Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

787 കോടി കിട്ടിയിട്ടും ഡൽഹിയെ ശുദ്ധിയാക്കാൻ ആം ആദ്മി ഉപയോഗിച്ചത് 93 ലക്ഷം

 Delhi Air Pollution

ന്യൂഡൽഹി∙ അന്തരീക്ഷ മലിനീകരണം ഗുരുതരമായി തുടരവേ, ഡൽഹി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ. രണ്ടു വർഷത്തിനിടെ പരിസ്ഥിതി സെസ് ആയി 787 കോടി രൂപ കിട്ടിയിട്ടും മലിനീകരണം കുറയ്ക്കാൻ ചെലവിട്ടത് 93 ലക്ഷം മാത്രം. വിവരാവകാശ മറുപടിയിലാണ് വലിയ അനാസ്ഥ പുറത്തുവന്നത്.

അരവിന്ദ് കേജ്‍‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിലേറിയ 2015 മുതലുള്ള കണക്കാണ് പരസ്യമായത്. ഇക്കാലത്തിനിടെ പരിസ്ഥിതി സെസ്സിൽ സർക്കാർ സ്വീകരിച്ചത് 787.12 കോടി രൂപ. അന്തരീക്ഷ മലിനീകരണം ഉൾപ്പെടെ പരിസ്ഥിത സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഇതിൽനിന്നു ചെലവഴിച്ചതാവട്ടെ 93 ലക്ഷവും. അതായത് 0.12 ശതമാനം മാത്രമെന്ന് സഞ്ജീവ് ജെയിനു ലഭിച്ച മറുപടി വ്യക്തമാക്കുന്നു.

ഇത്രയും പണം കയ്യിലുണ്ടായിട്ടും ആം ആദ്മി സർക്കാർ പ്രസംഗിച്ച് ന്യായീകരിക്കുകയാണെന്ന വിമർശനവും ഇതോടെയുയർന്നിട്ടുണ്ട്. വായുശുദ്ധി സൂചിക 400 എന്ന ഗുരുതര അളവിലെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ട്രക്കുകൾക്കും ഭാരവാഹനങ്ങൾക്കും ഡൽഹിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ വിളവെടുത്ത പാടങ്ങളിൽ തീയിട്ടതാണ് ഡൽഹിയിലെ മലിനീകരണത്തോത് കൂടാനിടയാക്കിയതെന്ന് എന്നായിരുന്നു കേജ്‍രിവാളിന്റെ ആരോപണം.

കഴിഞ്ഞയാഴ്ച മലിനീകരണം നിയന്ത്രണാതീതമായപ്പോൾ രാജ്യതലസ്ഥാനത്ത് ‘ആരോഗ്യ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങൾ ദിവസങ്ങളോളം അടച്ചിട്ടു. ആളുകൾ വീടുവിട്ട് പുറത്തേക്ക് ഇറങ്ങരുതെന്ന നിർദേശവും പുറപ്പെടുവിച്ചു. ഹെലികോപ്റ്റര്‍ വഴി വെള്ളം തളിച്ച് മലിനീകരണം ലഘൂകരിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണത്തിന് സർക്കാർ ആലോചിച്ചെങ്കിലും നടപ്പാക്കിയില്ല.