ന് വിളിച്ചോ?: ‘വയസ്സൻ’ ട്രംപിന്റെ മറുപടി

USA-TRUMP/TRIP-POPE

ദാനാങ് (വിയറ്റ്നാം) ∙ പ്രായക്കൂടുതലിന്റെ പേരിൽ പരിഹസിച്ച ഉത്തര കൊറിയയ്ക്കും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനും തക്ക മറുപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വീറ്റ്. തന്നെ ‘വയസ്സൻ’ എന്നു വിശേഷിപ്പിച്ച ഉത്തര കൊറിയൻ പ്രതിനിധിയുടെ പരാമർശത്തോടാണ് ഉത്തര കൊറിയൻ പ്രസിഡന്റിനെ തന്നെ ഉന്നമിട്ട് ട്രംപ് പ്രതികരിച്ചത്. കിം ജോങ് ഉൻ ‘കുള്ളനും പൊണ്ണത്തടിയനു’മാണെന്നു പറയാതെ പറഞ്ഞായിരുന്നു ട്രംപിന്റെ ട്വീറ്റ്.

‘കിം ജോങ് ഉന്നിനെ ഞാൻ ഒരിക്കലും കുള്ളനും പൊണ്ണത്തടിയനുമെന്നു വിളിച്ചിട്ടില്ലെന്നിരിക്കെ, അയാളെന്തിനാണ് എന്നെ വയസ്സൻ എന്നു വിളിക്കുന്നത്. നോക്കൂ, അയാളുടെ സുഹൃത്താകാനാണ് എന്റെ തീവ്രശ്രമം – ഏതെങ്കിലും ഒരു കാലത്ത് അതു സംഭവിക്കുമായിരിക്കും’ – ട്രംപ് ട്വീറ്റ് ചെയ്തു.

ഏഷ്യൻ സന്ദർശനത്തിനിടെ ഉത്തര കൊറിയയ്ക്കെതിരെ ട്രംപ് ഭീഷണി മുഴക്കിയപ്പോൾ, ‘ട്രംപിനെപ്പോലൊരു വൃദ്ധനായ ഭ്രാന്തന്റെ ജൽപനങ്ങൾക്കു തങ്ങളെ ഭയപ്പെടുത്താനോ മുന്നേറ്റത്തെ തടയാനോ സാധിക്കില്ലെ’ന്ന് ഉത്തര കൊറിയ പ്രതികരിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കിം ജോങ് ഉന്നിനെ ‘കുള്ളനും പൊണ്ണത്തടിയനു’മെന്ന് ട്രംപ് പരോക്ഷമായി പരിഹസിച്ചത്. അതേസമയം, തന്റെ ഉയരത്തെക്കുറിച്ചു കിം ജോങ് ഉന്നിനു ബാല്യത്തിൽ അപകർഷതാബോധം ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ മാതൃസഹോദരി വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണു ട്രംപിന്റെ പരിഹാസമെന്നു കരുതുന്നു.

നേരത്തെ, ഏഷ്യൻ സന്ദർശനത്തിന്റെ അവസരത്തിൽ ലോക സമാധാനത്തെയും കെട്ടുറപ്പിനെയും വെല്ലുവിളിക്കുന്ന ട്രംപിന്റെയുള്ളിലെ സമൂല ‘വിനാശകാരി’ പുറത്തുചാടിയതായി ഉത്തര കൊറിയൻ വിദേശകാര്യ വക്താവ് അഭിപ്രായപ്പെട്ടിരുന്നു. കൊറിയൻ മുനമ്പിൽ ആണവയുദ്ധം ക്ഷണിച്ചുവരുത്താൻ ട്രംപ് പരമാവധി ശ്രമിച്ചതായും വിദേശകാര്യ പ്രതിനിധി വിമർശിച്ചു. വിദേശകാര്യ പ്രതിനിധിയുടെ വിമർശനങ്ങൾ ഉൾപ്പെടുന്ന പ്രസ്താവന ഉത്തര കൊറിയൻ വാർത്താ ഏജൻസിയാണു പുറത്തുവിട്ടത്.

ഉത്തര കൊറിയയുടെ അയൽരാജ്യവും യുഎസിന്റെ സഖ്യരാജ്യവുമായ ദക്ഷിണ കൊറിയയിലും ട്രംപ് സന്ദർശനം നടത്തിയിരുന്നു. യുഎസിനെ വിലകുറച്ചു കണ്ട് അപകടം ക്ഷണിച്ചുവരുത്തരുതെന്നും ദക്ഷിണ കൊറിയയിൽവച്ച് ട്രംപ് ഉത്തര കൊറിയയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു. 12 ദിവസത്തെ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ട്രംപിന്റെ ദക്ഷിണ കൊറിയ സന്ദർശനം. ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയ ട്രംപ് നിലവിൽ വിയറ്റ്നാമിലാണുള്ളത്. ഇതിനുശേഷം ഫിലിപ്പീന്‍സും സന്ദർശിച്ചശേഷമേ യുഎസിലേക്കു മടങ്ങൂ.