Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊലപാതകം: തൃശൂരിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ

Crime Scene തൃശൂരിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ആനന്ദ്. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

തൃശൂർ∙ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെത്തുടർന്നു സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഗുരുവായൂര്‍, ഗുരുവായൂര്‍ ക്ഷേത്രം, പാവറട്ടി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന ഗുരുവായൂര്‍ നഗരസഭ, ചാവക്കാട് നഗരസഭയുടെ ഏട്ടാം വാര്‍ഡ്, കണ്ടാണശ്ശേരി, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവളളി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കലക്ടര്‍ ചൊവ്വാഴ്ച വരെ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചോ, അഞ്ചിലധികമോ ആളുകള്‍ കൂട്ടം കുടി നില്‍ക്കാനോ, ജാഥ പ്രകടനം, പൊതുയോഗം എന്നിവ നടത്തുവാനോ പാടുളളതല്ലെന്നും നിർദേശമുണ്ട്. കല്ല്യാണം, മറ്റു പരമ്പരാഗത മതാനുഷ്ഠാനങ്ങള്‍ തുടങ്ങിയ പൊലീസിന്റെ അനുമതിയോടെ നടത്താമെന്നും നിർദേശിച്ചിട്ടുണ്ട്.

കൊലപാതകത്തില്‍ പ്രതിഷേധിച്ചു ഗുരുവായൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഹർത്താൽ ആചരിച്ചു. വീട്ടിലേക്കു പോകുംവഴി ഞായറാഴ്ച ഉച്ചയോടെയാണ് നെന്മിനി സ്വദേശി ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തിനൊപ്പം ആനന്ദ് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം തെറിച്ചുവീണ ആനന്ദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആനന്ദിന്റെ കൊലപാതകത്തെ ചൊല്ലി ബിജെപിയും സിപിഎമ്മും വീണ്ടും നേര്‍ക്കു‌നേർ പോരാടുന്ന സാഹചര്യമാണിപ്പോഴുണ്ടായിരിക്കുന്നത്‍. മതമൗലികവാദികളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ചു ജില്ലയില്‍ വ്യാപകമായി പ്രകടനങ്ങള്‍ നടന്നു.

അതേസമയം, കൊലപാതകത്തില്‍ പങ്കില്ലെന്നാണു സിപിഎം നിലപാട്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടെ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഒരു കാരണവശാലും പ്രവര്‍ത്തകര്‍ മുതിരില്ലെന്നാണു സിപിഎം പറയുന്നത്. കൊലപാതക സംഘത്തില്‍ കൊല്ലപ്പെട്ട ഫാസിലിന്റെ സഹോദരനുണ്ടെന്ന നിഗമനത്തിലാണു പൊലീസിന്റെ അന്വേഷണം. മൂന്നംഗ സംഘമാണു കൊല നടത്തി മുങ്ങിയതെന്നാണു സൂചന. പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

സിപിഎം പ്രവർത്തകൻ ഫാസിലിനെ വെട്ടിക്കൊന്ന കേസിൽ രണ്ടാം പ്രതിയാണ് ആനന്ദ്. നവംബർ നാലിനായിരുന്നു ഫാസില്‍ കൊല്ലപ്പെട്ടതിന്റെ വാർഷികം. അടുത്തിടെയാണ് ആനന്ദ് ജാമ്യത്തിലിറങ്ങിയത്.

സഹജസ്വഭാവമായ കൊലപാതകം അവസാനിപ്പിക്കാൻ സിപിഎം തയാറല്ല എന്നതിന്റെ സൂചനയാണ് ആനന്ദിന്റെ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.