Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളത്തിനു കാശില്ല; 46 ലക്ഷത്തിന്റെ കാറുകൾ വാങ്ങി ദേവസ്വം ബോർഡിന്റെ ആഡംബരം

devaswom-car തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.രാഘവൻ ഉപയോഗിക്കുന്ന കാർ. ഒന്നര വർഷം മാത്രം പഴക്കമുള്ള ഇത് ഉപേക്ഷിച്ചാണു പുതിയ കാർ വാങ്ങുന്നത്.

തിരുവനന്തപുരം∙ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അടുത്ത മാസം ജീവനക്കാർക്കു ശമ്പളവും പെൻഷനും നൽകാൻ പണമില്ലാതിരിക്കെ, ബോർഡ് അംഗത്തിനായി 21 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങുന്നു. ഉപയോഗത്തിലുള്ള, ഒന്നര വർഷം മാത്രം പഴക്കമുള്ള ഇന്നൊവ കാർ ഉപേക്ഷിച്ചാണു സിപിഎം പ്രതിനിധിയായ ബോർഡ് അംഗം കെ.രാഘവനു വേണ്ടി ഇന്നൊവ ക്രിസ്റ്റ വാങ്ങുന്നത്.

തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ ഓംബുഡ്സ്മാനു വേണ്ടിയും ഇതേ കാർ വാങ്ങുന്നുണ്ട്. ഈ സർക്കാരാണു രാഘവനെ ബോർഡ് അംഗമാക്കിയത്. ഓംബുഡ്സ്മാനായ റിട്ട. ജസ്റ്റിസ് പി.ആർ.രാമനു നേരത്തേ സ്വിഫ്റ്റ് കാർ നൽകിയിരുന്നു. എന്നാൽ, സ്വന്തം കാർ ഉപയോഗിക്കാമെന്നു പറഞ്ഞ് അദ്ദേഹം അതു മടക്കി നൽകി. അപ്പോഴാണ് അദ്ദേഹത്തിനും പുതിയ കാർ വാങ്ങുന്നത്.

ഓരോ കാറിനും റജിസ്ട്രേഷൻ, ജിഎസ്ടി എന്നിവയടക്കം 23 ലക്ഷത്തിലേറെ രൂപ വരും. എല്ലാ വർഷവും ശബരിമല തീർഥാടന കാലയളവിൽ ലഭിക്കുന്ന വരുമാനത്തിൽനിന്നു 13 മാസത്തെ ശമ്പളത്തിനും പെൻഷനും തുല്യമായ തുക മുൻകൂറായി ബാങ്കിൽ നിക്ഷേപിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. അതു പ്രകാരം മാസം 18 കോടി രൂപ വീതം ഇതിനായി പ്രത്യേകം നിക്ഷേപിക്കുകയും ചെയ്തു.

എന്നാൽ ഈ നവംബർ, ഡിസംബർ, അടുത്ത ജനുവരി മാസങ്ങളിൽ ശമ്പളവും പെൻഷനും നൽകാൻ നിക്ഷേപിച്ച തുക ബോർഡ് വകമാറ്റി മരാമത്തു പണികൾക്കായി ചെലവിട്ടു. കരാറുകാരുടെ ബിൽ മാറാനായിരുന്നു ഇത്. കരാറുകാറിൽനിന്നു ചിലർ വൻ തുക ഈ ഇടപാടിലൂടെ കമ്മിഷനായി കൈപ്പറ്റിയെന്നും ആക്ഷേപമുണ്ട്. ഇതേക്കുറിച്ചു വിജിലൻസ് അന്വേഷണത്തിനു സർക്കാർ ആലോചിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധി: 21നു യോഗം

അടുത്ത മാസം ജീവനക്കാർക്കു ശമ്പളവും പെൻഷനും എങ്ങനെ നൽകുമെന്നു ബോർഡ് അധികൃതർക്ക് ഒരു ധാരണയുമില്ല. സാമ്പത്തിക സ്ഥിതി ചർച്ച ചെയ്യാൻ 21നു പ്രത്യേക ബോർഡ് യോഗം വിളിച്ചിട്ടുണ്ട്. അടുത്ത 15 ദിവസം ശബരിമലയിൽനിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ചു തൽക്കാലം പ്രതിസന്ധി മറികടക്കാമെന്നാണ് ആലോചന. ഒപ്പം, മരാമത്ത് പണികൾ നിർത്തി വയ്ക്കേണ്ടിയും വരും. 

related stories