Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്തുവല്ല, ഷീ ചിൻപിങ്ങാണ് രക്ഷകൻ; പ്രചാരണവുമായി ചൈനീസ് ഭരണകൂടം

Xi jinping

ബെയ്ജിങ്∙ ദാരിദ്ര്യത്തിൽനിന്നു ജനങ്ങളെ രക്ഷിക്കാൻ ക്രിസ്തുവിനല്ല പ്രസിഡന്റ് ഷീ ചിൻപിങ്ങിനു മാത്രമേ സാധിക്കൂവെന്ന പ്രചാരണവുമായി ചൈനീസ് ഭരണകൂടം. ക്രിസ്ത്യാനികൾക്കിടയിലാണ് ക്രിസ്തുവിനെയും ഷീയെയും താരതമ്യം ചെയ്തുള്ള പ്രചാരണങ്ങൾ നടക്കുന്നത്. പ്രാദേശിക ഭരണകൂടത്തിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണിത്. ക്രിസ്ത്യാനി വീടുകളിൽ കർത്താവിനു പകരം ഷീ ചിൻപിങ്ങിന്റെ ചിത്രം സ്ഥാപിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

2020നകം ദാരിദ്ര്യം അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തിലാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിസി) പ്രവർത്തനം. കഴിഞ്ഞ ദിവസം യുഗാനിലെ ക്രിസ്ത്യൻ കുടുംബങ്ങളിൽ സിപിസി അംഗങ്ങൾ സന്ദർശനം നടത്തിയിരുന്നു. ദാരിദ്ര്യത്തിൽനിന്നു രക്ഷപ്പെടാൻ വീടുകളിൽ ക്രിസ്തുവിനു പകരം ഷീയുടെ ചിത്രങ്ങള്‍ സ്ഥാപിക്കാൻ പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടതായാണു വിവരം. ക്രിസ്തുവിന്റെ ചിത്രങ്ങൾ, സുവിശേഷ വാക്യങ്ങൾ, കുരിശുകൾ തുടങ്ങിയവ മാറ്റണമെന്നാണ് ഭരണകൂടത്തിന്റെ നിർദേശമെന്ന് ഹോങ്കോങ്ങിലെ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടു ചെയ്തു.

അതേസമയം, തങ്ങളുടെ സന്ദർശനത്തിന്റെ ഫലമായി അറുനൂറോളം വരുന്ന ഗ്രാമവാസികൾ മതവിശ്വാസത്തിൽ‌നിന്ന് മോചിതരായെന്ന് സിപിസി അവകാശപ്പെട്ടു. വീടുകളിലുണ്ടായിരുന്ന മതഗ്രന്ഥങ്ങൾ‌, പെയിന്റിങ്ങുകൾ തുടങ്ങിയവ മാറ്റി ഷീയുടെ 453 ചിത്രങ്ങൾ‌ ഇവിടെ സ്ഥാപിച്ചു. അടുത്ത മാർച്ചുവരെ ക്രിസ്ത്യാനികൾക്കിടയിൽ പ്രചാരണം നടത്തുന്നതിനാണു തീരുമാനം. ദാരിദ്ര്യം തുടച്ചുനീക്കുന്നതിനു സർക്കാർ എന്തൊക്കെ ചെയ്തതെന്നു ക്രിസ്ത്യാനികളെ ബോധ്യപ്പെടുത്തി. ഷീ ചെയ്ത കാര്യങ്ങളും അവരോടു വ്യക്തമാക്കും.

ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് പല കുടുംബങ്ങളും പട്ടിണിയിലേക്കു തള്ളപ്പെടുന്നത്. കർത്താവ് അസുഖങ്ങൾ മാറ്റുമെന്നാണ് ചിലർ കരുതുന്നതെന്നു ദാരിദ്ര്യനിർമാർജന പദ്ധതിയുടെ ചുമതലയുള്ള ക്വി യാൻ പറഞ്ഞു. എന്നാൽ കമ്യൂണിസ്റ്റു പാർട്ടിക്കും ഷീക്കും മാത്രമേ നിങ്ങളെ സഹായിക്കാൻ കഴിയൂവെന്നു ഞങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കി. അറിവല്ലാത്തവരാണ് ഇവരിൽ പലരും. ദൈവമാണ് രക്ഷകനെന്നാണ് കരുതുന്നത്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിക്കു മാത്രമേ അവരെ രക്ഷിക്കാൻ കഴിയൂവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ക്വി യാൻ വ്യക്തമാക്കി.

ചിയാൻഷി പ്രവിശ്യയിലെ യുഗാനിൽ ജനസംഖ്യയിൽ പത്തു ശതമാനവും ക്രിസ്ത്യാനികളാണ്. ചൈനയിലെ ജനങ്ങളിൽ 11 ശതമാനം സർക്കാർ‌ കണക്കനുസരിച്ച് ദാരിദ്രരേഖയ്ക്കു കീഴിലാണ്. മാവോ സെതുങ്ങിന്റേതു പോലെ വീടുകളിൽ ഷീയുടെ ചിത്രം സ്ഥാപിക്കുകയാണു പാർട്ടിയുടെ ലക്ഷ്യം. അറുപത്തിനാലുകാരനായ ഷീയുടെ പ്രത്യയശാസ്ത്രം പാർട്ടി ഭരണഘടനയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

related stories