Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജിവച്ചു വീട്ടിലിരിക്കുമെന്ന് അന്നു തൊണ്ടയിടറി പറഞ്ഞു, അതുതന്നെ സംഭവിച്ചു

Thomas Chandy

നിയമവിരുദ്ധമായി ഒരു സെന്റ് ഭൂമി തരപ്പെടുത്തിയെന്നു തെളിഞ്ഞാൽ മന്ത്രിസ്ഥാനമല്ല, എംഎൽഎ സ്ഥാനവും രാജിവച്ചു വീട്ടിൽ പോയിരിക്കുമെന്നു നിയമസഭയിൽ തൊണ്ടയിടറി പറഞ്ഞിരുന്നു മന്ത്രി തോമസ് ചാണ്ടി. റിസോർട്ടിലേക്കുള്ള റോഡ് നിർമാണത്തിലും കായൽ കയ്യേറ്റത്തിലും ചർച്ച ആളിക്കത്താൻ തുടങ്ങിയ സമയത്തായിരുന്നു അത്. അന്നു തുടങ്ങിയ വിവാദങ്ങളും വാദപ്രതിവാദങ്ങളും ഒടുവിൽ എത്തിനിന്നത് മന്ത്രിയുടെ രാജിയിൽ. ആ നാൾവഴികളിലൂടെ...

2017 മാർച്ച് 26: ഫോൺ കെണിക്കേസിൽ പെട്ട് ഗതാഗത മന്ത്രിസ്ഥാനത്തു നിന്ന് എ.കെ.ശശീന്ദ്രന്റെ രാജി.

ഏപ്രിൽ 01: ഗതാഗത മന്ത്രിയായി തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ.

ഓഗസ്റ്റ് 16: മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്കുള്ള റോഡ് നിർമാണം സംബന്ധിച്ചു ഹാർബർ എൻജിനീയറിങ് വകുപ്പും മാർത്താണ്ഡം കായൽ കയ്യേറിയെന്ന ആരോപണത്തെക്കുറിച്ചു റവന്യൂ വകുപ്പും അന്വേഷണം തുടങ്ങി. ലേക് പാലസ് റിസോർട്ട് നിർമാണം ആലപ്പുഴ നഗരസഭയും അന്വേഷിക്കാൻ തീരുമാനം.

ഓഗസ്റ്റ് 17: നിയമവിരുദ്ധമായി ഒരു സെന്റ് ഭൂമി തരപ്പെടുത്തിയെന്നു തെളിഞ്ഞാൽ മന്ത്രിസ്ഥാനമല്ല, എംഎൽഎ സ്ഥാനവും രാജിവച്ചു വീട്ടിൽ പോയിരിക്കുമെന്നു നിയമസഭയിൽ മന്ത്രി തോമസ് ചാണ്ടി. പ്രതിപക്ഷസംഘം തന്റെ റിസോർട്ട് ഉൾപ്പെടെ പരിശോധിച്ച് ആരോപണം തെളിയിക്കാനും തോമസ് ചാണ്ടിയുടെ വെല്ലുവിളി.

ഓഗസ്റ്റ് 18: മന്ത്രി ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിൽ നിലം നികത്തിയിട്ടുണ്ടോയെന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കലക്ടർ ടി.വി. അനുപമയ്ക്കു നഗരസഭാധികൃതരുടെ കത്ത്.

സെപ്റ്റംബർ 01: ലേക്ക് പാലസ് റിസോർട്ടിൽ ജില്ലാ കലക്ടർ അനുപമയുടെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും സന്ദർശനം.

സെപ്റ്റംബർ 05: ലാൻഡ് റവന്യു ഡപ്യൂട്ടി കലക്ടറോടു മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന കയ്യേറ്റങ്ങൾ സംബന്ധിച്ചു വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ.

സെപ്റ്റംബർ 08: ലേക്ക് പാലസ് റിസോർ‌ട്ടിനു സമീപത്തെ കൽക്കെട്ടു നിർമാണം സംബന്ധിച്ചു കലക്ടർ ജലവിഭവ വകുപ്പിന്റെ റിപ്പോർട്ട് തേടി. കൽക്കെട്ടു നിർമാണത്തിന്റെ ഭാഗമായി പാടശേഖരത്തിലെ നീർച്ചാലിനു സ്ഥാനമാറ്റം വന്നതായി സ്ഥല പരിശോധനയിൽ കണ്ടെത്തൽ.

സെപ്റ്റംബർ 22: തോമസ് ചാണ്ടിയുടെ റിസോർട്ട് നിർമാണത്തിൽ കായൽ കയ്യേറ്റവും ചട്ടലംഘനവും ഉണ്ടായെന്ന് ടി.വി.അനുപമയുടെ പ്രാഥമിക റിപ്പോർട്ട്. ലേക്ക് പാലസ് റിസോർട്ടിനടുത്തു പാർക്കിങ് സ്ഥലം നിർമിച്ചതു കായൽ നികത്തിയാണ്. ഇതു ഭൂനിയമ ലംഘനമാണ്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ‘വാട്ടർ വേൾഡ് ’കമ്പനിയാണു റിസോർട്ട് നിർമിച്ചത്. ഇവരോട് 26നു വിശദീകരണം നൽകാനും ആവശ്യം.

