Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ ചൈനാക്കടൽ വിഷയം പരിഹരിക്കാൻ മധ്യസ്ഥനാകാം: ഡോണൾഡ് ട്രംപ്

Trump---Tran-Dai-Quang ഡോണൾഡ് ട്രംപ് വിയറ്റ്നാം പ്രസിഡന്റിനൊപ്പം.

ഹാനോയ് (വിയറ്റ്നാം)∙ ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട തർക്കവിഷയത്തിൽ പ്രശ്നപരിഹാരത്തിനു മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഷ്യാ സന്ദർശനത്തിന്റെ ഭാഗമായി വിയറ്റ്നാമിലെത്തിയപ്പോഴാണു ട്രംപ് ‘മധ്യസ്ഥത’ വാഗ്ദാനം ചെയ്തത്. താൻ വളരെ മികച്ച തർക്കപരിഹാരകനും മധ്യസ്ഥനുമാണെന്ന് ട്രംപ് അവകാശപ്പെട്ടു.

ചൈനയും വിയറ്റ്നാമുമാണു ദക്ഷിണ ചൈനാക്കടലിന്റെ ഉമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിലെ പ്രധാന കക്ഷികൾ. ഫിലിപ്പീൻസ്, തയ്‌വാൻ, മലേഷ്യ, ബ്രൂണയ് തുടങ്ങിയ രാജ്യങ്ങളും ദക്ഷിണ ചൈനാക്കടലിൽ അവകാശവാദമുന്നയിച്ചു രംഗത്തുണ്ട്. വളരെയധികം ധാതുസമ്പത്തുള്ള മേഖലയെന്ന നിലയിൽ യുഎസിനും രഹസ്യതാൽപര്യങ്ങളുള്ള പ്രദേശമാണു ദക്ഷിണ ചൈനാക്കടൽ.

വിയറ്റ്നാം പ്രസിഡന്റ് ട്രാൻ ദായ് ക്വാങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മധ്യസ്ഥനാകാനുള്ള സന്നദ്ധത ട്രംപ് അറിയിച്ചത്. പ്രശ്നപരിഹാരത്തിനു തന്റെ മധ്യസ്ഥത ആവശ്യമുണ്ടെങ്കിൽ അറിയിക്കാൻ അദ്ദേഹം വിയറ്റ്നാം പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. ദക്ഷിണാ ചൈനാക്കടലിലെ അവകാശം ഉറപ്പിക്കാൻ ചൈന നടത്തുന്ന നീക്കങ്ങളെ തുറന്നെതിർക്കുന്ന രാജ്യമാണ് വിയറ്റ്നാം. ഇവിടെ ചൈനയുടെ നേതൃത്വത്തിൽ നടക്കുന്ന കൃത്രിമദ്വീപ് നിർമാണവും ഇവിടം സൈനിക താവളമാക്കി വികസിപ്പിക്കാനുള്ള ശ്രമവും പലപ്പോഴും രൂക്ഷമായ തർക്കത്തിന് ഇടയാക്കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ‘മധ്യസ്ഥത’ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ട്രംപിന്റെ രംഗപ്രവേശം. നേരത്തെ, ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂഡേർട്ടും ഇക്കാര്യത്തിൽ ചൈനയ്ക്കെതിരെ പരസ്യ നിലപാടുകളുമായി രംഗത്തുണ്ടായിരുന്നെങ്കിലും അടുത്തിടെയായി അദ്ദേഹം ചൈനയുമായി അടുക്കുന്ന കാഴ്ചയാണു ദൃശ്യമാകുന്നത്. ഇതോടെ, ദക്ഷിണ ചൈനാക്കടൽ വിഷയത്തിൽ ചൈനയ്ക്കെതിരെ വിയറ്റ്നാം ഉയർത്തുന്ന തർക്കം, ഒറ്റപ്പെട്ട ശബ്ദമായി മാറുകയും ചെയ്തു. ഇടയ്ക്കു തർക്കപ്രദേശത്തു വിയറ്റ്നാം നടത്തിവന്നിരുന്ന എണ്ണപര്യവേക്ഷണത്തിനെതിരെ എതിർപ്പുമായി ചൈന രംഗത്തെത്തിയിരുന്നു.

