Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവസ്വം ബോർഡിന്റെ കാലാവധി ചുരുക്കിയ ഓർഡിനൻ‌സ് ഗവർണർ മടക്കി

p-sadasivam-15

തിരുവനന്തപുരം∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി ചുരുക്കിയ സർക്കാർ ഓർഡിനൻസ് ഗവർണർ പി. സദാശിവം മടക്കി. ബോർഡ് അംഗങ്ങളുടെ കാലാവധി മൂന്നു വർഷത്തിൽനിന്നു രണ്ടു വർഷമാക്കുന്നതിനുള്ള ഓർഡിനൻസാണ് ഗവർണർ മടക്കിയത്. ദേവസ്വം ആക്ട് സംബന്ധിച്ച ചില കാര്യങ്ങളിൽ വിശദീകരണം ചോദിച്ചാണ് ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ മടക്കിയത്.

ശബരിമല മണ്ഡല, മകരവിളക്ക് സീസൺ തുടങ്ങാൻ നാലു ദിവസം മാത്രം ശേഷിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസി‍ഡന്റിനെയും അംഗത്തെയും പുറത്താക്കികൊണ്ടുള്ള ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്നു ബിജെപി ഗവർണറോട് അഭ്യർഥിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആവശ്യം ഗവർണറോട് ഉന്നയിച്ചിരുന്നു.

ഓർഡിനൻസ് ഇറക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാൻ കഴിഞ്ഞദിവസം ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണു തീരുമാനിച്ചത്. ബോർഡ് പ്രസി‍ഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗം അജയ് തറയിൽ എന്നിവർ രണ്ടുവർഷം കാലാവധി പൂർത്തിയാക്കാനിരിക്കെ ആയിരുന്നു 1950ലെ തിരുവിതാംകൂർ - കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.

കോൺഗ്രസ് നോമിനികളായ പ്രയാറും അജയ് തറയിലും ഒരേ ദിവസമാണു ചുമതലയേറ്റത്. അതേസമയം സിപിഎം നോമിനിയും എംഎൽഎമാരുടെ പ്രതിനിധിയുമായ കെ. രാഘവൻ ബോർഡ് അംഗമായിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. പട്ടിക വിഭാഗത്തിൽപ്പെട്ട അംഗമാണ് ഇദ്ദേഹം.

ഓർഡിനൻസ് വീണ്ടും ഗവർണർക്ക് അയയ്ക്കരുത്: കുമ്മനം

തിരുവനന്തപുരം: ഗവർണർ തിരിച്ചയച്ച ദേവസ്വം ഓർഡിനൻസ് വീണ്ടും ഗവർണർക്ക് അയയ്ക്കാൻ സർക്കാർ തയാറാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഓർഡിനൻസ് ഇറക്കി ഭരണസമിതിയെ പിരിച്ചുവിടേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഗവർണർ ഓർഡിനൻസ് മടക്കി അയച്ചത്. ദേവസ്വം ബോർഡിനെ പിരിച്ചുവിട്ട നടപടി ജനവികാരം മനസ്സിലാക്കി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.