ഒക്ടോബർ 09: മാർത്താണ്ഡം കായൽഭൂമി കയ്യേറ്റത്തിന്റെ പേരിൽ തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. മന്ത്രി ഡയറക്ടറായുള്ള വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കയ്യേറിയ ഭൂമി തിരിച്ചു പിടിക്കണമെന്നും കയ്യേറ്റം കണ്ടെത്താൻ സർവേ നടത്തണമെന്നും ഹർജി.

ഒക്ടോബർ 22: കുട്ടനാട്ടിൽ മന്ത്രി തോമസ് ചാണ്ടിയുടെയും ബന്ധുവിന്റെയും ഭൂമി ഇടപാടുകളിൽ ഭൂസംരക്ഷണ നിയമവും നെൽവയൽ‌, തണ്ണീർ‌ത്തട നിയമവും ലംഘിച്ചതായും കയ്യേറ്റം സ്ഥിരീകരിച്ചതായും കലക്ടറുടെ റിപ്പോർട്ട്. ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി, മാർത്താണ്ഡം കായലിൽ സർക്കാർ പുറമ്പോക്കു കയ്യേറി നിലം നികത്തി. ഇവിടെ അഞ്ച് സെന്റ് വീതമുള്ള 64 പ്ലോട്ടുകൾ മണ്ണിട്ടു നികത്തിയപ്പോൾ ഇടയിലുള്ള ഒന്നര മീറ്റർ സർക്കാർ റോഡും നികത്തി.

ഒക്ടോബർ 24: കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മന്ത്രി തോമസ് ചാണ്ടിക്കെതിരെ ക്രിമിനൽ കേസിനു സാധ്യതയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയനെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. ചാണ്ടിക്കെതിരെ നടപടിയുമായി കലക്ടർ മുന്നോട്ടുപോകുമ്പോൾ തടയേണ്ടതില്ലെന്ന നിലപാടിൽ റവന്യു വകുപ്പ്. റിപ്പോർട്ടിൽ നിന്ന് എങ്ങനെ ഒഴിവാകാമെന്ന് നിയമോപദേശം തേടി തോമസ് ചാണ്ടി.

ഒക്ടോബർ 25: തോമസ് ചാണ്ടി പുറമ്പോക്കു കയ്യേറുകയും കായൽ നികത്തുകയും ചെയ്തെന്ന ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിന്മേൽ അഡ്വക്കറ്റ് ജനറൽ (എജി) സി.പി.സുധാകരപ്രസാദിന്റെ നിയമോപദേശം തേടാൻ സർക്കാർ തീരുമാനം.

ഒക്ടോബർ 27: കായൽ കയ്യേറ്റ കേസിൽ അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാൻ തന്നെ ഹാജരാകണമെന്ന റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ ആവശ്യം എജി തള്ളി. റവന്യു വിഷയങ്ങൾ ആരുടെയും തറവാട്ടുസ്വത്തല്ലെന്നും മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള േകസ് സ്റ്റേറ്റ് അറ്റോർണി കെ.വി.സോഹൻ തന്നെ തുടർന്നും കൈകാര്യം ചെയ്യുമെന്നും എജി. എന്നാൽ കേരളമാണ് തന്റെ തറവാടെന്നും വിഷയത്തിൽ ഇടപെടുമെന്നും മന്ത്രി. 

ഒക്ടോബർ 31: മാർത്താണ്ഡം കായലിലെ ഭൂമിയിലേക്കുള്ള വഴി ഇനിയും നികത്തുമെന്നു സിപിഐയുടെ ജനകീയയാത്രയിൽ മന്ത്രി തോമസ് ചാണ്ടി. അതൃപ്തി രേഖപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

നവംബർ 01: മാർത്താണ്ഡം കായലിലെ ഭൂമിയിലേക്കുള്ള വഴി ഇനിയും നികത്തുമെന്നു പരസ്യപ്രഖ്യാപനം നടത്തിയ മന്ത്രി തോമസ് ചാണ്ടിക്കു മുഖ്യമന്ത്രിയുടെ ശാസന. എങ്ങനെയെങ്കിലും പൊല്ലാപ്പുതീർക്കാൻ നോക്കുമ്പോൾ നിങ്ങൾ വെല്ലുവിളിച്ചു സ്വയം കുഴികുത്തി ചാടുകയാണോ എന്നും മുഖ്യമന്ത്രി. മന്ത്രി മാധ്യമങ്ങളോടു സംസാരിക്കുന്നതിനും വിലക്ക്.

നവംബർ 05: മന്ത്രി തോമസ് ചാണ്ടി നിലംനികത്തി റോഡ് നിർമിച്ചെന്ന ആരോപണത്തെക്കുറിച്ചു ത്വരിതാന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിനോടു കോട്ടയം വിജിലൻസ് കോടതി നിർദേശം. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ലേക്ക്പാലസ് റിസോർട്ടിലേക്കു കരിവേലിൽ പാടശേഖരത്തിലൂടെ ഒരു കിലോമീറ്റർ റോഡ് നിർമിച്ചെന്ന പരാതിയിലാണ് ഉത്തരവ്.

