Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല: സിപിഐ

Thomas Chandy | Janayugom

തിരുവനന്തപുരം∙ തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നു സിപിഐ. രാജി ഉറപ്പാക്കാൻ മുഖ്യമന്ത്രിക്കു ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. നിരപരാധിയാണെന്നു തെളിയിക്കാൻ തോമസ് ചാണ്ടിക്ക് ആവശ്യത്തിലധികം സമയം ലഭിച്ചിരുന്നുവെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിലെ ‘തോമസ് ചാണ്ടി: എൽഡിഎഫ് രാഷ്ട്രീയം നേരിടുന്നത് കനത്ത വെല്ലുവിളി’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം വ്യക്തമാക്കുന്നു.

കായൽ കയ്യേറ്റ ആരോപണവും അതു കേരള രാഷ്ട്രീയത്തിൽ ഉയർത്തിയിരിക്കുന്ന വൻവിവാദങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അസ്തിത്വത്തിനുനേരെ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇനിയും ഈ ആരോപണത്തെ കേവലം മാധ്യമ അജൻഡയുടെ ഭാഗമായി അവഗണിക്കാൻ എൽഡിഎഫിനാകില്ല. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ടടക്കം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തോമസ് ചാണ്ടിയുടെ കമ്പനി ഗുരുതരമായ നിയമലംഘനമാണു നടത്തിയിരിക്കുന്നത്.

നിയമവാഴ്ചയെയും ഒരു ജനാധിപത്യ സമൂഹത്തിൽ കോടതിക്കുള്ള ചോദ്യം ചെയ്യപ്പെടാനാവാത്ത പങ്കിനെയും അംഗീകരിക്കുന്ന യാതൊരാൾക്കും ഇനി അധികാരത്തിൽ കടിച്ചുതൂങ്ങാനാകില്ല. ഒരു പൊതുപ്രവർത്തകനെന്ന പരിവേഷവും ഭരണഘടാനപരമായി അധികാരപദവി വഹിക്കുന്ന വ്യക്തിയെന്ന നിലയിലും അൽപ്പമെങ്കിലും രാഷ്ട്രീയവും സാമൂഹികവുമായ ഔചിത്യം തോമസ് ചാണ്ടിയിൽ അവശേഷിക്കുന്നുവെങ്കിൽ ഇനി ഒരു നിമിഷം പോലും അദ്ദേഹം മന്ത്രിപദവിയിൽ തുടരാൻ അർഹനല്ല.

തുടർന്നും മന്ത്രിപദവി നിലനിർത്തിക്കൊണ്ടു സുപ്രീം കോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെങ്കിൽ അതു കേരളത്തിലെ എൽഡിഎഫിനോടും സംസ്ഥാന സർക്കാരിനോടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായി മാത്രമേ വിലയിരുത്താനാകൂ. കേരളത്തിലെ ജനങ്ങളുടെ വിലുപമായ പിന്തുണയോടെ അധികാരത്തിലേറിയ എൽഡിഎഫ് ആ വെല്ലുവിളി തിരിച്ചറിയണമെന്നും സിപിഐ ആവശ്യപ്പെടുന്നു.