Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗതികിട്ടാതെ ഗതാഗത വകുപ്പു മന്ത്രിമാർ; ഇതുവരെ രാജിവച്ചത് എട്ടുപേർ

Kerala Legislative Assembly

കോട്ടയം∙ കടക്കെണിയിൽ നിന്ന് ഒരിക്കലും കരകയറാനാകാതെ വട്ടംചുറ്റുന്ന കെഎസ്ആർടിസിയുടെ അതേ അവസ്ഥയാണ് അതിന്റെ തലപ്പത്തെത്തുന്ന മന്ത്രിമാർക്കും. വിവാദച്ചുഴികളിൽപ്പെട്ടാണ് മന്ത്രിമാർ നട്ടംതിരിയുന്നതെന്നു മാത്രം. തോമസ് ചാണ്ടിയും ആ വിവാദവഴിയിൽ കാലിടറി വീണതോടെ ഗതാഗതമന്ത്രിയായിരിക്കെ ഇതു വരെ രാജിവച്ചത് എട്ടു പേർ.

തോമസ് ചാണ്ടിയെ കൂടാതെ ആർ.ബാലകൃഷ്ണപിള്ള (കേരള കോൺഗ്രസ്), കെ.കെ.ബാലകൃഷ്ണൻ (കോൺഗ്രസ്), പി.ആർ.കുറുപ്പ് (ജനതാദൾ), എ.നീലലോഹിതദാസൻ നാടാർ (ജനതാദൾ), കെ.ബി.ഗണേശ്കുമാർ (കേരള കോൺഗ്രസ്– ബി), മാത്യു ടി.തോമസ് (ജനതാദൾ– എസ്), എ.കെ.ശശീന്ദ്രൻ (എൻസിപി) എന്നിവരാണ് പലപ്പോഴായി രാജി വച്ചൊഴിഞ്ഞത്. ആർ.ബാലകൃഷ്ണപിള്ളയ്ക്കു രണ്ടു തവണ രാജി വയ്ക്കേണ്ടി വന്നു– 1976ലും 1995ലും.

ഐക്യകേരള രൂപീകരണത്തിനു ശേഷം സംസ്ഥാനത്ത് ഇതുവരെ രാജി വച്ച മന്ത്രിമാരുടെ എണ്ണം അൻപതും കടന്നു മുന്നേറുകയാണ്:

∙ 1962: പൊതുമരാമത്തുമന്ത്രി ഡി. ദാമോദരൻ പോറ്റിയും റവന്യൂ മന്ത്രി എം.പി. ഗോവിന്ദൻ നായരും രാജി വച്ചതാണ് കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടതിനു ശേഷം ഒരു മന്ത്രിസഭയിൽ നിന്നുണ്ടായ ആദ്യ രാജി. രണ്ടു പേരുടെയും രാജി ഒരേദിവസമായിരുന്നു–ഒക്ടോബർ എട്ടിന്. ആർ.ശങ്കര്‍ മന്ത്രിസഭയിലായിരുന്നു ഇത്.

∙ 1964: ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോ രാജി വച്ചു. 

∙ 1967: കേരളം കണ്ട ആദ്യത്തെ കൂട്ടരാജി– ഇഎംഎസ് മന്ത്രിസഭയില്‍ നിന്നു രാജിവച്ചൊഴിഞ്ഞത്‌ സി.എച്ച്. മുഹമ്മദ്കോയ, ആർ. കുറുപ്പ്, പി.കെ. കുമാരൻ,എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ്, ബി. വെല്ലിംഗ്ടൺ, ടി.കെ. ദിവാകരൻ എന്നിവർ.

∙ 1970: ധനമന്ത്രിയായിരുന്ന എൻ.കെ.ശേഷൻ, കൃഷിമന്ത്രി ഒ.കോരൻ രാജിവച്ചു.

∙ 1971: അച്യുതമേനോൻ മന്ത്രിസഭയിൽ മന്ത്രിമാരുടെ എണ്ണം കുറയ്ക്കാൻ പി.കെ.രാഘവൻ, പി.എസ്.ശ്രീനിവാസൻ, എൻ.ഇ.ബലറാം എന്നിവർ രാജി വച്ചു.

∙ 1976: ലോക്സഭാംഗമായിരിക്കെ മന്ത്രിയായ ആർ.ബാലകൃഷ്ണ പിള്ള ആറുമാസത്തിനുള്ളിൽ നിയമസഭാംഗമാകാൻ സാധിക്കാത്തതിനാൽ രാജിവച്ചു.  

∙ 1977– 1978: ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കി; ആഭ്യന്തര മന്ത്രിയായിരുന്ന കെ.എം. മാണിയും വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയും രാജിവെച്ചു. 

∙ 1977: രാജൻ കേസിൽ ഹൈക്കോടതിയിൽനിന്ന് പരാമർശമുണ്ടായതിനെത്തുടർന്ന് മുഖ്യമന്ത്രി കെ. കരുണാകരൻ. 

