Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗത്തിനെത്താതെ സിപിഐ, വിമർശിച്ച് മുഖ്യമന്ത്രി; നേർക്കുനേർ പോരാട്ടം

Pinarayi Vijayan

തിരുവനന്തപുരം∙ അഴിമതി ആരോപണം ഉയർന്നത് ഘടകകക്ഷി മന്ത്രിക്കെതിരെ, ഇടഞ്ഞത് സിപിഎമ്മും സിപിഐയും. തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിസഭായോഗത്തിൽനിന്നു വിട്ടുനിന്ന സിപിഐ മന്ത്രിമാരുടെ നടപടിയിലെ അതൃപ്തി സിപിഐ നേതൃത്വത്തെ സിപിഎം അറിയിച്ചു. അസാധാരണമായ നടപടിയെന്നു മുഖ്യമന്ത്രിയും തുറന്നു പറഞ്ഞു. എന്നാൽ, നേരത്തെ കത്തു നൽകിയതിനു ശേഷമാണു വിട്ടുനിന്നതെന്നും ഇതിൽ അസ്വഭാവികതയില്ലെന്നും സിപിഐ നേതൃത്വം വ്യക്തമാക്കുന്നു.

മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുമെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചതോടെയാണ് സിപിഐ നേതൃത്വം കൂടിയാലോചന തുടങ്ങിയത്. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തി. ധിക്കാരപരമായ നിലപാട് സ്വീകരിച്ചു മന്ത്രിസഭയുടെ പ്രതിച്ഛായ മോശമാക്കിയ തോമസ് ചാണ്ടിക്കൊപ്പം യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന സന്ദേശമാണ് കാനം നൽകിയത്. ഇതേതുടർന്നു രാവിലെ സിപിഐ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കേസിന്റെ കാര്യങ്ങൾ റവന്യുമന്ത്രി മറ്റു മന്ത്രിമാരെ അറിയിച്ചു. തുടർന്നു കത്ത് മുഖ്യമന്ത്രിക്കു കൈമാറി.

സിപിഐയുടെ ഈ നീക്കം സിപിഎം പ്രതീക്ഷിച്ചിരുന്നതല്ല. എന്നാൽ, ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കു മുതിരേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. മന്ത്രിസഭയെ ബാധിക്കുന്ന വിഷയങ്ങളുണ്ടാകുമ്പോൾ സിപിഐ സ്വീകരിക്കുന്ന നിലപാട് സർക്കാരിനെ സമ്മർദത്തിലാക്കുന്നതായി സിപിഎം വിലയിരുത്തുന്നു. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് അംഗീകരിക്കാനാകില്ല. മന്ത്രിസഭായോഗ തീരുമാനങ്ങൾ ചോരുന്നതിനു പിന്നിലും സിപിഐ ആണെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്. എന്നാൽ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന നടപടികളിലേക്കു തൽക്കാലമില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

സിപിഎമ്മിന്റെ വിമർശനത്തിൽ കഴമ്പില്ലെന്നാണ് സിപിഐയുടെ വിശദീകരണം. മന്ത്രിസഭായോഗത്തിൽനിന്ന് മന്ത്രിമാർ വിട്ടുനിൽക്കുന്നത് ആദ്യമല്ല. 1967ൽ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന ബി.വെല്ലിങ്ടണിനെതിരായി അഴിമതി ആരോപണം ഉയർന്നപ്പോൾ എം.എൻ.ഗോവിന്ദൻനായരടക്കമുള്ളവർ മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിന്ന കാര്യം സിപിഐ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

തോമസ് ചാണ്ടിക്കെതിരെ സിപിഐ ഒരു നീക്കവും നടത്തിയിട്ടില്ലെന്നും നിയമപരമായ നടപടികൾ ആ വഴിക്ക് പോകുക മാത്രമാണുണ്ടായതെന്നും റവന്യു വകുപ്പും വ്യക്തമാക്കുന്നു. തോമസ് ചാണ്ടിക്കെതിരെ കലക്ടറുടെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നില്ല. ഭൂമി നികത്തിയവർക്കെതിരെ നടപടി വേണമെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. നികത്തിയത് വാട്ടർവേൾഡ് കമ്പനിയാണെങ്കിൽ അവർക്കെതിരെയാണ് നടപടി ഉണ്ടാകുക. എന്നാൽ, മന്ത്രിയുടെ ധിക്കാരപരമായ നടപടികൾ കോടതിയുടെ വിമർശനം ക്ഷണിച്ചുവരുത്തുകയായിരുന്നെന്നും അതിനു സിപിഐയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും റവന്യുമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നു. കലക്ടറുടെ റിപ്പോർട്ടിൽ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ പറയുന്നു.

related stories