Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടിച്ചുനിൽക്കാൻ അവസാനനിമിഷം വരെ ശ്രമം, ഒടുക്കം രാജി; മന്ത്രിസഭയിലും വിമർശനം

Thomas Chandy

തിരുവനന്തപുരം∙ കായൽ കയ്യേറ്റ വിഷയത്തിൽ രാജിയൊഴിവാക്കാൻ അവസാന നിമിഷം വരെ ശ്രമിച്ചശേഷമാണ് തോമസ് ചാണ്ടി രാജിവച്ചത്. ഇടതുമുന്നണിയിൽ പൊട്ടിത്തെറി രൂക്ഷമായതിനെത്തുടർന്ന്, മന്ത്രി തൽക്കാലത്തേക്കു മാറിനിൽക്കാമെന്ന് എൻസിപി മുഖ്യമന്ത്രിയെ അറിയിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ രാജിയല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നതോടെയാണ് സംഗതികൾ ചാണ്ടിയുടെ കൈവിട്ടുപോയത്. മുഖ്യമന്ത്രിയെ കൈവിടില്ലെന്ന പ്രതീക്ഷയും അമിത ആത്മവിശ്വാസവുമാണ് തോമസ് ചാണ്ടിയെ രാജിയിലേക്ക് എത്തിച്ചത്.

രാജി വൈകരുതെന്ന് മന്ത്രിസഭായോഗത്തിൽ മന്ത്രിമാർ

അതേസമയം, തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് മന്ത്രിസഭായോഗത്തിൽ ഭൂരിഭാഗം മന്ത്രിമാരും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തീരുമാനം വൈകരുത്. ഒരു മന്ത്രിയെച്ചൊല്ലി സർക്കാർ ഒരു മാസമായി പ്രതിസന്ധിയിലാണെന്നു ജി. സുധാകരൻ പറഞ്ഞു. തോമസ് ചാണ്ടി വിചാരിച്ചാൽ ഒരു മിനിറ്റു കൊണ്ട് അത് ഒഴിവാക്കാം. തീരുമാനം വൈകരുതെന്നും സുധാകരൻ ആവശ്യപ്പെട്ടു. മന്ത്രി മാത്യു ടി. തോമസും സുധാകരനെ പിന്തുണച്ചു സംസാരിച്ചു. എല്ലാവർക്കും ഒരേ അഭിപ്രായമാണോ എന്നു മുഖ്യമന്ത്രി ചോദിച്ചു. എന്നാൽ മന്ത്രിമാരിൽ പലരും അഭിപ്രായം വ്യക്തമാക്കിയില്ല.

മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാതെ സിപിഐ മന്ത്രിമാർ

തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സിപിഐ തങ്ങളുടെ മന്ത്രിമാരെ മന്ത്രിസഭായോഗത്തിൽ പങ്കെടുപ്പിച്ചില്ല. തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാൽ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അവർ മുഖ്യമന്ത്രിയെ അറിയിച്ചു. രാവിലെ യോഗത്തിനെത്തിയ മന്ത്രിമാർ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ മുറിയിൽ ഒന്നിച്ചുകൂടി. പിന്നീട് തോമസ് ചാണ്ടി യോഗത്തിനെത്തുമെന്ന വിവരത്തെത്തുടർന്ന് ആരും മന്ത്രിസഭാ യോഗത്തിനായി മുറിയിൽ പ്രവേശിച്ചില്ല. അതിനിടെ, തോമസ് ചാണ്ടിയുടെ രാജിക്ക് ഉപാധി അംഗീകരിക്കില്ലെന്നു സിപിഐ വ്യക്തമാക്കി. ഇക്കാര്യം മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചു.

തലസ്ഥാനത്തു തിരക്കിട്ട കൂടിയാലോചനകൾ

തോമസ് ചാണ്ടിയുടെ ഹർജിയിൽ ഹൈക്കോടതി വാക്കാൽ രൂക്ഷ പരാമർശം നടത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ രാത്രി എകെജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തിയിരുന്നു. കായൽ കയ്യേറ്റത്തിൽ ഹൈക്കോടതി പരാമർശവും തോമസ് ചാണ്ടിയുടെ രാജിയും ചർച്ചയിൽ വിഷയമായതായാണു സൂചന. സന്ധ്യയോടെയാണു പിണറായി വിജയൻ എകെജി സെന്ററിലെത്തിയത്. ഡൽഹിക്കു പോകാനിരുന്ന ഗതാഗതമന്ത്രി യാത്ര റദ്ദാക്കിയാണു തിരുവനന്തപുരത്തെത്തിയത്.

പിന്തുണ ആവർത്തിച്ച് എൻസിപി ദേശീയ നേതൃത്വം

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടില്ലെന്ന് എൻസിപി ദേശീയ നേതൃത്വം ഇന്നലെ രാത്രിയും വ്യക്തമാക്കി. വിധിയുടെ പ്രത്യാഘാതങ്ങൾ പഠിച്ചതിനുശേഷമായിരിക്കും നടപടിയെന്നു പ്രഫുൽ പട്ടേൽ പറഞ്ഞു. പൊതു പ്രവർത്തകൻ ഏറ്റവും സത്യസന്ധത പുലർത്തണമെന്നാണു പാർട്ടിയുടെ നിലപാട്. മുഖ്യമന്ത്രിയുമായും എൽഡിഎഫ് നേതൃത്വവുമായും പാർട്ടി നേതാക്കൾ ചർ‌ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക്...?

ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റിട്ട് ഹർജിയുടെ ഉള്ളടക്കം പരിശോധിക്കാതെ തള്ളിയ നടപടിയടക്കം ചോദ്യം ചെയ്തേക്കുമെന്നാണു വിവരം.

കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജിയാണ് അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയത്. സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ കലക്ടര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും പരസ്പരപൂരകമായ രണ്ട് വിധിന്യായങ്ങളിലൂടെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വ്യക്തമാക്കി.