Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാണവും മാനവുമുണ്ടെങ്കിൽ സർക്കാർ രാജി വയ്ക്കണം: എം.ടി.രമേശ്

M.T. Ramesh

കൊച്ചി∙ മന്ത്രി തോമസ് ചാണ്ടിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് ഹൈക്കോടതിയുടെ പരാമർശങ്ങളെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. അതിനാൽ തോമസ് ചാണ്ടിയല്ല മുഖ്യമന്ത്രിയാണ് രാജി വയ്ക്കേണ്ടത്. ഹൈക്കോടതി സർക്കാരിനെ വേമ്പനാട്ട് കായലിൽ മുക്കി കൊന്നിരിക്കുകയാണ്. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞ സർക്കാരിന് ഇനി തുടരാൻ അവകാശമില്ല. നാണവും മാനവുമുണ്ടെങ്കിൽ സർക്കാർ രാജി വയ്ക്കണമെന്നും രമേശ് ആവശ്യപ്പെട്ടു

മന്ത്രിസഭയിലെ അംഗം സർക്കാരിനെതിരെ ഹൈക്കോടതിയിൽ പോയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാൻ ഇടത് മുന്നണി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ട് നാലു ദിവസം കഴിഞ്ഞു. നടപടിയെടുക്കാതെ മന്ത്രിയെ കോടതിയിൽ പോകാൻ അനുവദിച്ചത് മുഖ്യമന്ത്രിയാണ്. ഇത്രയും നാണം കെട്ട ഒരു സർക്കാർ സമീപകാലത്ത് കേരളത്തിലുണ്ടായിട്ടില്ല. തോമസ് ചാണ്ടിക്കെതിരെ സംസാരിക്കാൻ പോലും ഭയക്കുന്ന മുഖ്യമന്ത്രി മലയാളികൾക്ക് അപമാനമാണ് – രമേശ് കൂട്ടിച്ചേർത്തു. 

തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം പേയ്മെന്റ് സീറ്റായതിനാലാണ് മുഖ്യമന്ത്രി വാ തുറക്കാത്തത്. ആ പണം തിരികെ ചോദിക്കുമെന്ന് ഭീതിയാണ് മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കൾക്ക്. അതുകൊണ്ടാണ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാൻ ആർക്കും സാധിക്കാത്തത്. ആദർശം തോമസ് ചാണ്ടിക്ക് പണയം വെച്ച ഇടതു മുന്നണി കേരളാ രാഷ്ട്രീയത്തിൽ അപ്രസക്തമായെന്നും എം.ടി.രമേശ് കൊച്ചിയിൽ പറഞ്ഞു.

related stories