Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മലപ്പുറം മന്ത്രിയും’ രാജിവയ്ക്കും: സർക്കാരിന് ‘മുന്നറിയിപ്പു’മായി കെ.സുരേന്ദ്രൻ

K Surendran

കോട്ടയം∙ തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ മറ്റൊരു രാജി കൂടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മുന്നറിയിപ്പ്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന് തോമസ് ചാണ്ടിയെ രക്ഷിക്കാൻ പറ്റിയില്ലെന്നതാണുസത്യം. ഒരു മാലിന്യം കൂടി പുറത്തുപോയെന്നു ജനങ്ങൾക്ക് ആശ്വസിക്കാം. വരുംമാസങ്ങളിൽ ‘മലപ്പുറം മന്ത്രി’ അടക്കം പലരുടെയും രാജി പ്രതീക്ഷിക്കാമെന്നും സുരേന്ദ്രൻ സമൂഹമാധ്യമത്തിലെ കുറിപ്പിൽ അഭിപ്രായപ്പെട്ടു.

കെ.സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം: 

നിൽക്കക്കള്ളിയില്ലാതെയാണ് ഈ രാജി. തോമസ് ചാണ്ടിയേക്കാൾ കൂടുതൽ അവഹേളിതനായതു പിണറായി വിജയനാണ്. പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടും പിണറായിക്കു തോമസ് ചാണ്ടിയെ രക്ഷിക്കാൻ പറ്റിയില്ല എന്നതാണു സത്യം. കോടതിയിൽ തോറ്റു തുന്നംപാടിയതുകൊണ്ടാണ് തോമസ് ചാണ്ടിക്കു രാജിവയ്ക്കേണ്ടി വന്നത്.

ഒരു രാഷ്ട്രീയ സദാചാരത്തിന്റെ വർത്തമാനവും സർക്കാരിന് അവകാശപ്പെടാനില്ല. രാജി വച്ചില്ലായിരുന്നെങ്കിൽ സർക്കാരിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാവുമായിരുന്നു. കൊടുക്കൽ വാങ്ങലുകളുടെ എന്തെല്ലാം കണക്കുകളാണ് ഇനി പുറത്തുവരാനുള്ളതെന്നേ അറിയാൻ ബാക്കിയുള്ളൂ. ഏതായാലും ഒരു മാലിന്യം കൂടി പുറത്തുപോയി എന്ന് ജനങ്ങൾക്ക് ആശ്വസിക്കാം. മലപ്പുറം മന്ത്രി അടക്കം പലരുടേയും രാജി വരും മാസങ്ങളിൽ നമുക്കു പ്രതീക്ഷിക്കാം.