Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഘടകകക്ഷി മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞതോടെ മന്ത്രിസഭ ഇല്ലാതായി: കുമ്മനം

Kummanam-Pinarayi

തിരുവനന്തപുരം ∙ കേരള രാഷ്ട്രീയത്തിൽ ഇടതുമുന്നണി ഇല്ലാതായിരിക്കുന്നു എന്നതാണ് തോമസ് ചാണ്ടിയുടെ രാജിയുടെ ബാക്കി പത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പിണറായി വിജയൻ സിപിഎമ്മിന്‍റെ മാത്രം മുഖ്യമന്ത്രിയാണെന്ന് ഘടകക്ഷികളാണ് വിളിച്ചു പറഞ്ഞത്. മന്ത്രിപദവിയിലിരുന്നുകൊണ്ട് സര്‍ക്കാരിന്‍റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വത്തിന്‍റെ  ലംഘനമാണെന്ന് തിരിച്ചറിയാന്‍ ഹൈക്കോടതി വിധി കാത്തിരിക്കേണ്ടതില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവന മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരായ കുറ്റപത്രമാണ്. മുന്നണിയെ നയിക്കുന്ന സിപിഎമ്മിന്‍റേയും മുഖ്യമന്ത്രിയുടേയും പിടിപ്പുകേടാണ് കാര്യങ്ങൾ വഷളാക്കിയതെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് കാനം.

മന്ത്രിപദവിയിലിരുന്നു കൊണ്ട് സർക്കാർ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തത്തിന്‍റെ ലംഘനമാണെന്ന് പറയുന്ന കാനം സിപിഐ മന്ത്രിമാര്‍ ചെയ്ത നടപടി എന്താണെന്ന് വിശദീകരിക്കണം. മുഖ്യമന്ത്രി വിളിച്ച ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കാതെ സമാന്തര യോഗം ചേർന്നത് ഏതു കൂട്ടുത്തരവാദിത്തത്തിന്‍റെ പേരിലാണെന്ന് അറിയാൻ ആഗ്രഹമുണ്ട്?. മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയ സിപിഐക്ക് ഇനി ആ മന്ത്രിസഭയിൽ തുടരാൻ ധാർമ്മിക അവകാശമുണ്ടോയെന്നും കാനം വ്യക്തമാക്കണം. 

രണ്ടാമത്തെ വലിയ കക്ഷി തന്നെ പരസ്യമായി മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞതോടെ ഇടതുമുന്നണി മന്ത്രിസഭ സാങ്കേതികമായി ഇല്ലാതായി. മന്ത്രിമാർ ക്യാബിനറ്റിനു കീഴ്പ്പെട്ട് പ്രവർത്തിക്കണമെന്ന ഭരണഘടനാ തത്വമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഈ അസാധാരണ സാഹചര്യത്തിൽ മന്ത്രിസഭ പിരിച്ചുവിടുകയാണ് ഏക പോംവഴിയെന്നും കുമ്മനം വ്യക്തമാക്കി.