തർക്കമുന്നയിച്ച് ആറു രാജ്യങ്ങള്‍

പതിനാലു ചെറുദ്വീപുകൾ ഉൾപ്പെട്ട സ്പാർട്‌ലി ദ്വീപുകൾക്കുമേൽ ചൈന, തയ്‌വാൻ, മലേഷ്യ, ബ്രൂണയ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ അവകാശം ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഇതു മുഴുവൻ തങ്ങളുടേതാണെന്നു ചൈന അവകാശപ്പെടുന്നു. ദക്ഷിണ ചൈനാക്കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ അധീനതയിലാണെന്നും ഇവിടത്തെ ദ്വീപുകൾ തങ്ങളുടേതാണെന്നുമുള്ള ചൈനയുടെ അവകാശവാദത്തെ ബ്രൂണയ്, മലേഷ്യ, ഫിലിപ്പീൻസ്, തയ്‌വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ എതിർക്കുന്നതാണ് ഇവിടെ സംഘർഷം മുറുകാൻ കാരണം. വൻതോതിൽ എണ്ണ, വാതക നിക്ഷേപമുള്ളതാണ് ഈ മേഖല.

തർക്കമേഖലയിലെ ദ്വീപുകളിൽ സൈനിക സംവിധാനങ്ങൾ കെട്ടിപ്പടുത്തുവരികയാണു ചൈന ഇപ്പോൾ. എണ്ണ, വാതക പാടങ്ങളാൽ സമ്പന്നമായ ഈ മേഖല, മൽസ്യസമൃദ്ധിക്കും സുപ്രസിദ്ധമാണ്.

ചൈനയുടെ ഒൻപതു വര

∙ ദക്ഷിണ ചൈനാക്കടലിന്റെ ഭൂപടത്തിൽ ഒൻപതു വരകളിട്ട് ചൈന പണ്ടേ ഒരു വര വരച്ചിട്ടുണ്ട്. ആ പരിധിയിൽ വരുന്ന എല്ലാ സ്ഥലങ്ങളും ചൈനയുടേതാണ്! 1948ൽ ചൈന തയാറാക്കിയ ഈ ‘ഒൻപതു വര’യ്ക്ക് ഒരു നിയമസാധുതയുമില്ലെന്നു കഴിഞ്ഞ വർഷം ഹേഗിലെ ആർബിട്രേഷൻ കോടതി വിധിച്ചിരുന്നു. എന്നാൽ, ദക്ഷിണ ചൈനാക്കടലിലുള്ള അവകാശത്തിനു 2000 വർഷത്തെ പഴക്കമുണ്ടെന്നാണു ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വാദം.

∙ ദക്ഷിണ ചൈനാക്കടൽ അവകാശത്തർക്കത്തിലുള്ള രാജ്യങ്ങൾ: ചൈന, ഫിലിപ്പീൻസ്, വിയറ്റ്നാം, തായ്‌വാൻ, മലേഷ്യ, ബ്രൂണയ്

∙ വിലപിടിച്ച വ്യാപാരപാത; കപ്പൽമുഖാന്തരമുള്ള പ്രതിവർഷ വ്യാപാരം അഞ്ചുലക്ഷം കോടി ഡോളർ.

∙ പരിസ്ഥിതി നാശം

സ്പ്രാറ്റ്ലി ദ്വീപസമൂഹങ്ങളിലെ ചൈനീസ് ഇടപെടൽ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും നാശം വരുത്തിയതായി ഹേഗിലെ ആർബിട്രേഷൻ കോടതി വിധിച്ചിരുന്നു.