നവംബർ 06: തോമസ് ചാണ്ടി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചുവെന്നും ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലംഘിച്ചെന്നും കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട്. അഞ്ചുവർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം ചെയ്തതായും കണ്ടെത്തൽ. മാർത്താണ്ഡം കായലിലെ ഭൂമികയ്യേറ്റവും ലേക്ക് പാലസ് റിസോർട്ടിനു മുന്നിലെ നിലംനികത്തലും റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. മന്ത്രി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാർശ.

നവംബർ 06: എജിയുടെ റിപ്പോർട്ടിനു ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

നവംബർ 06: തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

നവംബർ 07: തോമസ് ചാണ്ടിയുമായി പിണറായിയുടെ അപ്രതീക്ഷിത ചർച്ച; ആരോപണങ്ങളുമായി ബന്ധപ്പെട്ടു തന്റെ ഭാഗം വ്യക്തമാക്കുന്ന ചില രേഖകൾ ചാണ്ടി മുഖ്യമന്ത്രിക്കു കൈമാറി.

നവംബർ 08: മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ കമ്പനിയുടെ മാർത്താണ്ഡം കായൽ കയ്യേറ്റത്തിൽ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന ഹർജി പരിഗണിക്കവെ സർക്കാരിനെതിരെ ഹൈക്കോടതി പരാമർശം– ‘സാധാരണക്കാരന്റെ ഭൂമി കയ്യേറ്റങ്ങളിൽ സർക്കാർ നടപടി തിടുക്കത്തിലുണ്ടാവില്ലേ? റോഡുവക്കിൽ താമസിക്കുന്നവരാണെങ്കിൽ ബുൾഡോസർ വച്ച് ഇടിച്ചുനിരത്തില്ലേ?നിയമത്തിന്റെ മുന്നിൽ എല്ലാവരും സമൻമാരാണ്’.

നവംബർ 09: മാർത്താണ്ഡം കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ തുടർനടപടി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയിൽ. റിപ്പോർട്ട് നിയമവിരുദ്ധം, സ്വേച്ഛാപരം; അപ്രസക്തമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു റിപ്പോർട്ടെന്നും വാദം.

നവംബർ 11: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം സ്ഥിരീകരിച്ച് അഡ്വക്കറ്റ് ജനറൽ. കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിനു നിയമസാധുതയുണ്ട്. കയ്യേറ്റം സംബന്ധിച്ച കണ്ടെത്തലുകൾ തള്ളിക്കളയാനാകില്ല. തുടർനടപടികൾ തീരുമാനിക്കേണ്ടത് സർക്കാരാണ്. ഹൈക്കോടതി വിധി വരുന്നതുവരെ കാത്തിരിക്കണോ വേണ്ടയോയെന്നതു സർക്കാരിനു തീരുമാനിക്കാമെന്നും എജി.

നവംബർ 12: മന്ത്രി തോമസ് ചാണ്ടി രാജിവച്ചൊഴിയണമെന്ന് ഇടതുമുന്നണി നേതൃയോഗം. ചാണ്ടി കൂടി പങ്കെടുത്ത യോഗത്തിലാണ് ആവശ്യം. വിഷയത്തിൽ എത്രയും പെട്ടെന്നു തീരുമാനമെടുത്ത് അറിയിക്കണമെന്ന് എൻസിപിയോടു മുഖ്യമന്ത്രി. രാജിവയ്ക്കാം, പക്ഷേ രണ്ടു വർഷം കഴിഞ്ഞെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ചാണ്ടിയുടെ മറുപടി.

നവംബർ 13: മന്ത്രി തോമസ് ചാണ്ടിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഒ.രാജഗോപാൽ എംഎൽഎയും ഗവർണർക്കു പരാതി നൽകി.

∙ മന്ത്രിസ്ഥാനത്ത് തുടരാൻ ചാണ്ടിക്ക് യോഗ്യതയില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ

∙തോമസ് ചാണ്ടി സ്വയം പുറത്തുപോകണമെന്നും ഇല്ലെങ്കിൽ പിടിച്ചിറക്കി വിടേണ്ടി വരുമെന്നും മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ

∙ തോമസ് ചാണ്ടിക്കുവേണ്ടി ഹാജരാകാൻ മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് രാജ്യസഭാംഗവും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ വിവേക് തൻഖ.

നവംബർ 14: തോമസ് ചാണ്ടിക്കെതിരെ കോടതി; നിയമത്തെ മാനിക്കുന്നെങ്കിൽ ദന്തഗോപുരത്തിൽ നിന്നിറങ്ങി സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നും പരാമർശം. 

നവംബർ 15: മുഖ്യമന്ത്രിയും മന്ത്രിമാരും കയ്യൊഴിഞ്ഞതിനെ തുടർന്ന് രാജി പ്രഖ്യാപിച്ചു