∙ 1978: സിപിഐ മന്ത്രിമാരെ മാറ്റി നിയമിച്ചതിനെത്തുടർന്ന് ജെ.ചിത്തരഞ്ജൻ, കാന്തലോട്ട് കുഞ്ഞമ്പു 

∙ 1979: കേരള കോൺഗ്രസിലെ പിളർപ്പും അനുബന്ധ പ്രശ്നങ്ങളും; കെ.എം.മാണി രാജിവച്ചു. 

∙ 1981: നായനാർമന്ത്രിസഭയ്ക്കു പിന്തുണ പിൻവലിച്ചുകൊണ്ട് മാണി, ബാലകൃഷ്ണപിള്ള, ലോനപ്പൻ നമ്പാടൻ എന്നിവരുടെ രാജി. 

∙ 1982-87: വീണ്ടും കൂട്ടരാജി. മന്ത്രിസഭയുടെ കാലയളവിൽ രാജിവച്ചു പോയത് എട്ടുപേർ– കെ.കെ. ബാലകൃഷ്ണൻ, എം.പി.ഗംഗാധരൻ, ആർ. ബാലകൃഷ്ണപിള്ള, സി.വി.പദ്മരാജൻ, സിറിയക് ജോൺ, വയലാർ രവി, കെ.ജി.ആർ. കർത്ത, എൻ. ശ്രീനിവാസൻ.

∙ 1987:  ജനതാപാർട്ടിയിലെ ആഭ്യന്തര പ്രശ്നം കാരണം എം.പി.വീരേന്ദ്ര കുമാറിന്റെ രാജി. മന്ത്രിയായിരുന്നത് രണ്ടു ദിവസം മാത്രം.

∙ 1995: ഇടമലയാർ കേസിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതിനെ തുടർന്ന് ആർ.ബാലകൃഷ്ണ പിള്ളയുടെ രാജി.

∙ 1999: ജനതാദളിലെ ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് ഗതാഗത മന്ത്രി പി.ആർ.കുറുപ്പ് രാജി വച്ചു.

2000: മന്ത്രി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഗതാഗത സെക്രട്ടറി നളിനി നെറ്റോയുടെ പരാതിയെ തുടർന്ന് എ.നീലലോഹിതദാസൻ നാടാരുടെ രാജി.

∙ 2001: ഇത്തവണ രാജിവച്ചത് ഇ.കെ. നായനാർ സർക്കാരിൽ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ.

∙ 2003: ഗ്രാഫൈറ്റ് കേസിൽ കുറ്റവിമുക്തനായ ആർ.ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം നൽകാൻ മകൻ ഗണേശ് കുമാറിന്റെ രാജി.

∙ 2005: ചന്ദന മാഫിയ കേസിലെ കോടതി പരാമർശത്തെത്തുടർന്ന് വനം മന്ത്രി കെ.പി. വിശ്വനാഥന്റെ രാജി. 

∙ 2005: ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജി.

∙ 2006: അഴിമതി ആരോപണത്തിൽപ്പെട്ടു കെ.കെ. രാമചന്ദ്രൻ മാസ്റ്ററുടെ രാജി.

∙ 2006: വിമാനയാത്രാ വിവാദത്തിൽപ്പെട്ട് പൊതുമരാമത്തു മന്ത്രി പി.ജെ. ജോസഫിന്റെ രാജി. ജോസഫിനു പകരം മന്ത്രിയായ ടി.യു.കുരുവിള മക്കളുടെ ഭൂമി ഇടപാട് വിവാദത്തെത്തുടർന്നു 2007ൽ രാജിവച്ചു. 

∙ 2009: പി.ജെ ജോസഫ് കുറ്റവിമുക്തനായതോടെ മോൻസ് ജോസഫ് രാജിവച്ച് സ്ഥാനം ഒഴിഞ്ഞുകൊടുത്തു.

∙ 2009: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജനതാദളിനു നിഷേധിച്ചതിൽ പ്രതിഷേധിച്ച് മാത്യു ടി.തോമസിന്റെ രാജി.

∙ 2010: കേരള കോൺഗ്രസ് (ജെ) മാണി ഗ്രൂപ്പിൽ ലയിക്കാൻ തീരുമാനിച്ചതിനെത്തുടർന്നു പി. ജെ. ജോസഫ് രാജിവച്ചു. 

∙ 2013: കുടുംബപ്രശ്നങ്ങൾ വിവാദമായതിനെത്തുടർന്ന് കെ.ബി. ഗണേഷ്കുമാറിന്റെ രാജി.

∙ 2013: ഒളികാമറ വിവാദത്തെത്തുടർന്ന് ജോസ് തെറ്റയിൽ.

∙ 2015: ബാർ കോഴക്കേസിൽ കോടതിയുടെ പ്രതികൂല പരാമർശത്തെത്തുടർന്ന് മന്ത്രി കെ.എം.മാണിയുടെ രാജി.

∙ 2016: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന്റെ രാജി

∙ 2017: ഫോണിൽ സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന വിവാദത്തെ തുടർന്ന് എ.കെ.ശശീന്ദ്രന്റെ രാജി.

related stories